അയ്യോ മറക്കല്ലേ! നോട്ട് മാറാന്‍ ബാങ്കിലേയ്ക്കു പോകുമ്പോള്‍ ബാഗില്‍ കരുതേണ്ട 16 അവശ്യ വസ്തുക്കള്‍

ബാങ്കിലേയ്ക്ക് നോട്ട് മാറാന്‍ രാവിലെ ഇറങ്ങുമ്പോള്‍ മറക്കാതെ കൊണ്ടു പോകേണ്ട 16 അവശ്യ വസ്തുക്കള്‍- ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. സ്വാനുഭവത്തില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ കൂടി ചേര്‍ത്ത് നമുക്കീ ലിസ്റ്റ് പൂര്‍ണ്ണമാക്കാം. ബാഗില്‍ ലഗേജ് അല്‍പ്പം കൂടിയാലും സാരമില്ല, കാര്യം നടക്കണമല്ലോ!

അയ്യോ മറക്കല്ലേ! നോട്ട് മാറാന്‍ ബാങ്കിലേയ്ക്കു പോകുമ്പോള്‍ ബാഗില്‍ കരുതേണ്ട 16 അവശ്യ വസ്തുക്കള്‍

കാര്യങ്ങള്‍ ഇപ്പോഴത്തേതു പോലെ തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ബാങ്കില്‍ ഇടപാട് നടത്താന്‍ പോകുമ്പോള്‍ വലിയൊരു ബാഗ് തന്നെ കൂടെക്കരുതേണ്ടി വരും. നിങ്ങള്‍ക്ക് 500 രൂപ മാത്രം മാറാനായാലും ബാങ്കില്‍ ചെല്ലുമ്പോള്‍ റോഡിലേക്ക് നീളുന്ന വലിയൊരു ക്യൂവിന്റെ അവസാനം ആരുടെയെങ്കിലുമൊക്കെ 'പിതൃസ്മരണ' നടത്തിക്കൊണ്ട് നില്‍ക്കേണ്ട ഗതികേട് വന്നേക്കാം. അപ്പോഴാകും നേരത്തെ പറഞ്ഞ ബാഗിന്റെ ആവശ്യം മനസിലാകുക. ഇനി താഴേക്ക് വായിച്ചാല്‍ ബാഗില്‍ കരുതേണ്ടത് എന്തിനാണെന്ന് മനസിലാകും.


1.
ഐഡി പ്രൂഫ്-ആധാര്‍-പാന്‍-പാസ്‌പോര്‍ട്ട്-ഡ്രൈവിംഗ് ലൈസന്‍സ്: കാര്യം നിങ്ങള്‍ ജോലി ചെയ്ത് ഉണ്ടാക്കിയ പണമൊക്കെയാകാം കൈയിലുണ്ടാകുക. എന്നാല്‍ വെറും 500 രൂപ മാറാന്‍ പോയാലും മാറിത്തരണമെങ്കില്‍ ഇപ്പറഞ്ഞ സാധനങ്ങളില്‍ ഒരെണ്ണം കയ്യിലുണ്ടാകണം. ഇല്ലെങ്കില്‍ വെയിലും കൊണ്ട് ക്യൂ നിന്ന് അവസാനം കൗണ്ടറിലെത്തുമ്പോള്‍ പ്ലിംഗാനാകും വിധി. കൗണ്ടറില്‍ ഒരു ഫോം ഫില്‍ ചെയ്തു കൊടുക്കേണ്ടി വരുമെന്ന കാര്യവും ഓര്‍മിക്കുക. പേനയും കരുതുന്നതാകും ബുദ്ധി. രേഖയില്ലെങ്കില്‍ കള്ളപ്പണവും കൊണ്ടു വന്നിരിക്കുന്ന ദേശവിരുദ്ധന്‍ എന്ന നോട്ടങ്ങള്‍ നിങ്ങളുടെ നേരെ നീണ്ടു വന്നേക്കാം.

2.
ബാങ്ക് അക്കൗണ്ട്: അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ തന്നെ പിന്‍വലിച്ച തുക വീണ്ടും അക്കൗണ്ടിലിട്ട് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള പുതിയ 'സൗകര്യ'ത്തിന്റെ ഭാഗമായി അക്കൗണ്ട് നമ്പര്‍ എഴുതിയ കടലാസോ പാസ് ബുക്കോ തന്നെ ബാഗില്‍ സൂക്ഷിച്ചോളൂ. എന്റെ പണം എന്റെ അക്കൗണ്ടിലിട്ട് എന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുന്ന ആ ഗതികേടിന്റെ പേരു കൂടിയാണല്ലോ നോട്ട് മാറ്റല്‍.

3.
കുടി വെള്ളം (കുറഞ്ഞത് നാല് ബോട്ടില്‍): ബാങ്കില്‍ പോകുമ്പോള്‍ ഏസിയില്‍ നില്‍ക്കാം എന്നാണെങ്കില്‍ സോറി. ക്യൂ പൊതുവെ നിരത്തിലാണ്. വാലറ്റത്താണ് ഇടം കിട്ടുന്നതെങ്കില്‍ വെയിലേറ്റ് കരുവാളിക്കും. നല്ല വെയിലുള്ള സമയമായതുകൊണ്ട് കുടിവെള്ളം വളരെ അത്യാവശ്യമായിരിക്കും. വെയിലത്ത് നിന്ന് തൊണ്ട വരളുമ്പോഴൊക്കെ കുടിക്കേണ്ടതുകൊണ്ട് നാല് കുപ്പി വെള്ളമെങ്കിലും കരുതുന്നത് ബുദ്ധിയാകും. മൂത്രമൊഴിക്കാന്‍ പോകേണ്ടി വരുമ്പോള്‍ മുന്നിലും പിന്നിലും നില്‍ക്കുന്ന ആളോട് അനുവാദം ചോദിക്കാന്‍ മറക്കരുത്.

4.
സണ്‍ബേണ്‍ ക്രീമുകള്‍: ക്രിക്കറ്റു കളിക്കാരൊക്കെ മുഖത്ത് തേച്ചു പിടിപ്പിച്ചിരിക്കുന്ന വെളുത്ത ക്രീം കണ്ടിട്ടില്ലേ. അതു തന്നെ സാധനം. കരിച്ചു കളയുന്ന വെയിലില്‍നിന്ന്‌ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ഉപകരിക്കും.

5.
ഉച്ച ഭക്ഷണം: വെയിലത്ത് നിന്ന് തളരുമ്പോള്‍ വിശപ്പ് കൂടും. അതുകൊണ്ട് അല്‍പം കനത്തില്‍ തന്നെയുള്ള ഒരു ലെഞ്ച് ബോക്‌സ് കരുതിക്കോളൂ.

6.
കുട: പൊരിവെയിലത്ത് മണിക്കൂറുകള്‍ നില്‍ക്കേണ്ടി വരു ന്നതിനാല്‍ നല്ലൊരു കുട ബാഗില്‍ സൂക്ഷിച്ചോളൂ. മുന്‍ വര്‍ഷത്തെ കുടയാണെങ്കില്‍ അതിന്റെ സുഷിരത്തില്‍ കൂടി സൂര്യ കിരണങ്ങള്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ പുതിയത് വാങ്ങുന്നതും പരിഗണിക്കാവുന്നതാണ്.

7.
ബെഡ് ഷീറ്റ്: നിന്ന് കാല്‍ കഴയ്ക്കുമ്പോള്‍ ആവശ്യമെങ്കില്‍ റോഡില്‍ വിരിച്ചിരിക്കാന്‍ ഉപയോഗിക്കാം. അഥവ തളര്‍ന്നു വീണാല്‍ വിരിച്ചു കിടക്കുകയും ചെയ്യാം. ബെഡ് ഷീറ്റെടുക്കാന്‍ മറക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ദിനപത്രം കയ്യിലെടുത്തോളു. ക്ലാസിഫൈഡൊക്കെ വായിച്ചിട്ട് കുറേ കാലമായില്ലേ. വിരിച്ചിരിക്കുകയും ചെയ്യാം.

8.
മരുന്നുകള്‍: അത്യാവശ്യത്തിനുള്ള മരുന്നുകള്‍ കരുതണം. ബാങ്കില്‍ പോയി വേഗം തിരിച്ചുവരാമെന്ന് കരുതി മരുന്നുകള്‍ എടുക്കാതെ ഇറങ്ങരുത്. ദിവസവും മരുന്ന് കഴിക്കുന്നവര്‍ മൂന്ന് നേരത്തെയും മരുന്നുകള്‍ ബാഗില്‍ സൂക്ഷിക്കുന്നതാകും ബുദ്ധി. വെയില്‍ കൊണ്ട് തല കറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ തലകറക്കത്തിനുള്ള മരുന്ന് കരുതുന്നതും പരിഗണിക്കാവുന്നതാണ്.

9.
മൊബൈല്‍ റീചാര്‍ജ്: കുറേ നേരം നില്‍ക്കേണ്ടി വരാന്‍ സാധ്യതയുള്ളതുകൊണ്ട് റീ ചാര്‍ജ് കൂപ്പണുകള്‍ കരുതാം. സമയം പോകാനായി ലിസ്റ്റിലുള്ള കുറേപ്പേരെ ഒരാവശ്യമില്ലെങ്കിലും വിളിക്കേണ്ടി വരും. ബന്ധം വളരാന്‍ നോട്ട് നിരോധനം ഉപകരിച്ചു എന്ന അവകാശവാദം പ്രധാനമന്ത്രി പറയുമോ ആവോ.

10.
കപ്പലണ്ടി: മണിക്കൂറുകളെ അടിസ്ഥാനപ്പെടുത്തി ആറ് പാക്കറ്റ് കപ്പലണ്ടി വരെ കരുതാം. അടുത്ത് നില്‍ക്കുന്നവരുടെ ദേഹത്ത് തൊലി വീഴാതെ തിന്നാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം.

11.
മൊബൈല്‍ ഹെഡ്‌ഫോണ്‍: ബോറടി മാറ്റാനായി ഇടക്കൊരു പാട്ട് കേള്‍ക്കാനോ തോന്നിയാല്‍ ഹെഡ്‌ഫോണില്ലാതെ പറ്റില്ലല്ലോ.

12.
മൊബൈല്‍ പവര്‍ ബാങ്ക്: ബാറ്ററി ചാര്‍ജ് തീരാന്‍ സാധ്യതയുള്ളതിനാല്‍ ഫുൾ ചാര്‍ജ് ചെയ്ത പവര്‍ ബാങ്ക് ബാറ്ററി കരുതാം. അടുത്തു നില്‍ക്കുന്നയാളെ സഹായിച്ച് കാരുണ്യ പ്രവര്‍ത്തനവും നടത്താം.

13.
വൈകുന്നേരം കഴിക്കാനുള്ള ലഘു ഭക്ഷണം: വെയിലത്ത് നില്‍ക്കുമ്പോള്‍ വിശപ്പും ക്ഷീണവും കൂടാന്‍ സാധ്യതയുള്ളതിനാല്‍ ലഘുഭക്ഷണം പ്രധാനമാണ്.

14.
ബിസ്‌കറ്റ്: കപ്പലണ്ടി പോലെ തന്നെ ഇടയ്ക്ക് കഴിക്കാന്‍ ബിസ്‌കറ്റ് കരുതാം. തൊണ്ടയില്‍ കുടുങ്ങണേയെന്ന് പിന്നില്‍ നില്‍ക്കുന്നയാള്‍ പ്രാര്‍ത്ഥിക്കുന്നത് ഏറ്റാല്‍ പണിപാളും. വെള്ളം കയ്യില്‍ തന്നെ കരുതുക.

15.
പഴയ ഡയറികള്‍: വൃദ്ധജനങ്ങള്‍ക്ക് പഴയ ഡയറികള്‍ തീര്‍ച്ചയായും കൊണ്ടു പോകാം. ഡയറി പിന്നോട്ട് വായിച്ച് ബാല്യം കഴിഞ്ഞാലും നോട്ട് മാറി കിട്ടില്ല. അടുത്ത ദിവസം വരുമ്പോള്‍ പങ്കാളിയുടെ ഡയറി എടുത്തോളൂ- ജീവിതത്തില്‍ മറ്റൊന്നും ചെയ്യാനാവാതെ ക്യൂവില്‍ പെട്ടുപോകുന്ന അസുലഭാവസരം പാഴാക്കരുതല്ലോ.

16
എത്ര ബുദ്ധിമുട്ടിയാലും തല കറങ്ങി വീണാലും 'എല്ലാം രാജ്യത്തിന് വേണ്ടിയാണ്' എന്ന ചിന്ത (ഇത് വളരെ പ്രധാനം) ഉണ്ടാകണം- ഇങ്ങനെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് വെയിലു കൊണ്ട് രണ്ട് രണ്ടായിരം രൂപയുടെ നോട്ട് കയ്യില്‍ കിട്ടുമ്പോള്‍ തീര്‍ച്ചയായുംസന്തോഷം കൊണ്ട് ആരും പൊട്ടിക്കരഞ്ഞു പോയേക്കാം- തൂവാല മറക്കണ്ട!

(ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല, ക്യൂ നിന്ന അനുഭവത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കേട്ടവയില്‍ നിന്നും കൂടുതല്‍ അവശ്യ വസ്തുക്കളെ കുറിച്ച് ധാരണയുണ്ടെങ്കില്‍ അതു കൂടി കമന്റ് ബോക്‌സില്‍ ഉള്‍പ്പെടുത്തുമല്ലോ. നോട്ട് മാറാന്‍ പോയ നമുക്കെല്ലാം ചേര്‍ന്ന് ഈ ലിസ്റ്റ് പൂര്‍ണ്ണമാക്കാം. ബാഗിലെ ലഗേജ് അല്‍പ്പം കൂടിയാലും സാരമില്ല- കാര്യം നടക്കണമല്ലോ- ജയ് മോഡി!)

Story by
Read More >>