നോട്ട് പിന്‍വലിക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം നാടകം കളിക്കുന്നോ?

ആരാണ് ഇനി ഇവിടെ പ്രതിപക്ഷമാകേണ്ടത്? ധാരണക്കാരന്‍റെ ദുരിതം ഇപ്പോഴും തുടരുന്നു. ബാങ്കിന് പുറത്തുള്ള ക്യൂവിലും, ജീവന്‍ രക്ഷിക്കാന്‍ പോലും പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രി വരാന്തകളിലും അപ്രതീക്ഷിത ആഘാതത്തില്‍ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ വേര്‍പാടിലും അവര്‍ വിഡ്ഢികളായി തുടരുന്നു.

നോട്ട് പിന്‍വലിക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം നാടകം കളിക്കുന്നോ?

നോട്ട് പിന്‍വലിക്കല്‍ വിവാദത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി  ലോക്സഭയും രാജ്യസഭയും പിരിഞ്ഞു എന്ന വാര്‍ത്ത ടി.വി ചാനലുകളില്‍ ഇടതടവില്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷെ ഇന്നലെയോ അല്ലെങ്കില്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം തുടങ്ങിയോ  ബാങ്കുകളുടെ മുന്നില്‍ ഉണ്ടായിരുന്ന ആ ക്യൂവിന് മാത്രം മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ഇന്ത്യ മുഴുവന്‍ ക്യുവില്‍ നില്‍ക്കുമ്പോഴും പറയത്തക്ക പ്രതിഷേധമോ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റോ ഒന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുണ്ടായില്ല എന്നുള്ളത് എന്തുകൊണ്ടായിരിക്കാം? കാരണം, മോദി പ്രഖ്യാപിച്ച സര്‍ക്കാറിന്‍റെ 'കള്ളപ്പണ വേട്ടയെ' അത്ര എളുപ്പത്തില്‍ ഇവര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല എന്നുള്ളതാണ്.


വിദേശ ഇടപെടലുകള്‍ പോലെതന്നെ കള്ളപ്പണവും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുവാന്‍ പ്രതിപക്ഷം ഇപ്പോഴും എടുത്തുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. ബി.ജെ.പി പ്രതിപക്ഷത്തായിരുന്നപ്പോഴും അങ്ങനെത്തന്നെയായിരുന്നു കാര്യങ്ങള്‍. തീവ്രവാദത്തെയും കള്ളപ്പണത്തെയും ചെറുക്കുന്ന നടപടികളോട് അനുകൂലമല്ലാതിരിക്കുന്ന ഏതൊരു പ്രവര്‍ത്തിയും ദേശവിരുദ്ധമായി മുദ്രകുത്തപ്പെടും എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നന്നായി അറിയാം.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മാധ്യമങ്ങള്‍ക്ക് വേണ്ടി മനോഹരമായി ചിട്ടപ്പെടുത്തിയ ഒരു പൊറോട്ട് നാടകമാണ്. തങ്ങളുടെ ജനപ്രതിനിധികള്‍ തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപാടുകളെ കുറിച്ചു സര്‍ക്കാരിനോട് വാദിച്ചു ജയിക്കും എന്ന് എളുപ്പത്തില്‍ കബളിക്കപ്പെടാവുന്ന സാധാരണക്കാര്‍ വിശ്വസിച്ചു. 'പൊതുജനം കഴുത' എന്ന പഴമൊഴി വീണ്ടും അന്വര്‍ത്ഥമായി.

കള്ളപ്പണവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം പുതിയതല്ല. അശോക്‌ ഖേമ്കയെ ഓര്‍ക്കുന്നുണ്ടോ? സത്യസന്ധതയുടെ പ്രതിഫലം ഏറ്റു വാങ്ങി ഈ ഐ.എ.എസുകാരന്‍ എപ്പോഴും സ്ഥലം മാറ്റപ്പെട്ടു കൊണ്ടേയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയെ പ്രതിസ്ഥാനത്ത് ചേര്‍ത്തുകൊണ്ടുള്ള അഴിമതി അന്വേഷിച്ച ഉദ്യാഗസ്ഥനാണ് ഇദ്ദേഹം

കള്ളപ്പണം എന്നുള്ളത് കോണ്‍ഗ്രസിന് അപരിചിതമായ ഒരു വാക്കല്ല. ശീതകാല സമ്മേളനത്തിന് ഇന്നലെ സഭ ചേര്‍ന്നപ്പോള്‍ നോട്ട് പിന്‍വലിക്കല്‍ വിവാദത്തിന്‍റെ പാശ്ചാതലത്തില്‍ സഭയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ടു G, കല്‍ക്കരി അഴിമതിക്കഥകള്‍ പരാമര്‍ശിക്കപ്പെട്ടതോടെ കൂടി കോൺഗ്രസ് നിശബ്ദമാകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. പൊതുജനത്തെയും അവരുടെ സങ്കടത്തെയും മനസിലാക്കാന്‍ കഴിയുന്നതിലും വളരെ വേഗത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിക്കും. അതാണ്‌ രാഷ്ട്രീയം!

ഭരണത്തിലുള്ള പാര്‍ട്ടിയെ എന്തെല്ലാമോ പറഞ്ഞു വിമര്‍ശിച്ചു കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷപാര്‍ട്ടികളും സഭ വിട്ടത് മറ്റൊരു ഒത്തുതീര്‍പ്പല്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും?

ഈ ബഹളങ്ങള്‍ക്കിടയില്‍ രക്ഷപ്പെട്ടു പോകുന്ന അതികായകരെ പ്രതിരോധിക്കുവാനുള്ള ഉത്തരവാദിത്തവും കോണ്‍ഗ്രസ്‌ ഏറ്റെടുക്കുന്നില്ല. ഉദാഹരണത്തിന് വിജയ മല്യയുടെ 1200 കോടി രൂപയോളം വരുന്ന കടം എസ്ബിഐ എഴുതിത്തള്ളിയത് തന്നെയെടുക്കാം. 'എഴുതിത്തള്ളുക' എന്ന് പറഞ്ഞാല്‍ ബാങ്കിന്‍റെ ഒരു നടപടിക്രമം മാത്രമാണ് എന്നു കേന്ദ്രധനകാര്യ മന്ത്രി ലഘുവായി വിവരിച്ചതും ഇതിനോടൊപ്പം കൂട്ടിചേര്‍ത്തു വായിക്കണം.

ഇനി പ്രതിഷേധങ്ങളുടെ കാര്യമെടുക്കാം. വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ശിവസേന ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി പ്രതിഷേധമാര്‍ച്ച് നടത്തി. സിപിഐഎമ്മും കോണ്‍ഗ്രസ്സും ഈ മാര്‍ച്ചില്‍ പങ്കെടുത്തില്ല. ശിവസേനയുടെ സാന്നിധ്യമുള്ളത് കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഇതില്‍ പങ്കെടുത്തില്ല. എന്നാല്‍ ഇന്ന് മമതയും കേജ്രിവാളും ചേര്‍ന്ന് നോട്ട് പിന്‍വലിക്കല്‍ വിവാദത്തെ പരസ്യമായി എതിര്‍ത്തു രംഗത്ത് വന്നു.

തൃണമൂല്‍ കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ ബഹുദൂരമില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കന്മാരില്‍ പലരും കൈക്കൂലി പണം കൈപ്പറ്റുന്നത് നാരദാ ന്യൂസിന്‍റെ ഒളിക്യാമറ ഓപറേഷനില്‍ കൂടി ഈ വര്‍ഷം മാര്‍ച്ച്‌ 14ന് പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം പിമാരും അടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്റെ ഒളിക്ക്യാമറാ ദൃശ്യങ്ങളാണ് നാരദ പുറത്തുകൊണ്ടുവന്നത്. മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗര വികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എം പിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍ പെട്ടത്.

നാരദ പുറത്തുവിട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റിയെ സഭ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. ഇക്കാര്യം ഇടതുപക്ഷം പലതവണ സഭയില്‍ ഉന്നയിച്ചെങ്കിലും ബിജെപിയുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. ഭരണപക്ഷമെന്ന നിലയില്‍ രാഷ്ട്രീയ പ്രത്യുപകാരലക്ഷ്യം വച്ചു നീങ്ങുന്ന പ്രായോഗികതയാണ് ബിജെപി ഇപ്പോള്‍ സ്വീകരിക്കുന്ന ഈ നിലപാടുകള്‍ക്ക് ആധാരം. ശാരദ ചിട്ടി കേസിലും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേരിട്ട തിരിച്ചടികളും അവരുടെ അഴിമതിരഹിത പ്രതിച്ഛായയെ തകര്‍ത്തിരുന്നു.

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്‌ നേതാവ് പി ചിദംബരത്തിന്‍റെ കുടുംബവും അഴിമതിക്കഥകളില്‍ ഉള്‍പ്പെട്ടവരാണ്. ശാരദ ചിട്ടിക്കേസില്‍ ചിദംബരത്തിന്‍റെ ഭാര്യ നളിനിയും 140 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചു എന്‍ഫോര്‍സ്മെന്‍റ് നടപടികള്‍ നേരിടുന്ന ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയും അഴിമതിയാരോപിതരാണ്. കുറ്റം ചെയ്യാത്ത ആരാണ് അപ്പോള്‍ സര്‍ക്കാറിനെ കല്ലെറിയുക?

ജനങ്ങളുടെ ശബ്ദമാണ് എന്ന ഇമേജിനായി എന്തെല്ലാമോ കാട്ടിക്കൂട്ടുന്നത് അല്ലാതെ നോട്ട് വിവാദത്തില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും ഒന്നും ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ സര്‍ക്കാറിനും ഒരു പുന:ചിന്തനത്തിന്‍റെ ആവശ്യം ഉണ്ടാകുന്നില്ല. പ്രതിപക്ഷം ശക്തമല്ല എങ്കില്‍ ജനാധിപത്യം പ്രഹസനമാകും.

ഹരിയാന നിയമസഭയില്‍ ദിഗംബര സന്യാസിയായ സാഗര്‍ നഗ്നനായി സഭയെ അഭിസംബോധന ചെയ്തപ്പോള്‍, കാര്‍ക്കശ്യമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഒരിക്കലും മടി കാണിക്കാത്ത അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ച നിലപാട് അതിശയിപ്പിക്കുന്നതായിരുന്നു. മുഖ്യമന്ത്രിക്കും ഉയരത്തിലായിരുന്നു ദിഗംബര സന്യാസിയുടെ സ്ഥാനം. ഇതിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ സാഗര്‍ പൂജനീയമായ ഒരു സന്യാസിവരനാണ് എന്നും ഇദ്ദേഹം ആദരിക്കപ്പെടെണ്ടവനാണ് എന്നുമായിരുന്നു കെജ്രിവാളിന്‍റെ അഭിപ്രായം.

ജൈനസന്യാസിയെ സഭയില്‍ ക്ഷണിച്ച നടപടിയെ പിന്താങ്ങിയപ്പോള്‍ കോട്ടം സംഭവിച്ച പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് കെജ്രിവാള്‍ ഇപ്പോള്‍ നടത്തുന്നത്. നോട്ട് വിവാദത്തില്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്ത് വരാനുള്ള അവസരമാണ് കേജ്രിവാളിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും

ആരാണ് ഇനി ഇവിടെ പ്രതിപക്ഷമാകേണ്ടത്? ധാരണക്കാരന്‍റെ ദുരിതം ഇപ്പോഴും തുടരുന്നു. ബാങ്കിന് പുറത്തുള്ള ക്യൂവിലും, ജീവന്‍ രക്ഷിക്കാന്‍ പോലും പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രി വരാന്തകളിലും അപ്രതീക്ഷിത ആഘാതത്തില്‍ മരണപ്പെട്ട പ്രിയപ്പെട്ടവരുടെ വേര്‍പാടിലും അവര്‍ വിഡ്ഢികളായി തുടരുന്നു. ഇവരെ പ്രതിനിധീകരിക്കുന്ന ഒരു പ്രതിപക്ഷം ഇവരുടെ ആവശ്യമാണ്‌. ടിവിയിലെ മികച്ച പ്രകടനത്തിനായി സഭയില്‍ പൊറോട്ട് നാടകം കളിക്കുന്നവരെയല്ല. അവരെ വിഡ്ഢികളായി മാത്രം കരുതാത്ത ജനപ്രതിനിധികളാണ് സര്‍ക്കാരിന്‍റെ പ്രതിപക്ഷമാകേണ്ടത്.

ഏറ്റവും അപകടകരമായ ഒന്നാണ് പാകിസ്ഥാന്‍ എന്ന് ഇന്ത്യക്കാർ പൊതുവേ വിലയിരുത്താറുണ്ട്. എന്നാല്‍ സാധാരണക്കാരായ പൊതുജനത്തിന്‍റെ നിരാശയും അമര്‍ഷവും വേദനയും മനസിലാക്കാന്‍ കഴിയാത്ത പ്രതിപക്ഷം അതിലും എത്രയോ അപകടമാണ്.

ശ്രദ്ധിക്കുക: സ്വന്തം പണം കൈപ്പറ്റാന്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത് ഭരണഘടന വിരുദ്ധമാണ്. ആ അസൗകര്യമാണ് ദേശവിരുദ്ധതയുടെ പുതിയ ഭാഷ്യം!

Story by
Read More >>