മോദിയുടെ എടുത്തു ചാട്ടം ചരിത്രപരമായ മണ്ടത്തരമോ ?

500 രൂപയുടെയും 1000 രൂപയുടെയും കറൻസികൾ ക്യാൻസൽ ചെയ്തു കൊണ്ടുള്ള മോദിയുടെ പ്രഖ്യാപനത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ് രാജ്യം മുഴുവൻ. ഒറ്റ നോട്ടത്തിൽ നല്ല കാര്യമാണെന്നു തോന്നുമെങ്കിലും അത്ര നല്ല തീരുമാനം അല്ലെന്ന്‌ ആഴത്തിൽ പരിശോധിച്ചാൽ മനസ്സിലാവും .

മോദിയുടെ എടുത്തു ചാട്ടം ചരിത്രപരമായ മണ്ടത്തരമോ ?

നസറുദീൻ മണ്ണാർക്കാട്

മംഗോളിയന്മാരുടെ ആക്രമണം തടുക്കാൻ രാജ്യ തലസ്ഥാനം ഒരു സുപ്രഭാതത്തിൽ ഡൽഹിയിൽ നിന്ന് ദൗലത്താബാദിലേക്ക് മാറ്റിയ ഒരു ഭരണാധികാരിയുടെ ഭരണ പരിഷ്ക്കാരത്തിന്റെ ചരിത്രം പറയാനുണ്ട് ഇന്ത്യക്ക്. പിൽക്കാലത്ത് മണ്ടൻ ഭരണ പരിഷ്കാരങ്ങളെ 'തുഗ്ലക്ക് പരിഷ്‌കാരങ്ങൾ' എന്നു വിശേഷിപ്പിക്കപ്പെട്ടത് മുഹമ്മദ് ബിൻ തുഗ്ലക്ക് എന്ന ഈ ഭരണാധികാരിയുടെ തീരുമാനത്തെ തുടർന്നായിരുന്നു.  ജനങ്ങളെയും നിർബന്ധിച്ചു മാറ്റി താമസിപ്പിച്ചുവെങ്കിലും അധികം വൈകാതെ തന്നെ തീരുമാനം മണ്ടത്തരമായി പോയി എന്ന് അദ്ദേഹത്തിന് മനസ്സിലാവുകയും വീണ്ടും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് ഈ മാറ്റിപാർപ്പിക്കലിനിടെ അകാല മരണം പ്രാപിച്ചത്. ഖജനാവ് കാലിയായത് മാത്രം മിച്ചം.


500 രൂപയുടെയും 1000 രൂപയുടെയും കറൻസികൾ ക്യാൻസൽ ചെയ്തു കൊണ്ടുള്ള മോദിയുടെ പ്രഖ്യാപനത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ് രാജ്യം മുഴുവൻ. ഒറ്റ നോട്ടത്തിൽ നല്ല കാര്യമാണെന്നു തോന്നുമെങ്കിലും അത്ര നല്ല തീരുമാനം അല്ലെന്ന്‌ ആഴത്തിൽ പരിശോധിച്ചാൽ മനസ്സിലാവും .

2014- 2015 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ വിനിമയം ചെയ്യപ്പെട്ട മൊത്തം കറൻസികളുടെ കണക്കു നോക്കിയാൽ 500 രൂപയുടെയും 1000 രൂപയുടെയും  കറൻസികൾ യഥാക്രമം 45% ഉം 39 % ഉം ആണ്. അതായത് ഏതാണ്ട് 80% ത്തോളം വരുന്ന കറൻസികൾ വെറും കടലാസു കഷണങ്ങൾ ആണെന്ന് ഒരു അർദ്ധ രാത്രിപി പ്രഖ്യാപിക്കുക വഴി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വലിയൊരു പ്രതിസന്ധിയിലേക്കാണ് സർക്കാർ തള്ളി വിട്ടത്.

ബ്ലാക്ക് മണി നിയന്ത്രിക്കുമോ ?

ബ്ലാക്ക് മണി ഇല്ലായ്മ ചെയ്യും എന്ന ഒരൊറ്റ  ഗുണം ഉയർത്തിപിടിച്ചു കൊണ്ടാണ് ഈ കടുത്ത തീരുമാനത്തെ പലരും അഭിനന്ദിക്കുന്നത്. എന്നാൽ ആഭ്യന്തര മാർക്കറ്റിലെ കള്ളപ്പണം  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികളിലല്ല അധികവും സൂക്ഷിക്കപെട്ടിരിക്കുന്നത് എന്നതാണു വാസ്തവം. വിദേശ കറൻസികളിലും സ്വർണ്ണ നിക്ഷേപങ്ങളിലും റിയൽ എസ്റ്റേറ്റുകളിലും പനാമാ- സ്വിസ് ബാങ്ക് അക്കൗണ്ടുകളിലുമായി കിടക്കുന്ന അനേകായിരം ബില്യൺ ഡോളർ വരുന്ന ബ്ലാക്ക് മണി ഇല്ലായ്മ ചെയ്യാൻ ഈ തീരുമാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.

ചുരുക്കത്തിൽ മൊത്തം കള്ളപ്പണ നിക്ഷേപങ്ങളുടെ അര ശതമാനം പോലും വരില്ല കറൻസികളിലെ കള്ളപ്പണം. അതായത് ജിഡിപിയുടെ 20% വരുന്ന കള്ളപ്പണം ഏറെക്കുറെ സ്പർശിക്കാൻ പോലും ഈ തീരുമാനം സഹായിക്കില്ല എന്നർത്ഥം. കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ കഴിയാത്തതിന്റെ ക്ഷീണം മാറ്റാനുള്ള തീരുമാനമായിരുന്നു ഈ തീരുമാനം എന്നു സംശയിച്ചാലും കുറ്റം പറയാൻ കഴിയില്ല.

പണച്ചുരുക്കം വർദ്ധിക്കും

രാജ്യത്തിന്റെ സമ്പദ് ഘടനയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ പോകുന്ന അതിഭീമമായ പണച്ചുരുക്കം ആയിരിക്കും ഈ തീരുമാനത്തിന്റെ മറ്റൊരു വശം. നിർമ്മാണ - വ്യവസായ മേഖലകളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ഉറപ്പാണ്.  വ്യവസായങ്ങൾക്ക് വേണ്ട മുടക്കുമുതൽ, ലിക്വിഡ് കാശ് തുടങ്ങിയവയുടെ ലഭ്യതയെ ഈ തീരുമാനം ബാധിക്കും. തൽഫലമായി തൊഴിൽ മേഖലയും സാരമായി മന്ദീഭവിക്കും പണച്ചുരുക്കത്തിന്റെ പ്രതിഫലനം ജീ. ഡി .പി യിൽ നിഴലിച്ചാലും അതിശയിക്കേണ്ടതില്ല.

സാധാരണക്കാരുടെ ജീവിതം ദുഷ്കരമാവും

പണ്ടത്തെ പോലെ ആയിരവും അഞ്ഞൂറും വൻ ഹവാലകളുടെ കറൻസിയല്ല.  വൻകിട മുതലാളിമാർ തങ്ങളുടെ സമ്പാദ്യങ്ങൾ സുരക്ഷിതമായ നിക്ഷേപങ്ങൾ ആക്കി മാറ്റിയിട്ടുണ്ട്. അതിനാൽ സാധാരണക്കാരന്റെ കറൻസിയാണ് ആയിരവും അഞ്ഞൂറും. ഈ കറൻസികൾ വെറും കടലാസുകൾ ആണെന്ന് പ്രഖ്യാപിച്ചതോടെ പ്രയാസ്സത്തിലായത് ജനസംഖ്യയുടെ സിംഹ ഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളാണ്. ഒരു ബാങ്ക് പോലുമില്ലാത്ത 6.5 ലക്ഷം ഗ്രാമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നിരക്ഷരരായ ഗ്രാമീണ ഇന്ത്യക്കാർക്ക് ബാങ്കുകളെ കുറിച്ചോ ബാങ്കുകളിലെ ഇടപാടുകളെ കുറിച്ചോ ഒരു ചെറിയ ധാരണ പോലുമില്ല എന്നതാണ് നഗ്ന സത്യം. അവരുടെ  നിത്യ വേതനങ്ങൾ പോലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസികളിൽ ആണ് ലഭിക്കുന്നത്. ഈ തീരുമാനം വഴി കഷ്ടപ്പെടുന്നത് പണക്കാരേക്കാൾ കൂടുതൽ സാധാരണക്കാർ ആണെന്ന് ചുരുക്കം .

ആശുപത്രി, വിവാഹം തുടങ്ങിയ അത്യാവശ്യങ്ങൾക്ക് വേണ്ടി കരുതി വെച്ച പണം പോലും വിനിമയം ചെയ്യാൻ കഴിയാതെ വലിയ ദുരിതങ്ങൾ വേറെയും. ഒരു ജനതയും സർക്കാരുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഇരുട്ടടികൾ അല്ല ഇവയൊന്നും.

ചെറിയ കറൻസികളും അപ്രത്യക്ഷമാവും:

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്സികൾക്കൊപ്പം അപ്രത്യക്ഷമാവാൻ പോവുന്നത് നൂറിന്റെയും അൻപതിന്റെയും പത്തിന്റെയുമൊക്കെ കറൻസികളാണ്. കാരണം മതിയായ അളവിൽ ഈ കറൻസികൾ മാർക്കറ്റിൽ നേരത്തെയും ലഭ്യമായിരുന്നില്ല. അതിനു പുറമെ പിൻവലിക്കപ്പെട്ട കറൻസികൾ ഈ ചെറിയ കറന്സികളിലേക്ക് മാറ്റപ്പെടുമ്പോൾ പിന്നെയും ദൗർലഭ്യം ഉണ്ടാവുക സ്വാഭാവികം.

വലിയ കറൻസികൾ വീണ്ടും അടിച്ചിറക്കുവാനാണ് നീക്കങ്ങൾ നടക്കുന്നത്. 2000 രൂപയുടെ കറൻസിയാവട്ടെ വിതരണം ആരംഭിക്കുകയും ചെയ്തു.  കള്ളപ്പണക്കാർക്ക് കുറച്ചു കൂടി സഹായകരമായ തീരുമാനം ആണിതെന്ന് പറയേണ്ടി വരും. താൽക്കാലികമായി പുറകോട്ടു പോവുന്ന കള്ള നോട്ടുകാർ 2000 രൂപയുടെ  പുതിയ കറൻസികൾ വരുന്നതോടെ വീണ്ടും സജീവമാവുകയും ചെയ്യും.

ദീർഘ കാലാടിസ്ഥാനത്തിൽ ലഭിക്കുമെന്ന് കരുതപ്പെടുന്ന ചെറിയ നേട്ടങ്ങൾക്ക് വേണ്ടി ഹൃസ്വ കാലത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനം എന്ത് തന്നെയായാലും  ഒരു എടുത്തു ചാട്ടമാണെന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെയാവണം ഈ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് പലരും രംഗത്ത് വരുന്നതും.

Story by