മുന്നേറ്റം പണ്ടേ ദുർബലം ഇപ്പോൾ പ്രതിരോധവും പാളി: ബ്ലാസ്റ്റേഴ്‌സിന് ഡൽഹിക്കെതിരെ തോൽവി

മുൻ നിരയിൽ മുഹമ്മദ് റാഫിയും ബെൽഫോർട്ടും ഒറ്റയ്ക്കു നടത്തിയ ചില മുന്നേറ്റങ്ങൾ മാത്രമാണ് കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

മുന്നേറ്റം പണ്ടേ ദുർബലം ഇപ്പോൾ പ്രതിരോധവും പാളി: ബ്ലാസ്റ്റേഴ്‌സിന് ഡൽഹിക്കെതിരെ തോൽവി

ന്യൂഡൽഹി: ഐ.എസ്.എല്ലിൽ കേരള ബ്‌ളാസ്റ്റേഴ്‌സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ഡൽഹി ഡൈനാമോസിന് വിജയം. ജയത്തോടെ 13 പോയിന്റുമായി ഡൽഹി പട്ടികയിൽ ഒന്നാമതായി. ഒമ്പത് പോയിന്റുമായി കേരളം ആറാം സ്ഥാനത്ത് തന്നെ.
മത്സരത്തിന്റെ തുടക്കത്തിൽ മാത്രമാണ് കേരളത്തിന് മികവ് കാണിക്കാൻ കഴിഞ്ഞത്. മറ്റു സമയമെല്ലാം കളി ഡൽഹിയുടെ കൈകളിലായിരുന്നു. ഡൽഹി മുന്നേറ്റനിരയെ പിടിച്ചുകെട്ടുകയെന്ന സ്റ്റീവ് കോപ്പലിന്റെ തന്ത്രം ആദ്യപകുതിയിൽ വിജയം കണ്ടെങ്കിലും രണ്ടാം പകുതിയിൽ ഡൽഹി കൂടുതൽ ആക്രമണകാരികളായി. 55-ആം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദിയുടെ പിഴവിൽ നിന്നാണ് കീൻ ലൂയിസ് ഡൽഹിയുടെ ആദ്യഗോൾ നേടിയത്.

തനിക്ക് വന്ന മൈനസ് പാസ് കൃത്യമായി കണക്ട് ചെയ്യുന്നതിൽ പരാജയപ്പെട്ട നന്ദിയുടെ കാലിൽ നിന്ന് പന്ത് വഴുതി എത്തിയത് ഡൽഹിയുടെ ഫോർവേഡ് റിച്ചാർഡ് ഗാഡ്‌സെയുടെ കാലുകളിലേക്ക്. ഡിഫൻഡർമാരെ കബളിപ്പിച്ച് ഗാഡ്സെ പന്ത് കീൻ ലൂയിസിന് നൽകി. അഡ്വാൻസ് ചെയ്തു നിന്ന നന്ദിയെ മറികടന്ന് ലൂയിസിന്റെ പ്‌ളേസ് പോസ്റ്റിന്റെ വലതു മൂലയിലേക്ക്. ഇതോടെ ഡൽഹി ഒരു ഗോളിന് മുന്നിൽ. ഗോൾ വീണതോടെ കേരളം പതറി. നാലു മിനുറ്റിനകം ഡൽഹി ലീഡ് വർദ്ധിപ്പിച്ചു. ബോക്സിന്റെ ഇടതു മൂലയിൽ നിന്ന് മലൂദ കോരിയിട്ട പന്ത് വലതു ഭാഗത്തുനിന്ന് ഓടിവന്ന മാർസലീനിയോ പെരേര മനോഹരമായ ഹെഡ്ഡറിലൂടെ ഉയർന്നു ചാടിയ സന്ദീപ് നന്ദിയെയും മറികടന്ന് വലയിലെത്തിച്ചു.
കളി കൈവിടുമെന്ന് തോന്നിയ കോപ്പൽ 64-ആം മിനുറ്റിൽ മൂന്നുപേരെ മാറ്റി ലൈനപ്പ് ശക്തിപ്പെടുത്തി. ഇഷ്ഫാഖ് മുഹമ്മദിന് പകരം ഡക്കൻ നാസോണും എലാദി ഡോയെക്കു പകരം പ്രതീക് ചൗധരിയും ബെൽഫോർട്ടിനു പകരം അന്റോണിയോ ജർമ്മനും ഇറങ്ങി. തുടർന്ന് കേരളം ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഡൽഹി പ്രതിരോധ നിരയെ ഭേദിക്കാൻ തക്കതായിരുന്നില്ല.
67-ആം മിനുറ്റിൽ ഡൽഹി ലീഡ് വർദ്ധിപ്പിക്കുമെന്ന് തോന്നി. മാർലസീനിയോയുടെ ഷോട്ട് ഗോളി സന്ദീപ് നന്ദി തട്ടിയകറ്റിയെങ്കിലും പന്ത് ഗാഡ്സെയുടെ കാലിലേക്കാണെത്തിയത്. പോസ്റ്റ് ലക്ഷ്യമാക്കി ഗാഡ്‌സെ ഷോട്ട് തൊടുത്തെങ്കിലും പന്ത് ബാറിനു മുകളിലൂടെ പറന്നു.
പരിക്കു മൂലം കളിക്കാനാകാതിരുന്ന മാർക്വി താരം ആരോൺ ഹ്യൂസിന്റെ അസാന്നിദ്ധ്യം കേരളത്തിന്റെ പ്രകടനത്തിലുടനീളം നിഴലിച്ചു. ദേശീയ ടീമിനു വേണ്ടി കളിക്കാൻ പോകുന്ന ആരോൺ ഹ്യൂസ് അടുത്ത രണ്ടു മത്സരങ്ങളിലും കളിക്കില്ല. പരിക്കേറ്റ മൈക്കൽ ചോപ്രയും കളിച്ചില്ല. ബെൽഫോർട്ട് ഒരേ സമയം മിഡ്ഫീൽഡറുടെയും ഫോർവേഡിന്റെയും ദൗത്യം ഏറ്റെടുത്തു.
മുൻ നിരയിൽ മുഹമ്മദ് റാഫിയും ബെൽഫോർട്ടും ഒറ്റയ്ക്കു നടത്തിയ ചില മുന്നേറ്റങ്ങൾ മാത്രമാണ് കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഏകോപനമില്ലാത്തതിനാൽ അതെല്ലാം ഡൽഹി പ്രതിരോധത്തിൽ തട്ടി നിന്നു. 37-ആം മിനുറ്റിൽ ഇടതു വിങ്ങിൽ നിന്ന് ബെൽഫോർട്ട് ഒറ്റയ്ക്കു മുന്നേറി പോസ്റ്റിലേക്ക് അടിച്ച പന്ത് ബാറിനു മുകളിലൂടെ കടന്നുപോയി. 41-ആം മിനുറ്റിൽ ബെൽഫോർട്ടിന്റെ ക്രോസിന് കാഡിയ തലവച്ചെങ്കിലും നേരിയ വ്യത്യാസത്തിന് ലക്ഷ്യം തെറ്റി.
ഡൽഹിയിൽ ഡയനാമോസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം കാണാൻ മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും എത്തിയിരുന്നു.

Read More >>