നോട്ടു പിൻവലിക്കൽമൂലം കളളപ്പണക്കാർക്ക് നഷ്ടമൊന്നും വരില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ്

ഏപ്രിൽ ഒന്നു മുതൽ ഒക്ടോബർ 31 വരെ ഈ സാമ്പത്തിക വർഷത്തിൽ 7700 കോടിയുടെ അനധികൃത സമ്പാദ്യമാണ് വെളിപ്പെട്ടത്. അതിൽ 408 കോടി രൂപ മാത്രമാണ് പണവിഹിതം. വെറും അഞ്ചു ശതമാനം

നോട്ടു പിൻവലിക്കൽമൂലം കളളപ്പണക്കാർക്ക് നഷ്ടമൊന്നും വരില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ്

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു പിൻവലിച്ചതുകൊണ്ട് സമ്പദ് വ്യവസ്ഥയിൽ കളളപ്പണം നീക്കം ചെയ്യാൻ കഴിയില്ലെന്ന് കണക്കുകൾ. ഗൂഢമായി ആർജിക്കുന്ന സമ്പാദ്യത്തിൽ പണമായി പൂഴ്ത്തിവെയ്ക്കുന്നത് തീരെച്ചെറിയ ശതമാനം മാത്രമാണെന്നാണ് കണക്കുകളുടെ വിശകലനത്തിൽ തെളിയുന്നത് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

2012-13 മുതലുളള ഇൻകം ടാക്സ് റെയിഡിന്റെ കണക്കുകളാണ് പത്രം വിശകലനം ചെയ്തത്.  വെളിപ്പെടുത്താത്ത വരുമാനത്തിന്റെ ആറു ശതമാനത്തിൽ താഴെയാണ് നികുതിവെട്ടിപ്പുകാരിൽ നിന്ന് ഇക്കാലയളവിൽ പണമായി പിടിച്ചെടുത്തത്. ഉദാഹരണമായി ഏപ്രിൽ ഒന്നു മുതൽ ഒക്ടോബർ 31 വരെ ഈ സാമ്പത്തിക വർഷത്തിൽ 7700 കോടിയുടെ അനധികൃത സമ്പാദ്യമാണ് വെളിപ്പെട്ടത്. അതിൽ 408 കോടി രൂപ മാത്രമാണ് പണവിഹിതം. വെറും അഞ്ചു ശതമാനം.


ബാക്കി ബിസിനസിലും ഓഹരിക്കമ്പോളത്തിലും റിയൽ എസ്റ്റേറ്റിലും ബിനാമി ബാങ്ക് അക്കൌണ്ടുകളിലുമുളള നിക്ഷേപങ്ങളായിരുന്നു. 2015-16ൽ പിടിച്ചെടുത്ത അനധികൃത സമ്പാദ്യത്തിലും പണവിഹിതം ആറു ശതമാനം മാത്രമായിരുന്നു. പണവും ആഭരണവും ഒറ്റ യൂണിറ്റായാണ് ഇൻകം ടാക്സ് കണക്കാക്കുന്നത് എന്നതിനാൽ യഥാർത്ഥ പണവിഹിതം ഇതിലും താഴെയായിരിക്കും. പലതരം ആസ്തികളായി അനധികൃത സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്നവരെ പുതിയ തീരുമാനം ഒട്ടും ആശങ്കപ്പെടുത്തുന്നില്ലെന്ന സർക്കാർ വിമർശകരുടെ വാദം ബലപ്പെടുത്തുന്ന വസ്തുതകളാണിവയൊക്കെ.

അനധികൃത സമ്പാദ്യത്തിൽ പണമായി സൂക്ഷിക്കുന്നത് അപകടസാധ്യതയേറിയ മാർഗമാണ്. ആയിരം രൂപ നോട്ടുകളായി ഒരു കോടി രൂപ സൂക്ഷിച്ചു വെയ്ക്കാൻ ഒരു ചതുരശ്ര അടി സ്ഥലം വേണം. തൂക്കം 13 കിലോ വരും. നൂറു കോടി രൂപയാകുമ്പോൾ, 1.3 ടൺ ഭാരം വരും. സ്ഥലം പല മടങ്ങായി ഉയരും. ഈ പണം കണ്ണിൽപ്പെടാതെ കൈകാര്യം ചെയ്യുക എന്നത് അത്യന്തം ശ്രമകരമായി മാറും. അതുകൊണ്ടുതന്നെ പണമായല്ല, റിയൽ എസ്റ്റേറ്റ് നിക്ഷേപമായോ നിഷ്ക്രിയമായ കമ്പനികളുടെ ആസ്തിയായോ ഒക്കെ ആയിട്ടാണ് അനധികൃത സമ്പാദ്യം സമ്പദ് വ്യവസ്ഥയിൽ കടത്തിവിടുന്നത് എന്ന് ധനമന്ത്രാലയത്തിലെ ഉന്നതർ വെളിപ്പെടുത്തുന്ന വിവരവും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

Read More >>