നോട്ട് നിരോധനം; പ്രതിസന്ധി പരിഹരിക്കാൻ അടുത്ത വർഷം മാർച്ചുവരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോർട്ട്

14 ലക്ഷം കോടി രൂപയുടെ കറൻസികൾ നോട്ടുനിരോധനത്തെത്തുടർന്ന് പിൻവലിച്ചെങ്കിലും വിപണിയിലേക്ക് തിരികെയെത്തിയത് വെറും ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രം. ഇതിൽ വിപണി സൗഹാർദ്ദമല്ലാത്ത 2000 രൂപയുടെ നോട്ടുകളാണ് അധികവും.

നോട്ട് നിരോധനം; പ്രതിസന്ധി പരിഹരിക്കാൻ അടുത്ത വർഷം മാർച്ചുവരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: 14 ലക്ഷം കോടി രൂപയുടെ കറൻസികൾ നോട്ടുനിരോധനത്തെത്തുടർന്ന് പിൻവലിച്ചെങ്കിലും വിപണിയിലേക്ക് തിരികെയെത്തിയത് വെറും ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രം. ഇതിൽ വിപണി സൗഹാർദ്ദമല്ലാത്ത 2000 രൂപയുടെ  നോട്ടുകളാണ് അധികവും.ക്രെഡിറ്റ് സ്യൂസ് റിസർച്ചിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പിൻവലിച്ച നോട്ടുകളുടെ അതേ മൂല്യമുള്ള നോട്ടുകൾ വിപണിയിലെത്താൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്.  നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിൻവലിക്കൽ നടപടിയെത്തുടർന്ന് 14 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കപ്പെട്ടത്. ഏകദേശ കണക്കുപ്രകാരം രാജ്യത്തെ മൊത്തം കറൻസിയുടെ 86 ശതമാനമാണ് നോട്ട് നിരോധിക്കൽ നടപടിയിലൂടെ റദ്ദാക്കപ്പെട്ടത്.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ 500 രൂപയുടെ രണ്ടായിരം കോടി നോട്ടുകൾ അച്ചടിക്കേണ്ടിവരും. പുതുതായി അച്ചടിച്ചിരിക്കുന്ന കറൻസികൾ എത്രത്തോളമാണെന്ന് ഇതുവരെ ആർബിഐ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഇത് പുറത്ത് വിടാനാവില്ലെന്നാണ് റിസർവ് ബാങ്കിന്റെ വാദം. മദ്രാസ് ഹൈക്കോടതിയിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നവംബർ 10 മുതൽ 18 വരെ വിവിധ ബാങ്കുകളുടെ എടിഎമ്മുകൾ വഴി 1.03 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തിരിക്കുന്നത്. 5.44 കോടി രൂപയുടെ പഴയ നോട്ടുകളും ബാങ്കിലെത്തി. ആർബിഐ ഇക്കാര്യം ഈ മാസം 22ന് വ്യക്തമാക്കിയിരുന്നു. 33006 കോടി രൂപയുടെ നോട്ടുകളാണ് ആളുകൾ ബാങ്കു മുഖാന്തിരം മാറ്റിയെടുത്തത്.

23ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആറ് ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയെന്നാണ് പറയുന്നത്. ദിവസേന അഞ്ച് കോടി രൂപയുടെ നോട്ടുകളാണ് ആർബിഐ അച്ചടിക്കുന്നത്. കഴിഞ്ഞയാഴ്ച്ച വരെ 2000 കോടി രൂപ മൂല്യം വരുന്ന 40 കോടി 500 രൂപാ നോട്ടുകള്‍ അടിച്ചിറക്കിയിട്ടുണ്ട്.  ഇത്തരത്തിൽ മുന്നോട്ടു നീങ്ങിയാൽ  പണക്ഷാമം പരിഹരിക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെയെങ്കിലുമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 50 ദിവസംകൊണ്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാൽ ഒരു നിലയ്ക്കും അത് സാധ്യമാകാൻ ഇടയില്ലെന്ന് ക്രഡിറ്റ് സ്യൂസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read More >>