മറ്റുളളവരുടെ അക്കൌണ്ടുകളിൽ കളളപ്പണം നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് ഏഴുവർഷം കഠിന തടവ്

രണ്ടര ലക്ഷം അക്കൌണ്ടിനു മുകളിലുളള നിക്ഷേപങ്ങളാണ് പ്രാഥമികമായി പരിശോധിക്കുക. എന്നാൽ സംശയമുണ്ടെന്ന് ബാങ്കുകൾ റിപ്പോർട്ടു ചെയ്താൽ അതിനുതാഴെയുളള നിക്ഷേപങ്ങളും പരിശോധിക്കാനാണ് വകുപ്പിന്റെ തീരുമാനം.

മറ്റുളളവരുടെ അക്കൌണ്ടുകളിൽ കളളപ്പണം നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് ഏഴുവർഷം കഠിന തടവ്

Delhi Bureau

കണക്കിൽപ്പെടാത്ത പണം മറ്റുളളവരുടെ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കുന്നത് ഏഴു വർഷം വരെ കഠിനതടവു ലഭിക്കാവുന്ന കുറ്റമാണെന്ന് ആദായനികുതി വകുപ്പ്. നോട്ടു പിൻവലിക്കലിനു ശേഷം വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ 200 കോടിയുടെ അനധികൃത സമ്പാദ്യമാണ് ആദായനികുതി വകുപ്പിന്റ ശ്രദ്ധയിൽപ്പെട്ടത്. അമ്പതു കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നവംബർ എട്ടിനു ശേഷം വൻതുകയുടെ നിക്ഷേപമുണ്ടായ അക്കൌണ്ടുകൾ കണ്ടെത്താൻ പരിശോധന നടത്താനൊരുങ്ങുകയാണ് വകുപ്പ്.


മറ്റാരുടെയെങ്കിലും പണമാണ് ഇത്തരം അക്കൌണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് എന്നു തെളിഞ്ഞാൽ 1988ലെ ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആക്ടു പ്രകാരം കേസെടുക്കും. ഇത്തരം തുക കണ്ടുകെട്ടാനും നിക്ഷേപകനും അയാൾക്ക് പണം നൽകിയ ആളിനുമെതിരെ കേസെടുക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

മറ്റുളളവരുടെ അക്കൌണ്ടുകളിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിച്ച് കളളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്ന കാര്യം സൂക്ഷ്മമായി ശ്രദ്ധിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) ആദായനികുതിവകുപ്പിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ശ്രദ്ധയിൽപ്പെട്ട അത്തരം കേസുകളിൽ ബിനാമി ആക്ടു പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പു വൃത്തങ്ങൾ പിടിഎയോട് വെളിപ്പെടുത്തി.

രണ്ടര ലക്ഷം അക്കൌണ്ടിനു മുകളിലുളള നിക്ഷേപങ്ങളാണ് പ്രാഥമികമായി പരിശോധിക്കുക. എന്നാൽ സംശയമുണ്ടെന്ന് ബാങ്കുകൾ റിപ്പോർട്ടു ചെയ്താൽ അതിനുതാഴെയുളള നിക്ഷേപങ്ങളും പരിശോധിക്കാനാണ് വകുപ്പിന്റെ തീരുമാനം.
പുതിയ നോട്ടുകൾ മടക്കി നൽകാമെന്ന വ്യവസ്ഥയിൽ മറ്റാരുടെയെങ്കിലും പക്കലുളള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ സ്വന്തം അക്കൌണ്ടിൽ നിക്ഷേപിച്ചാൽ അത്തരം ഇടപാടുകളെല്ലാം ബിനാമി വിനിമയത്തിന്റെ നിർവചനത്തിൽപെടുത്തും.

ആരാണോ അപ്രകാരം പണം നിക്ഷേപിക്കുന്നത്, അയാളെ സ്വത്തിന്റെ അനുഭവാവകാശമുളള ഉടമയായും ആരുടെ അക്കൌണ്ടിലാണോ നിക്ഷേപിക്കുന്നത് അയാളെ ബിനാമിദാറായും പരിഗണിച്ചാണ് കേസെടുക്കുക. കുറ്റം തെളിഞ്ഞാൽ ഇത്തരക്കാർക്ക് ഒന്നു മുതൽ ഏഴുവർഷം വരെ കഠിനതടവാണ് ശിക്ഷ. ഈ തുക മുഴുവൻ കണ്ടുകെട്ടാനും കുറ്റക്കാരിൽ 25 ശതമാനം പിഴ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

Read More >>