ചെന്നൈയെ തകർത്ത് ഡൽഹി: വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്

ജയത്തോടെ ഒമ്പത് കളികളിൽ നിന്നും 16 പോയിന്റുള്ള ഡൽഹി ഒന്നാം സ്ഥാനത്തെത്തി. നാലു ജയവും നാലു സമനിലയും ഒരു തോൽവിയുമാണ് ഡൽഹിയുടെ കൈയിലുള്ളത്. ഒമ്പതു കളികളിൽ നാലെണ്ണം ജയിക്കുകയും മൂന്നെണ്ണം സമനിലയാവുകയും രണ്ട് മത്സരങ്ങളിൽ തോൽക്കുകയും ചെയ്ത മുംബൈ സിറ്റിയാണ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ.

ചെന്നൈയെ തകർത്ത് ഡൽഹി: വിജയം ഒന്നിനെതിരെ നാലു ഗോളുകൾക്ക്

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർലീഗിലെ നിലവിലെ ചാമ്പ്യൻമാരെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് ഡൽഹി ഡയനാമോസിന് തകർപ്പൻ വിജയം. മിന്നും ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ പിറന്ന നാലു ഗോളുകളിലും ഫ്‌ളോറെന്റ് മലൂദയുടെ കാൽസ്പർശമുണ്ടായിരുന്നു. മത്സരത്തിൽ മലൂദ രണ്ട് ഗോളുകളും റിച്ചാർഡ് ഗാഡ്‌സെ, ലൂയിസ് എന്നിവർ ഓരോ ഗോൾ വീതവും ഡൽഹിക്ക് വേണ്ടി നേടി. ബെർണാഡ് മെൻഡിയാണ് ചെന്നൈയ്ക്ക് വേണ്ടി ഏക ഗോൾ നേടിയത്.


മൂന്നാം സീസന്റെ തുടക്കത്തിൽ ഡൽഹിക്കെതിരെ 3-1ന് തോറ്റതിന്റെ പ്രതികാരം തീർക്കാൻ എത്തുമെന്ന് കരുതിയ ചെന്നൈയ്ക്ക് അതിലും ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആധികാരിക വിജയം നേടിയ ഡൽഹി, ചെന്നൈയ്‌ക്കെതിരെയുള്ള മത്സരത്തിലും ആദ്യ ഇലവനിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ടീമിൽ അഞ്ചു മാറ്റങ്ങളോടെയായിരുന്നു ചെന്നൈയിൻ എഫ്.സിയെ കോച്ച് മറ്റരാസി ഇറക്കിയത്.

കളിയുടെ മൂന്നാം മിനുറ്റിൽ തന്നെ പരിക്കേറ്റ് പുറത്തുപോയ കൊൻശാം സിങ്ങിന് പകരം ലാൽച്വാൻകീമയെ ഡൽഹി കോച്ച് സംബ്രോട്ടയ്ക്ക് കളത്തിലിറക്കേണ്ടിവന്നു. 15-ആം മിനുറ്റിൽ ചെന്നൈയിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് പന്ത് തട്ടിയെടുത്ത ഫ്‌ളോറെന്റ് മലൂദ അത് മാർക്വീ താരമായ സിയാം ഹാങ്ങലിന് കൈമാറി. പന്ത് പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചെങ്കിലും കരൺജിത്ത് സിങ് രക്ഷകനായി. എന്നാൽ റീബൗണ്ട് ചെയ്തുവന്ന പന്തിന് വലയ്ക്കുള്ളിലേക്ക് വഴി കാണിച്ച് ഡൽഹിക്ക് റിച്ചാർഡ് ഗാഡ്‌സെ ആദ്യ ലീഡ് സമ്മാനിച്ചു.
പത്തു മിനുറ്റിനകം മലൂദയുടെ വക രണ്ടാം ഗോളും ചെന്നൈയുടെ വലയിൽ വീണു. ഗാഡ്‌സെ കൈമാറിയ പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് താഴ്ത്തിയടിച്ചാണ് 25-ആം മിനുറ്റിൽ മലൂദ ടൂർണമെന്റിലെ തന്റെ രണ്ടാം ഗോൾ നേടിയത്. 37-ആം മിനുറ്റിൽ ബെർണാഡ് മെൻഡിയിലൂടെ ഒരു ഗോൾ മടക്കി കളിയിലേക്ക് മടങ്ങിവരാൻ ചെന്നൈയിൻ എഫ്.സി ശ്രമിച്ചെങ്കിലും നടന്നില്ല.

ആദ്യപകുതിക്ക് കളി നിറുത്തുമ്പോൾ 2-1 എന്ന നിലയിൽ ഡൽഹി തന്നെയായിരുന്നു മുൻപിൽ. രണ്ടാം പകുതിയിൽ കളി ആരംഭിച്ചശേഷം അൽപ്പം പരുക്കനായെങ്കിലും എട്ടുമിനുറ്റുകൾക്കകം 53-ആം മിനുറ്റിൽ ലൂയിസിലൂടെ ഡൽഹി ലീഡ് വർദ്ധിപ്പിച്ചു. ചെന്നൈയിൻ ഗോളി കരൺജിത്ത് സിങ്ങിനെ കബളിപ്പിച്ച് പന്ത് വലയ്ക്കുള്ളിലെത്തിച്ചത് ലൂയിസ് ആണെങ്കിലും ഗോളിലേക്ക് നയിച്ച മുന്നേറ്റത്തിന്റെ യഥാർത്ഥ ശിൽപ്പി മലൂദയായിരുന്നു. പിന്നീട് 85-ആം മിനുറ്റിൽ ലഭിച്ച ഗോളിൽ നിന്നും മലൂദ കളിയിലെ രണ്ടാം ഗോൾ കൂടി നേടിയതോടെ നിലവിലെ ചാമ്പ്യൻമാർക്ക് തിരിച്ചുകയറാൻ കഴിയാതെയായി.

ജയത്തോടെ ഒമ്പത് കളികളിൽ നിന്നും 16 പോയിന്റുള്ള ഡൽഹി ഒന്നാം സ്ഥാനത്തെത്തി. നാലു ജയവും നാലു സമനിലയും ഒരു തോൽവിയുമാണ് ഡൽഹിയുടെ കൈയിലുള്ളത്. ഒമ്പതു കളികളിൽ നാലെണ്ണം ജയിക്കുകയും മൂന്നെണ്ണം സമനിലയാവുകയും രണ്ട് മത്സരങ്ങളിൽ തോൽക്കുകയും ചെയ്ത മുംബൈ സിറ്റിയാണ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ. 15 പോയിന്റാണ് മുംബൈയ്ക്കുള്ളത്. എട്ടു കളികളിൽ നിന്നും 12 പോയിന്റുള്ള അത്‌ലറ്റികോ ഡി കൊൽക്കത്ത മൂന്നാം സ്ഥാനത്തും ഒമ്പത് കളികളിൽ നിന്നും 12 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തും എട്ടു കളികളിൽ നിന്നും 10 പോയിന്റുള്ള ചെന്നൈയിൻ അഞ്ചാം സ്ഥാനത്തുമാണ്.

Read More >>