നോട്ടു പിൻവലിക്കപ്പെട്ടതോടെ വഴിമുട്ടിയ ജീവിതം; നവജാത ശിശുക്കളടക്കം ഇതിനകം നഷ്ടപ്പെട്ടത് ഇരുപത്തഞ്ചു ജീവൻ

മോദിയുടെ അപ്രതീക്ഷിത തീരുമാനത്തിന്റെ രക്തസാക്ഷിപ്പട്ടിക ഓരോ ദിവസം കഴിയുന്തോറും നീളുകയാണ്. പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്ന അമ്പതു ദിവസത്തെ സമയം കഴിയുമ്പോൾ ഇനിയെത്ര ജീവിതങ്ങൾ പൊലിഞ്ഞു തീരുമെന്നു പ്രവചിക്കുക അസാധ്യം.

നോട്ടു പിൻവലിക്കപ്പെട്ടതോടെ വഴിമുട്ടിയ ജീവിതം; നവജാത ശിശുക്കളടക്കം ഇതിനകം നഷ്ടപ്പെട്ടത് ഇരുപത്തഞ്ചു ജീവൻ

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ പിൻവലിക്കപ്പെട്ടതുമൂലം  ഇതിനകം ജീവൻ നഷ്ടപ്പെട്ടത് ഇരുപത്തഞ്ചു പേർക്ക്. അവരിൽ നിത്യജീവിതത്തിലുണ്ടായ വൈവിദ്ധ്യമാർന്ന പ്രതിസന്ധികൾക്കു മുന്നിൽ അടിയറ പറഞ്ഞ് ആത്മഹത്യ ചെയ്തവരുണ്ട്; മാതാപിതാക്കളുടെ കൈവശം പണമുണ്ടായിരുന്നിട്ടും മരുന്നും ചികിത്സയും കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുണ്ട്; കൊല്ലപ്പെട്ടവരും അപകടമരണം സംഭവിച്ചവരുമുണ്ട്;

മോദിയുടെ അപ്രതീക്ഷിത തീരുമാനത്തിന്റെ രക്തസാക്ഷിപ്പട്ടിക ഓരോ ദിവസം കഴിയുന്തോറും നീളുകയാണ്. പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്ന അമ്പതു ദിവസത്തെ സമയം കഴിയുമ്പോൾ ഇനിയെത്ര ജീവിതങ്ങൾ പൊലിഞ്ഞു തീരുമെന്നു പ്രവചിക്കുക അസാധ്യം.


കൊലപാതകം പശ്ചിമബംഗാളിൽ

എടിഎമ്മിലെ ക്യൂവിൽ നിന്ന് വെറുംകൈയോടെ മടങ്ങിയ ഭാര്യയെ കോപാകുലനായ ഭർത്താവ് കൊലപ്പെടുത്തിയ വാർത്ത റിപ്പോർട്ടു ചെയ്യപ്പെട്ടത് പശ്ചിമബംഗാളിലെ ഹൌറ ജില്ലയിൽനിന്നാണ്. ഭർത്താവ് ബ്രിജേഷ് തിവാരിയാൽ കൊല്ലപ്പെട്ടത് മധു തിവാരി. പണം കിട്ടുന്നതുവരെ ക്യൂ നിൽക്കാത്തതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് മധു തിവാരിയുടെ കൊലപാതകത്തിൽ കലാശിച്ചത്.

ചികിത്സയും മരുന്നും കിട്ടാതെ മരണപ്പെട്ട നവജാത ശിശുക്കൾ

മുംബെയിലെ ഗോവന്തിയിലാണ് ആശുപത്രി അധികൃതർ അഞ്ഞൂറു രൂപാ നോട്ടു സ്വീകരിക്കാൻ വിസമ്മതിച്ചതുമൂലം നവജാതശിശു മരണപ്പെട്ടത്. ജഗദീഷ് ശർമ്മ - കിരൺ ശർമ്മ ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുർഗതിയുണ്ടായത്. ഗോവന്തിയിലെ ജീവൻജ്യോത് ആശുപത്രിയിലെ ഡോക്ടറായ ശീതൾ കമ്മത്തിന്റെ പരിശോധനയിലായിരുന്നു ഗർഭിണിയായ കിരൺ ശർമ്മ. ഡിസംബർ ഏഴ് ആയിരുന്നു ഡോക്ടർമാർ പ്രതീക്ഷിച്ച പ്രസവത്തീയതി. എന്നാൽ നവംബർ ഒമ്പതിന് വീട്ടിൽ വച്ച് കിരൺ ശർമ്മ പ്രസവിച്ചു.

അമ്മയെയും കുഞ്ഞിനെയും വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്കപ്പുറം ചികിത്സ നൽകാൻ ജീവൻജ്യോത് ആശുപത്രി അധികൃതർ തയ്യാറായില്ല. ആറായിരം രൂപ കെട്ടിവച്ചാൽ മാത്രമേ ചികിത്സയുള്ളൂവെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്. മാതാപിതാക്കളുടെ കൈവശം അഞ്ഞൂറു രൂപാ നോട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതു സ്വീകരിക്കാൻ ആശുപത്രി വിസമ്മതിച്ചു. എടിഎം പൂട്ടിയതിനാൽ പണം മാറ്റിയെടുക്കാനും കഴിഞ്ഞില്ല. മറ്റൊരു ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് കുഞ്ഞു മരിച്ചു. മൂല്യമുള്ള നോട്ടുകൾ ഇല്ലാതെ തങ്ങളെങ്ങനെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്യുമെന്ന് ആശുപത്രി ഉടമയായ ഡോ. കമ്മത്ത് മുബൈ മിററിനോട് പച്ചയ്ക്കുതന്നെ ചോദിച്ചു.

വിശാഖപട്ടണത്തെ ഗജുവാകയിൽ ഐടിഐ വാച്ച്‌മാനായ അദാരി ഗണേഷിന്റെ പതിനെട്ടു മാസം പ്രായമായ മകൾ കൊമാലിയാണ് നോട്ടു പിൻവലിക്കൽ തീരുമാനത്തിന്റെ മറ്റൊരു രക്തസാക്ഷി. കടുത്ത പനിയെത്തുടർന്നാണ് കൊമാലി മരണപ്പെട്ടത്. ഗജുവാകയിലെ കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ടെസ്റ്റുകൾ നടത്താനോ മരുന്നു വാങ്ങാനോ കൊമാലിയുടെ പിതാവിന്റെ കൈവശമുണ്ടായിരുന്ന അഞ്ഞൂറും ആയിരവും നോട്ടുകൾ ഉപകാരപ്പെട്ടില്ല. പലരും സഹായിക്കാൻ സന്മനസു കാണിച്ചെങ്കിലും ആരുടെയും കൈവശം സ്വീകരിക്കപ്പെടുന്ന നോട്ടുകൾ ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്കകം കുട്ടി മരണമടഞ്ഞു.

ഉത്തർപ്രദേശിലെ പദംപൂർ വില്ലേജിലും സമാനമായ സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കടുത്ത പനിയെ തുടർന്ന് മെയിൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജു എന്നയാളിന്റെ ഒരു വയസുകാരനായ മകൻ കുശ് ആണ് മരണപ്പെട്ടത്. രാജുവിന്റെ കൈവശമുള്ള അഞ്ഞൂറു രൂപാ നോട്ട് സ്വീകരിക്കാൻ കഴിയില്ലെന്നും ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാനുമായിരുന്നു സ്വകാര്യ ആശുപത്രി അധികൃതരുടെ നിർദ്ദേശം. സർക്കാർ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് കുട്ടി മരണമടഞ്ഞു.

നഷ്ടപ്പെട്ട പണം സ്വീകരിക്കാൻ വിസമ്മതിച്ചതുമൂലം നവജാത ശിശു മരണപ്പെട്ടുവെന്ന ആരോപണം കേന്ദ്ര ടൂറിസം മന്ത്രി മഹേശ് ശർമ്മയ്ക്ക് ഉടമസ്ഥതയുണ്ട് എന്നു കരുതപ്പെടുന്ന പശ്ചിമ യുപിയിലെ കൈലാസ് ആശുപത്രിയ്ക്കെതിരെയും ഉയർന്നിട്ടുണ്ട്. അഭിഷേക് എന്നയാളുടെ കുട്ടിയാണ് പ്രസവിച്ച ഉടനെ മരണപ്പെട്ടത്. പതിനായിരം രൂപ അടയ്ക്കാൻ ആശുപത്രി അധികൃതർ ഇയാളോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ കൈവശമുണ്ടായിരുന്ന ആയിരം രൂപാ നോട്ടുകൾ സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നുമാണ് ആരോപണം.

അഞ്ഞൂറിന്റെ നോട്ടു സ്വീകരിക്കാൻ ആംബുലൻസിന്റെ ഡ്രൈവർ വിസമ്മതിച്ചതുമൂലമാണ് രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു പിതാവിന് നവജാത ശിശുവിനെ നഷ്ടമായത്. ബംഗാറിലെ സർക്കാർ ആശുപത്രിയിലാണ് ചമ്പാലാൽ മനീഷാ ദമ്പതികളുടെ ആദ്യത്തെ കുട്ടി പിറന്നത്. ജനിച്ചയുടനെ ശ്വാസതടസം നേരിട്ട കുട്ടിയെ വിദഗ്ദ്ധചികിത്സയ്ക്ക് ജോഡ്പൂരിലെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ അഞ്ഞൂറു രൂപ നോട്ട് സ്വീകരിക്കാൻ ആംബുലൻസ് ഡ്രൈവർ വിസമ്മതിച്ചതോടെ ചമ്പാലാൽ ചില്ലറയ്ക്കു നെട്ടോട്ടമോടി. ഏതാനും നൂറു രൂപാ നോട്ടുകളും സംഘടിപ്പിച്ചു തിരിച്ചെത്തിയപ്പോഴേയ്ക്കും കുഞ്ഞു മരിച്ചിരുന്നു.

ഇരട്ടപ്രഹരമേറ്റു ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷി

മോദിയുടെ തീരുമാനത്തിന്റെ ഇരട്ടപ്രഹരമേറ്റാണ് ബീഹാറിന്റെ കൈമൂർ ജില്ലയിലെ റാം അവാധ് അന്ത്യശ്വാസം വലിച്ചത്. നിശ്ചയദിവസം കൈമാറാമെന്നു സമ്മതിച്ച മകളുടെ സ്ത്രീധനത്തുകയായ 35000 രൂപ പഴയ നോട്ടുകളായതുകൊണ്ട് വരനും വീട്ടുകാരും സ്വീകരിക്കുമോ എന്ന ആധിയിൽ അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായി. നില വഷളായതിനെത്തുടർന്ന് കൂടുതൽ സൌകര്യമുള്ള ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. ബന്ധുക്കളുടെ കൈവശം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മാത്രമേ ഉള്ളൂവെന്ന കാരണം പറഞ്ഞ് വരാണസിയിലെ മൂന്ന് ആശുപത്രികളാണ് റാം അവധിന് ചികിത്സ നിഷേധിച്ചത്. ഭാര്യയും നാലു പെൺമക്കളടക്കം ആറു കുട്ടികളുമായി നാട്ടിൻപുറത്ത് ഒരു പാത്രക്കട നടത്തി ജീവിച്ചു വന്ന റാം അവധിന് വിധിക്കപ്പെട്ടത് ഇങ്ങനെയൊരു അന്ത്യം.

ആത്മഹത്യകൾ

മൂന്നു ദിവസമായി നോട്ടു മാറിയെടുക്കാൻ കഴിയാത്തതു കാരണം ദൽഹിയിലെ ഖജൂരി ഖാസിൽ ഇക്കഴിഞ്ഞ ദിവസമാണ് 24 കാരി ദുപ്പട്ടയിൽ തൂങ്ങി മരിച്ചത്. പണം മാറിയെടുക്കാൻ കഴിയാത്തതുമൂലം യുവതി അസ്വസ്ഥയായിരുന്നുവെന്ന് വടക്കുകിഴക്കൻ മേഖലാ പോലീസ് കമ്മിഷണർ എ കെ സിംഗ്ല പറയുന്നു.

കൈവശമിരുന്ന 7000 രൂപ കൊണ്ട് റേഷനരി വാങ്ങാൻപോലും കഴിയാത്തതിൽ മനംനൊന്ത് മൂന്നു കുട്ടികളുടെ അമ്മ ജീവനൊടുക്കിയ സംഭവം സൂറത്തിൽ നിന്നാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. റേഷനരിയടക്കമുള്ള വീട്ടുസാമാനങ്ങൾ വാങ്ങാനുള്ള ശ്രമം തുടർച്ചയായി മൂന്നാം ദിവസവും പരാജയപ്പെട്ടപ്പോഴാണ് അവർ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആ ശ്രമത്തിൽ വിജയിക്കുകയും ചെയ്തു.

കൈവശമുണ്ടായിരുന്ന 15000 രൂപ നിക്ഷേപിക്കാൻ 15 കിലോമീറ്റർ അകലെയുളള ബാങ്കിൽ പോകുന്നതിനിടെ ആ പണം കളവുപോയതിലുള്ള മനോവിഷമം മൂലം കർണാടകയിലെ ചിക്കബലാപ്പൂരിലും വീട്ടമ്മ ആത്മഹത്യ ചെയ്തു. മുഴുക്കുടിയനായ ഭർത്താവ് നാഗപ്പയാൽ ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കൂലിപ്പണിയെടുത്ത് ഈശ്വരമ്മ സമാഹരിച്ച പണമാണ് നഷ്ടമായത്. ബാങ്കിൽ ക്യൂ നിൽക്കുന്നതിനിടെയാണ് പണം നഷ്ടപ്പെട്ട വിവരം അവർ അറിഞ്ഞത്. മകൻ ഉൾപ്പെടെയുള്ളവർ ചൊരിഞ്ഞ ആശ്വാസവാക്കുകളൊന്നും അവരുടെ സങ്കടത്തിന് അറുതിവരുത്തിയില്ല. ഒരു മുഴം കയറിൽ ആ ജീവിതം ചലനമറ്റു.

ഭർത്താവിന്റെ ചികിത്സയ്ക്കും മകളുടെ സ്ത്രീധനത്തിനും വേണ്ടി ഭൂമി വിറ്റു ശേഖരിച്ചിരുന്ന 54 ലക്ഷം രൂപ പ്രയോജനശൂന്യമായതിൽ മനംനൊന്താണ് തെലങ്കാനയിലെ മഹുബാബാദിൽ കണ്ടുകുരി വിനോദ എന്ന 55 വയസുകാരി ആത്മഹത്യ ചെയ്തത്.

ക്യൂവിൽ കുഴഞ്ഞു വീണു മരിച്ചവർ

ഛത്തീസ് ഗഡിലെ റായ്ഗർത്തിൽ കൈവശമിരുന്ന മൂവായിരം രൂപ മൂന്നു ദിവസമായി മാറാൻ കഴിയാത്തതിൽ മനംനൊന്താണ് കർഷകനായ രവി പ്രധാൻ ജീവനൊടുക്കിയത്. ഗുജറാത്തിലെ ലിംദിയിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിനു മുന്നിൽ ക്യൂ നിൽക്കുമ്പോൾ വീണു മരിക്കുകയായിരുന്നു, മൻസുഖ് ദർജിയെന്ന 69കാരൻ.

ജീവിതകാലത്തെ ആകെ സമ്പാദ്യം ഏതാനും ദിവസങ്ങൾക്കു മുമ്പ് ആയിരം രൂപയുടെ രണ്ടു നോട്ടുകളാക്കി കരുതിവച്ച ഗോരഖ്‌പൂറിലെ അറുപതുകാരിയായ തീർത്ഥരാജി ബാങ്കിനു മുന്നിൽവച്ചാണ് ഹൃദയം തകർന്നു മരിച്ചത്. നോട്ടു പിൻവലിച്ച വാർത്ത കേട്ടാണ് അവർ രണ്ടായിരം രൂപയുമായി ചാന്ദ്നി ചൌക്കിലെ ബാങ്കിലേയ്ക്ക് ഓടിയത്. ചെന്നു കണ്ടത് പൂട്ടിയ ഗേറ്റും അടച്ച ബാങ്കും. കൈവശമുള്ള അഞ്ഞൂറും ആയിരവും നോട്ടുകൾ കൊണ്ട് ഇനി പ്രയോജനമൊന്നുമില്ലെന്ന് വഴിയിൽ തടിച്ചു കൂടിനിന്നവർ അഭിപ്രായപ്പെടുന്നതു കേട്ട് ബാങ്കിനു മുന്നിൽ ഇരുന്നുപോയ അവർ പത്തു മിനിട്ടിനകം മരണപ്പെട്ടു.

ആലപ്പുഴയിൽ ഹരിപ്പാട് സ്വദേശിയായ കാർത്തികേയൻ ഡാണാപ്പടി എസ്ബിടി ശാഖയ്ക്കുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തിലെ താരാപ്പൂരിലും സമാനമായ സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടു. ബർക്കത് ഷേക്ക് എന്നയാളാണ് രണ്ടുമണിക്കൂറോളം ക്യൂവിൽ നിന്ന് കുഴഞ്ഞു വീണു മരിച്ചത്. മധ്യപ്രദേശിലെ സാഗറിൽ വിനയ് കുമാർ പാണ്ഡേയെന്ന 69കാരനായിരുന്നു ഇത്തരത്തിൽ മരണപ്പെട്ട മറ്റൊരാൾ. ബിഎസ്എൻഎല്ലിൽ നിന്നു വിരമിച്ച ജീവനക്കാരനായിരുന്നു അദ്ദേഹം.

മംഗളൂരുവിൽ ഉഡുപ്പി ജില്ലയിൽ 96കാരൻ ക്യൂവിൽ കുഴഞ്ഞു വീണു മരിച്ചു. തുളസി പൂജയ്ക്കുള്ള സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു ഗോപാൽ ഷെട്ടി. ക്യൂവിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഹൃദയാഘാതം, അപകടമരണം 

ഇരുപതു വർഷമായി ഒറ്റയ്ക്കു ജീവിക്കുന്ന കാൺപൂരിലെ ഒരു വൃദ്ധയെ രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപയുടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്കു മുന്നിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ വാർത്ത ദൈനിക് ഭാസ്കർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. നോട്ടെണ്ണിക്കൊണ്ടിരുന്നപ്പോഴുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നു കരുതുന്നു. പണം പോലീസ് കസ്റ്റഡിയിലാണ്.

നോട്ടു പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട ചെറുപ്പക്കാരൻ പൊടുന്നനെ ഹൃദയം സ്തംഭിച്ച് മരിച്ച വിവരം എബിപി ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. ഭൂമി വിൽപനയ്ക്ക് 70 ലക്ഷം മുൻകൂർ കൈപ്പറ്റിയ യുവാവാണ് യുപിയിലെ പാൻകി റാണ്യ എന്ന സ്ഥലത്ത് ഇത്തരത്തിൽ മരണമടഞ്ഞത്. ഭൂമി വിൽക്കാനുള്ള ഏറെക്കാലത്തെ പരിശ്രമം ഒടുവിൽ വിജയിക്കുന്ന ഘട്ടമാവുകയും അഡ്വാൻസ് തുക കൈപ്പറ്റുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് 70 ലക്ഷം രൂപയ്ക്കുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കണ്ടെടുത്ത കാര്യവും എബിപി ന്യൂസ് റിപ്പോർട്ടു ചെയ്തു.

നോട്ടുപിൻവലിക്കൽ തീരുമാനം മൂലം ജീവൻ നഷ്ടമായ ഹതഭാഗ്യരുടെ പട്ടികയിൽ പെരളശ്ശേരിയിലെ കെ കെ ഉണ്ണിയെന്ന കെഎസ്ഇബി ജീവനക്കാരനുമുണ്ട്. തലശേരി എസ്ബിടി ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിക്കുകയായിരുന്നു ഉണ്ണി. ഏതാനും ദിവസം മുമ്പ് ലോണമെടുത്ത പണം തിരികെ നിക്ഷേപിക്കാനാണ് ഇദ്ദേഹം ബാങ്കിലെത്തിയത്.

ബാങ്കു ജീവനക്കാരിലെ രക്തസാക്ഷി

തിരക്കും മറ്റു സമ്മർദ്ദങ്ങളും മൂലം ബാങ്കു ജീവനക്കാരും കടുത്ത തൊഴിൽപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഭോപ്പാലിലെ നീൽബാദ് എസ്ബിടി ബ്രാഞ്ചിലെ കാഷ്യറാണ് നോട്ടു പിൻവലിക്കൽ തീരുമാനം മൂലം ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രതിനിധി. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ ബാങ്കിൽ കുഴഞ്ഞു വീണ ഈ നാൽപ്പത്തഞ്ചുകാരനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നോട്ടു പിൻവലിക്കുമെന്ന മോദിയുടെ പ്രസംഗം ടെലിവിഷനിൽ കണ്ട് ഹൃദയ സ്തംഭനമുണ്ടായവരുടെ പട്ടികയിൽ ഇതേ വരെ ഒരു ബിസിനസുകാരൻ മാത്രമേയുള്ളൂ. ഉത്തർ പ്രദേശിലെ ഫാസിയാബാദിൽ അങ്ങനെയൊരു സംഭവം നടന്നുവെന്ന് ന്യൂസ് 24 റിപ്പോർട്ടു ചെയ്തു.

കടപ്പാട് - http://www.huffingtonpost.in/

Read More >>