വിഎസിന്റെ മൂന്നാര്‍ കുടിയൊഴിപ്പിക്കലും മോദിയുടെ നോട്ടുനിരോധനവും അഥവാ ജനാധിപത്യ വ്യവസ്ഥിതിയിലെ വിപ്ലവകാരികള്‍

ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന കള്ളപണം ഇനിയൊരിക്കലും ഉണ്ടാകാത്ത വിധം തടയുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിനാണ് 1000 ത്തിന്‍റെ രൂപ നിര്‍ത്തലാക്കി 2000 ത്തിന്‍റെ രൂപ പുറത്തിറക്കുന്നത്. ചാക്കില്‍ കെട്ടി സൂക്ഷിക്കുന്നവര്‍ക്ക് 1000 ത്തേക്കാള്‍ 2000 ആണു കൂടുതല്‍ സൗകര്യം.

വിഎസിന്റെ മൂന്നാര്‍ കുടിയൊഴിപ്പിക്കലും മോദിയുടെ നോട്ടുനിരോധനവും അഥവാ ജനാധിപത്യ വ്യവസ്ഥിതിയിലെ വിപ്ലവകാരികള്‍

അനൂപ് എം കെ

വിഎസ് അച്യുതാനന്ദന്‍റെ അഞ്ചു വര്‍ഷത്തെ ഭരണത്തിലെ എടുത്തുപറയാവുന്ന ഒന്നായിരുന്നു മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ശ്രമം. എന്നാല്‍ ആ തുടക്കത്തിനു തുടര്‍ച്ച നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, ഒരു ജനാധിപത്യ സംവിധാനത്തിനുള്ളില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിവില്ലാത്ത ഭരണാധികാരിയെന്ന നിലയിലേക്ക് അദ്ദേഹത്തിന്‍റെ ഇമേജ് മാറി. അദ്ദേഹമിപ്പോഴും നല്ല ജനനായകനാണ്, പ്രതിപക്ഷനേതാവാണ്‌, ആള്‍ക്കൂട്ടത്തെ നയിക്കുന്ന നേതാവാണ്‌, പക്ഷെ നല്ല മുഖ്യമന്ത്രിയല്ല. ഇതിന്‍റെ കാരണമന്വേഷിച്ചാല്‍ നാമെത്തിച്ചേരുക ജനാധിപത്യത്തെ സംബന്ധിച്ച ചില പ്രാഥമിക തത്വങ്ങളിലാണ്.


ജനാധിപത്യമെന്നത് ഭൂരിപക്ഷതാ വാദമല്ല.  അതായത് ഭൂരിപക്ഷത്തിനു തോന്യാസം പോലെ പ്രവര്‍ത്തിക്കാനുള്ളതല്ല ജനാധിപത്യം. ജനാധിപത്യം പ്രതിപക്ഷ ബഹുമാനത്തിലതിഷ്ടിതമാണ്. നയ രൂപീകരണത്തില്‍ ഭൂരിപക്ഷത്തിനു മുന്‍‌തൂക്കം ലഭ്യമാകുമ്പോഴും ന്യൂനപക്ഷ താത്പര്യങ്ങളെയും കണക്കിലെടുക്കാതെ അതിനു മുന്നോട്ടു പോകാന്‍ സാധ്യമല്ല. താനെടുക്കുന്ന നയം 100% ശരിയായിരിക്കുമ്പോഴും അതില്‍ നഷ്ടം സംഭവിക്കുന്ന വിഭാഗങ്ങളെ കേള്‍ക്കാനും അവര്‍ക്ക് നീതി പൂര്‍വമായ ഉത്തരങ്ങള്‍ നിയമ വാഴ്ചയിലുടെ നല്‍കാനും മഹാ ഭൂരിപക്ഷത്തിന്‍റെയും പിന്തുണയുണ്ടെങ്കില്‍ കൂടി ഭരണകൂടം തയ്യാറാകേണ്ടതുണ്ട്. ഇതു ജനാധിപത്യത്തിന്‍റെ പരിമിതിയും ശക്തിയുമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന് 'വിപ്ലവകരമായ' മുന്നേറ്റങ്ങള്‍ സാധ്യമല്ല. അടിവച്ചടിവച്ച 'പരിഷ്കരണങ്ങള്‍' മാത്രമേ സാധ്യമാകു.

ഇതു തിരിച്ചറിയാന്‍ കഴിയാതെ, ഒരു ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ തന്നെ  വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗം ജനത ദാഹിക്കുകയും അവരെ സംതൃപ്തരാക്കാന്‍ വിപ്ലവ മോഹികളായ ഭരണാധികാരികള്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഉലച്ചില്‍ സംഭവിക്കുകയോ ഭരണാധികാരി തുടക്കത്തിലെ കുതിപ്പിനുശേഷം കിതച്ചു പിന്മാറുകയോ ചെയ്യേണ്ടി വരുന്നു എന്നതാണു ചരിത്രം. ഇതു തന്നെയാണ് ഒരു പരിധിവരെയെങ്കിലും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനും വിഎസ്അച്യുതാനന്ദനും സംഭവിച്ചത്.

ഒരു സുരേഷ് ഗോപി സിനിമ കാണുന്ന ലാഘവത്തോടെ മൂന്നാര്‍ കയ്യേറ്റവും ജെസിബി ഇടിച്ചുനിരത്തലും കയ്യടിച്ചാസ്വദിച്ച വിപ്ലവദാഹികളായ മലയാളികള്‍, ജനാധിപത്യത്തിന്‍റെ നട്ടെല്ല് നിയമവാഴ്ചയാണെന്നു മറന്നുപോകുകയായിരുന്നു. അച്യുതാനന്ദന്‍റെ മൂവര്‍ സംഘം ഓരോരുത്തരും സുരേഷ് ഗോപിയുടെ നായക റോള്‍ ആടിത്തിമര്‍ക്കുകയായിരുന്നു. അവസാനം എല്ലാവര്‍ക്കും വാലും ചുരുട്ടിക്കെട്ടി പോകേണ്ടിവന്നു. ഒരു നല്ല ഉദ്യമത്തെ അപ്രായോഗികതയില്‍ ചാലിച്ചെടുത്തതിന്‍റെ ഫലം.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന്‍റെ വലിയ രൂപത്തിലുള്ള ആവര്‍ത്തനമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ 500/1000രൂപാ നോട്ടുകളുടെ നിരോധനവും. ഒറ്റനോട്ടത്തില്‍ ഇതൊരു വിപ്ലവകരമായ നടപടിയാണ്. അതുകൊണ്ടു തന്നെയാണ് സാധാരണക്കാരായ, നേര്‍രേഖയില്‍ ചിന്തിക്കുന്ന ഏവരെയും സന്തോഷിപ്പിക്കുന്നതും. കള്ളപ്പണവും കള്ളനോട്ടും തടയാനും അതുവഴി അതിര്‍ത്തി കടന്നുള്ള തീവ്രവാദം, മയക്കുമരുന്ന് മാഫിയ, റിയല്‍ എസ്റ്റേറ്റ്‌ മാഫിയ, കള്ളനോട്ടു മാഫിയ തുടങ്ങി ഇന്ത്യ പുതിയ കാലത്തു നേരിടുന്നഎല്ലാ ഛിദ്രശക്തികളെയും ഒറ്റയടിക്ക്  ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണെന്നാണ് പ്രചരണം. അതുകൊണ്ടു തന്നെ വിപ്ലവ ദാഹികളായ സാധാരണക്കാര്‍ പുതിയ സുരേഷ്ഗോപി സിനിമക്കും കയ്യടിക്കും ആര്‍പ്പുവിളികള്‍ക്കും സജ്ജരാവുകയാണ്. ഈ സമയത്ത് നാം ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.

1978 ലെ ജനതാ സര്‍ക്കാര്‍ 1000, 5000, 10000 രൂപാ നോട്ടുകള്‍ നിരോധിച്ചിരുന്നു. ഇതേ കാരണം കൊണ്ടുതന്നെ. കള്ളപ്പണവും കള്ളനോട്ടും തടയാന്‍. 38 വര്‍ഷത്തിനുശേഷവും അതേ രോഗത്തിന് അതേ ചികിത്സ തന്നെ വീണ്ടും ചെയ്യേണ്ടി വരുന്നത് എന്തു കൊണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ജനതാ സര്‍ക്കാര്‍ അന്നു നോട്ടു നിരോധന തീരുമാനമെടുത്തപ്പോള്‍ അന്നത്തെ റിസേര്‍വ്ബാങ്ക് ഗവര്‍ണര്‍ ഐ ജി പട്ടേല്‍ അദ്ദേഹത്തിന്‍റെ Glimpses of Indian Economic Policy:an insider's View എന്ന പുസ്തകത്തില്‍ പറയുന്നത് "കള്ളപ്പണം ആരും അധിക കാലം നോട്ടുകളായി സൂക്ഷിക്കുകയില്ല, കള്ളപ്പണം ചാക്കില്‍കെട്ടി തലയിണക്കടിയിലും പെട്ടിയിലും സൂക്ഷിക്കുന്നുവെന്നത് ഒരു മിഥ്യാധാരണയാണ്. അങ്ങനെ സൂക്ഷിക്കപ്പെടുന്നത് യഥാര്‍ത്ഥ കള്ളപ്പണത്തിന്‍റെ വളരെ ചെറിയ അളവു മാത്രമാണ്"

ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന കള്ളപണം ഇനിയൊരിക്കലും ഉണ്ടാകാത്ത വിധം തടയുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിനാണ് 1000 ത്തിന്‍റെ രൂപ നിര്‍ത്തി 2000 ത്തിന്‍റെ രൂപ പുറത്തിറക്കുന്നത്. ചാക്കില്‍ കെട്ടി സൂക്ഷിക്കുന്നവര്‍ക്ക് 1000 ത്തേക്കാള്‍ 2000 ആണു കൂടുതല്‍ സൗകര്യം. ഈ പരിപാടി കഴിയുന്നത്ര കുറയ്ക്കാന്‍ 500 നുമുകളില്‍ നോട്ടു വേണ്ടായെന്നു തീരുമാനിച്ചാല്‍ മതി. യൂറോ 500, യുഎസ് ഡോളര്‍ 100 ആണ് കൂടിയ നോട്ടുകള്‍.

സ്വിസ്സ് ബാങ്ക്, കെയ്മാൻ ഐലന്റ്, ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് എന്നീ കള്ളപ്പണത്തെ വെളുപ്പിക്കയും സൂക്ഷിക്കയും ചെയ്യുന്ന ഏർപ്പാടിലാണ് ഇന്ത്യയിലെ കള്ളപ്പണമുള്ള ഉപരിവർഗ്ഗം കുറേ വർഷങ്ങളായി ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ മഹാഭൂരിഭാഗം ഇവരുടെ പക്കലാണ്. ഈ വിഭാഗത്തെ നോട്ടു നിരോധനം ഏശില്ല. ഇവരെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഭരണകൂടം ഇടപെടുക എന്നതാണ്. ഇതിനു പക്ഷേ വലിയ ഇച്ഛാ ശക്തി തന്നെ ഭരണകൂടത്തിനു ആവശ്യമുണ്ട്. കയ്യടി വാങ്ങാനുള്ള പ്രസംഗങ്ങളല്ല, ക്രിയാത്മകമായ ഇടപെടലാണ് ഇതിനാവശ്യം. ഒപ്പം ദേശീയതലത്തില്‍ കോര്‍പ്പറേറ്റ് മാഫിയകളെ നിയന്ത്രിക്കാനുള്ള നിയമങ്ങളും വേണ്ടതുണ്ട്. വോഡാഫോണ്‍ കമ്പനി ഇന്ത്യയില്‍ ഉണ്ടാക്കിയ ലാഭത്തിനു 20000 കോടി രൂപയുടെ നികുതി ഒഴിവാക്കികൊടുത്തത് നമ്മുടെ ഭരണകൂടത്തിന്‍റെ വിധേയത്വത്തിന്‍റെ ഉത്തമ ഉദാഹരണമാണ്.

ഉപരിമധ്യവര്‍ഗമാകട്ടെ, കള്ളപ്പണം സ്വന്തമോ ബിനാമിയോ ആയി സൂക്ഷിക്കുന്നവരാണ്. ഇവർ സ്വർണ്ണമായും റിയല്‍ എസ്റ്റേറ്റ്‌, അമേരിക്കൻ ഡോളറായുമാണ് കള്ളപ്പണം സൂക്ഷിക്കുക. മൂല്യം കുറയാതെ എളുപ്പം സൂക്ഷിക്കാമെന്നതാണ് ഇവയുടെ ഗുണം. ഇവരെയും നോട്ടു നിരോധനം കാര്യമായി ബാധിക്കില്ല.

ഇവർക്കെല്ലാം താഴെ വരുന്ന ചെറുകിട കള്ളപ്പണക്കാരാണ് 1000/500 രൂപകളായി പണം സൂക്ഷിക്കുക. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ വളരെ ചെറിയ ഭാഗമേ ഇങ്ങിനെ സൂക്ഷിക്കപെടാൻ സാധ്യതയുള്ളു. ഇവരാകട്ടെ സാധാരണക്കാരില്‍ നിന്നും  റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലൂടെ  ഉയര്‍ന്നുവന്ന പുതുപ്പണക്കാരായിരിക്കും. നാം നേരത്തെ സൂചിപ്പിച്ച, സുരേഷ്ഗോപി സിനിമയ്ക്കു കയ്യടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിപ്ലവ ദാഹികളായ എണ്ണത്തില്‍ ഭൂരിപക്ഷം വരുന്ന വിഭാഗം, ഈ പുതുപ്പണക്കാരോട് ഒളിഞ്ഞും തെളിഞ്ഞും കാലങ്ങളായി അസൂയ സൂക്ഷിക്കുന്നവരായിരിക്കും.

അയല്‍പക്കത്തെ ചെറുകിട കള്ളപണക്കാരന്‍റെ പണം കുറേ നിരോധനം മൂലം നഷ്ടപ്പെടുന്നുവെന്ന അറിവ് ഈ വിപ്ലവദാഹികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ കള്ളപ്പണത്തിന്‍റെ മഹാഭൂരിപക്ഷം കൈവശം വച്ചിരിക്കുന്ന ഉപരിവര്‍ഗമല്ല. മറിച്ച് അയല്‍പക്കത്തെ റിയല്‍ എസ്റ്റേറ്റ്‌ വഴി ബെന്‍സ്‌ കാര്‍ വാങ്ങി തന്നെ അസൂയപെടുത്തിയ ചെറുകിട കള്ളപ്പണക്കാരനാണ് തകര്‍ക്കപ്പെടെണ്ടത്.

ചുരുക്കിപ്പറഞ്ഞാല്‍ ഈ നിരോധനം ഫലത്തില്‍ ഉന്നം വെക്കുന്നത് കള്ളപ്പണ മേഖലയിലെ തിമിംഗലങ്ങളെയല്ല, അയിലയെയും മത്തിയെയുമാണ്. മധ്യവര്‍ഗത്തിന്‍റെ ചില അസൂയകളെയും കൊതി കെറുവുകളെയും തൃപ്തിപ്പെടുത്തുന്നതായി സ്വയം തോന്നുന്നു. ഒരുതരം സ്വയംഭോഗ സുഖം നൽകുന്നു. അത്രമാത്രം....

കള്ളനോട്ടുകളുടെ കാര്യം മറ്റൊന്നാണ്. അതിര്‍ത്തികടന്നുവരുന്ന കള്ളനോട്ടുകളാണ് പിടിക്കപെടാന്‍ ബുദ്ധിമുട്ടുള്ളവ. അവ വരുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തി അടക്കാതെ അവയുടെ പ്രവാഹത്തെ നിയന്ത്രിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പരിഹാരങ്ങളാണ് നിരോധനത്തെക്കാള്‍ ഫലപ്രദമെന്നു ലോകരാഷ്ട്രീയം നമ്മോടു പറയുന്നുണ്ട്. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം മൂല്യത്തില്‍ കണക്കാക്കിയാല്‍ 500/1000 രൂപാ നോട്ടുകളുടെ മൊത്ത വില, ആകെയുള്ള നോട്ടുകളുടെ വിലയുടെ 86% ആണ്. ഇതാകട്ടെ 14 ലക്ഷം കോടി രൂപയാണ്. ഇതു എണ്ണത്തില്‍ കണക്കാക്കിയാല്‍ 2200 കോടി എണ്ണം നോട്ടുകളാണ്. 10 ലക്ഷം നോട്ടുകള്‍ക്ക് 250 കള്ളനോട്ടുകള്‍ ഉണ്ടെന്ന കണക്കാണ് Indian Statistical Institute നടത്തിയ പഠനം വ്യക്തമാക്കുന്നത്. 400 കോടി രൂപയുടെ കള്ളനോട്ടുകള്‍.  എന്നുവച്ചാല്‍ 0.025% കള്ളനോട്ടുകള്‍. എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്ന അവസ്ഥ.

കള്ളപ്പണം നിയന്ത്രിക്കാന്‍ അന്തര്‍ ദേശിയ കരാറുകളും നിയമ നടപടികളും ഒപ്പം FDI വഴിവരുന്ന നിക്ഷേപങ്ങളിലെ ഓഫ്ഷോര്‍ കമ്പനികളുടെ സുതാര്യതയ്ക്കു നിയമങ്ങള്‍ നിര്‍മ്മിക്കലും രാഷ്ട്രത്തിനകത്തെ കോര്‍പ്പറേറ്റ് നിയമങ്ങള്‍ സാമൂഹ്യക്ഷേമം കണക്കാക്കി നവീകരിക്കലുമാണ് വേണ്ടത്. മുകളില്‍ നിന്നാണ് തുടങ്ങേണ്ടത്, താഴെനിന്നല്ല. അതായത് KSEB യെ അഴിമതി മുക്തമാക്കാന്‍ ലൈന്‍മാന് ലഭിക്കുന്ന 50/100 യെ നിയന്ത്രിച്ചു തുടങ്ങുകയല്ല , ചെയര്‍മാനിലോ ചീഫ് എഞ്ചിനീയറിലോ തുടങ്ങണം. സ്വാഭാവികമായും താഴെയുള്ളവരില്‍ അതു കണ്ട് സ്വയം നിയന്ത്രണം കൊണ്ടുവരും.

കള്ളനോട്ടുകള്‍ നിയന്ത്രിക്കാന്‍ ബംഗ്ലാദേശ്/നേപ്പാള്‍/ഭുട്ടാന്‍ തുടങ്ങിയ അയൽ രാജ്യങ്ങളുമായി  ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുവാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ഉത്തമ മാര്‍ഗം.