നോട്ട് ദുരന്തം: ട്രഷറി ഭാഗികമായി സ്തംഭിച്ചു; ശമ്പളം മുടങ്ങില്ലെന്ന് തോമസ് ഐസക്

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ പെരുകുകയാണ്. ട്രഷറി ഭാഗികമായി സ്തംഭിച്ചു കഴിഞ്ഞു. എന്നാലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

നോട്ട് ദുരന്തം: ട്രഷറി ഭാഗികമായി സ്തംഭിച്ചു; ശമ്പളം മുടങ്ങില്ലെന്ന് തോമസ് ഐസക്കൊച്ചി: നോട്ടുകള്‍ അസാധുവാക്കിയത് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടിലേക്കു ശമ്പളം വിതരണം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതിസന്ധിയുണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും-പെന്‍ഷനും നല്‍കിയാലും പണം പിന്‍വലിക്കുന്നതിലെ നിയന്ത്രണങ്ങള്‍ ജനങ്ങളെ വലക്കുമെന്നും തോമസ് ഐസക് നാരദാന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്തെ ട്രഷറിസംവിധാനം സ്തംഭനാവസ്ഥയിലാണ്. പിന്‍വലിച്ച നോട്ടുകള്‍ വാങ്ങാന്‍ ട്രഷറിക്ക് അനുവാദമില്ല. നിക്ഷേപം ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കാന്‍ കഴിയുന്നത്. ബാങ്കുകളില്‍ നിന്ന് നോട്ടുകള്‍ ലഭിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാല്‍ ട്രഷറിയില്‍ നിന്ന് ആവശ്യക്കാര്‍ക്ക് പണം ക്യാഷായി നല്‍കുന്നതിലും ബുദ്ധിമുട്ട് നേരിടുകയാണെന്ന് ഐസക് പറഞ്ഞു.

സര്‍ക്കാരിന്റെ വരുമാനം കുത്തനെ ഇടിയുന്ന സാഹചര്യമുണ്ട്. നികുതി വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും, കണക്കുകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. പിന്‍വലിച്ച നോട്ടുകള്‍ ക്രയവിക്രയം ചെയ്യാന്‍ നവംബര്‍ 30 വരെയെങ്കിലും കേന്ദ്രസര്‍ക്കാര്‍ സാവകാശം നല്‍കണം. അപ്പോഴേക്കും പുതിയ നോട്ടുകള്‍ എത്തിക്കാന്‍ കേന്ദ്രത്തിന് കഴിയണമെന്നും ഐസക് പറഞ്ഞു.