ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹിക്കെതിരെ; മത്സരം വൈകീട്ട് ഏഴിന്

ഡൽഹിയുടെ ആക്രമണനിരയും ബ്‌ളാസ്റ്റേഴ്‌സിന്റെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും ഇന്ന് നടക്കുക.

ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹിക്കെതിരെ; മത്സരം വൈകീട്ട് ഏഴിന്

ന്യൂഡൽഹി: കേരള ബ്ലാസ്‌റ്റേഴ്‌സും ഡൽഹി ഡയനാമോസും ഇന്ന് ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളിൽ ഏറ്റുമുട്ടും. കൊച്ചിയിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ഇരുപക്ഷവും പ്രതീക്ഷീക്ഷിക്കുന്നില്ല.
മൂന്നാം സീസണിൽ സ്വന്തം ഗ്രൗണ്ടിൽ ഒറ്റ മത്സരം പോലും ജയിച്ചിട്ടില്ലാത്ത ടീമാണ് ഡൽഹി ഡൈനാമോസ്. ഇതുവരെയുള്ള മൂന്ന് ഹോം മാച്ചുകളിലും അവർ സമനിലയിൽ കുടുങ്ങുകയായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഡൽഹി ഡൈനാമോസ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒറ്റപോയിന്റ് മാത്രം കുറവുള്ള ബ്‌ളാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തും.

എവേ മത്സരങ്ങളിൽ രണ്ട് വിജയം നേടിയ ഡൽഹി 10 ഗോളുകൾ ഇതിനകം നേടിയിട്ടുണ്ട്. സീസണിൽ എതിരാളികൾക്ക് നേരെ ഏറ്റവും കൂടുതൽ ഷോട്ടുകൾ പായിച്ച ടീമും ഡൽഹിയാണ്. സൂപ്പർ താരങ്ങളായ മാഴ്‌സെലീഞ്ഞോയും റിച്ചാർഡ് ഗാഡ്‌സെയുമാണ് ജിയാൻ ലൂക്ക സംബ്രോട്ട പരിശീലിപ്പിക്കുന്ന ഡൈനാമോസിന്റെ ഗോളടിയന്ത്രങ്ങൾ.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ വരവ്. സീസന്റെ തുടക്കത്തിലെ രണ്ട് തോൽവികളിൽ നിന്ന് കരകയറിയ സ്റ്റീവ് കോപ്പലിന്റെ മഞ്ഞപ്പട പിന്നീട് രണ്ട് വിജയങ്ങളും നാല് സമനിലകളുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ ബ്‌ളാസ്റ്റേഴ്‌സ് സമനിലയിൽ തളച്ചിരുന്നു. എഫ്.സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച വീര്യവുമായാണ് ഡയനാമോസ് നിര ഇന്നിറങ്ങുന്നത്.
ഡൽഹിയുടെ ആക്രമണനിരയും ബ്‌ളാസ്റ്റേഴ്‌സിന്റെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാകും ഇന്ന് നടക്കുക. മാഴ്‌സെലീഞ്ഞോയെയും ഗാഡ്‌സെയെയും തടുക്കാൻ നായകൻ ആരോൺ ഹ്യൂസ്, സന്ദേശ് ജിംഗാൻ എന്നിവരടങ്ങുന്ന പ്രതിരോധ നിരയെയാകും ബ്‌ളാസ്റ്റേഴ്‌സ് വിന്യസിക്കുക.

Story by
Read More >>