നോട്ട് നിരോധനം: പണമുണ്ടാക്കാനായി തെരുവു സര്‍ക്കസും കലാപരിപാടികളുമായി വിദേശ വിനോദ സഞ്ചാരികള്‍

ജര്‍മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് പ്രശസ്തമായ ബ്രഹ്മ ക്ഷേത്രത്തിന് സമീപവും പുഷ്‌കറിലെ ഗൗ ഘട്ടിന് സമീപവും തെരുവ് സര്‍ക്കസ് അവതരിപ്പിച്ചത്.

നോട്ട് നിരോധനം: പണമുണ്ടാക്കാനായി തെരുവു സര്‍ക്കസും കലാപരിപാടികളുമായി വിദേശ വിനോദ സഞ്ചാരികള്‍

നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ സാധാരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മാത്രമേ ഇതുവരെ വാര്‍ത്തയായിരുന്നുള്ളു. ഈ സമയത്ത് നോട്ട് നിരോധനത്തെക്കുറിച്ച് അറിയാതെ ഇന്ത്യയില്‍ വന്ന് കുടുങ്ങിപ്പോയ വിദേശ വിനോദ സഞ്ചാരികളുമുണ്ട്. നോട്ട് നിരോധനവും വലിയ തുകകള്‍ പിന്‍വലിക്കുന്നതിലെ നിയന്ത്രണവും കൂടിയായപ്പോള്‍ ഇവരില്‍ പലരും അക്ഷരാര്‍ഥത്തില്‍ രാജ്യത്ത് കുടുങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ രാജസ്ഥാനിലെ പുഷ്‌കറില്‍ വിദേശ വിനോദസഞ്ചാരികള്‍ തെരുവ് സര്‍ക്കസ് നടത്തി പണമുണ്ടാക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവര്‍ തങ്ങള്‍ക്കറിയാവുന്ന സര്‍ക്കസ് ഇനങ്ങള്‍ കളിച്ച് രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള പണം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു.


ജര്‍മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് പ്രശസ്തമായ ബ്രഹ്മ ക്ഷേത്രത്തിന് സമീപവും പുഷ്‌കറിലെ ഗൗ ഘട്ടിന് സമീപവും തെരുവ് സര്‍ക്കസ് അവതരിപ്പിച്ചത്. വിവിധ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് സംഗീത പരിപാടികളും ഇവര്‍ അവതരിപ്പിച്ചു. 'നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാനാകും', 'സാമ്പത്തിക ബുദ്ധിമുട്ട്' എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും ഇവര്‍ കൈയിലേന്തിയിരുന്നു.

12 പേരടങ്ങുന്ന സംഘത്തിലെ പുരുഷന്‍മാര്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ സ്ത്രീകള്‍ അക്രോബാറ്റിക് ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അപൂര്‍വമായ കലാപരിപാടി കാണാന്‍ വലിയൊരു ജനക്കൂട്ടം തന്നെ സ്ഥലത്തുണ്ടായിരുന്നു. എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും മതിയായ പണം ലഭിക്കാതെ വന്നതോടെയാണ് തെരുവ് സര്‍ക്കസ് കളിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ഇവര്‍ പറഞ്ഞു.

പ്രദേശവാസികള്‍ ദയയുള്ളവരായതുകൊണ്ട് തങ്ങള്‍ക്ക് പ്രകടനത്തിലൂടെ 2600 രൂപ ലഭിച്ചതായി ജര്‍മന്‍ സ്വദേശിയായ ആഡ്രിക്ക് പറഞ്ഞു. നോട്ട് നിരോധിച്ച നവംബര്‍ എട്ടിനാണ് തങ്ങള്‍ പുഷ്‌കറിലെത്തിയതെന്ന് ജയ്ഡന്‍ എന്ന ഓസ്‌ട്രേലിയന്‍ വിനോദ സഞ്ചാരി പറഞ്ഞു. പിന്നീട് നിയന്ത്രണങ്ങള്‍ വന്നതോടെ തങ്ങള്‍ വലിയ പ്രതിസന്ധിയെയാ് നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെത്തി തങ്ങളുടെ രാജ്യത്തെ എംബസികളെ സമീപിച്ച് നാട്ടിലേക്ക് പോകാനുള്ള സഹായമഭ്യര്‍ഥിക്കാനാണ് സംഘം ഇപ്പോള്‍ ആലോചിക്കുന്നത്. പലതവണ ശ്രമിച്ചെങ്കിലും കൈയിലുണ്ടായിരുന്ന 500, 100 രൂപ നോട്ടുകള്‍ മാറ്റാനായില്ലെന്ന് ഇവര്‍ പറഞ്ഞു.

Read More >>