സംസ്ഥാനം നേരിടുന്നത് നൂറ്റാണ്ടിലെ വലിയ മഴക്കുറവ് ; തുലാമഴ തകര്‍ത്തു പെയ്താലും വരാനിരിക്കുന്നത് കൊടിയ വരൾച്ച

ശരാശരി 2040 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട കാലവര്‍ഷത്തില്‍ ഇത്തവണ 1352 എംഎം മാത്രമാണ് ലഭിച്ചത്. അതായത് 34 ശതമാനം മഴയുടെ കുറവുണ്ടായി. കേരളത്തില്‍ ശരാശരി ലഭിക്കേണ്ട തുലാമഴയുടെ തോത് 481 എംഎം ആണ്. ഇതില്‍ ഒക്ടോബറില്‍ 289എംഎം മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ കിട്ടിയത് 105 എം എം മാത്രം.

സംസ്ഥാനം നേരിടുന്നത് നൂറ്റാണ്ടിലെ വലിയ മഴക്കുറവ് ; തുലാമഴ തകര്‍ത്തു പെയ്താലും വരാനിരിക്കുന്നത് കൊടിയ വരൾച്ച

കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ വലിയ മഴക്കുറവിനെയാണ് കേരളം അഭിമുഖീകരിക്കുന്നത്. ഇക്കാലയളവില്‍ കാലവര്‍ഷം ഏറ്റവും കുറഞ്ഞ 1918 ല്‍ 1150 മില്ലീമീറ്റര്‍ മാത്രമാണ് മഴ ലഭിച്ചത്. എന്നാല്‍ തുലാവര്‍ഷം തകര്‍ത്ത് പെയ്തതിനാല്‍  അന്ന് വരള്‍ച്ചാ ഭീഷണി ഒഴിഞ്ഞുപോകുകയായിരുന്നു. പിന്നീട് 1976 ലും 2002 ലും 2012ലും കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടായെങ്കിലും തുലാവര്‍ഷം രക്ഷയ്‌ക്കെത്തി. ഇത്തവണ കാലവര്‍ഷവും തുലാവര്‍ഷവും ഒരു പോലെ കുറഞ്ഞതിനാല്‍ കേരളം വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പാണ്.



[caption id="attachment_55426" align="aligncenter" width="680"]mazha ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷങ്ങളും മഴയുടെ അളവും[/caption]



ശരാശരി 2040 എംഎം മഴ ലഭിക്കേണ്ട കാലവര്‍ഷത്തില്‍ ഇത്തവണ 1352 എംഎം മാത്രമാണ് ലഭിച്ചത്. അതായത് 34 ശതമാനം മഴയുടെ കുറവുണ്ടായി. കേരളത്തില്‍ ശരാശരി ലഭിക്കേണ്ട തുലാമഴയുടെ തോത് 481 എംഎം ആണ്. ഇതില്‍ ഒക്ടോബറില്‍ 289എംഎം മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ കിട്ടിയത് 105 എം എം മാത്രം. 68 ശതമാനം മഴ കിട്ടിയില്ലെന്ന് സാരം.


ഇനി നവംബറിലും ഡിസംബറിലും തുലാമഴ തകര്‍ത്തു പെയ്താലും കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കിട്ടേണ്ട മഴയുടെ പകുതി പോലുമാകുന്നില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നവംബറില്‍ 158 എംഎം ഉം ഡിസംബറില്‍ 37 എംഎം ഉം മഴ ലഭിക്കേണ്ടതുണ്ട്. ലഭിക്കേണ്ട വേനല്‍ മഴയുടെ അളവ് 28 മില്ലീമീറ്റര്‍ മാത്രമാണ്‌.


സമീപകാലത്ത് ഏറ്റവും മഴക്കുറവുണ്ടായ 2012ല്‍ ലഭിച്ച തുലാമഴയെക്കാള്‍ കുറവായിരിക്കും ഇത്തവണത്തേതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷം കുറഞ്ഞപ്പോഴൊക്കെ തുലാമഴ ഭേദപ്പെട്ട വിധത്തില്‍ കിട്ടിയതിനാല്‍ വരള്‍ച്ച വലിയ ഭീഷണിയായിരുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ പറയുന്നു. എന്നാല്‍ ഇത്തവണ കാലവര്‍ഷത്തിലും തുലാമഴയിലും ഒരേപോലെ കുറവ് വന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും എസ് സുദേവന്‍ പറഞ്ഞു.



കരുതിയില്ലെങ്കില്‍ കടുത്ത ജലക്ഷാമം


കേരളം വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഭൂജല വകുപ്പും നല്‍കുന്നത്. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിക്കുന്നതിനൊപ്പം കുടിവെള്ള ലഭ്യതയിലും കുറവ് വന്നേക്കാമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. കര്‍ശന നടപടികളിലേക്ക് പോയില്ലെങ്കില്‍ സംസ്ഥാനം കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ഭൂജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ജോസ് ജയിംസ് പറയുന്നു.



[caption id="attachment_55438" align="aligncenter" width="362"]mazhakurav കാലവര്‍ഷത്തില്‍ വന്ന കുറവ്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 28 വരെയുള്ള കണക്ക്‌[/caption]




സെപ്റ്റംബര്‍ മാസത്തില്‍ ഭൂജല വകുപ്പ് നടത്തിയ പരിശോധനയില്‍ വയനാട്, എറണാകുളം , തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ കിണറുകളില്‍ ജലനിരപ്പ് താഴുന്നതായി  കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന ജലനിരപ്പായിരുന്നു ഇത്. 13 ശതമാനം കിണറുകളില്‍ രണ്ട് മുതല്‍ നാല് മീറ്റര്‍ വരെയാണ് ജലനിരപ്പ് താഴ്ന്നത്.  52 ശതമാനം കുഴല്‍ ക്കിണറുകളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വെള്ളം താഴ്ന്നു.  വേണ്ട അളവില്‍ മഴ ലഭിച്ചില്ലെങ്കില്‍ ജനുവരി- ഫെബ്രുവരി ആകുമ്പോഴേക്കും കിണറുകള്‍ വറ്റാനിടയുണ്ടെന്നും ഭൂജല വകുപ്പിന്റെ പഠനത്തില്‍ പറയുന്നു.



ജലക്ഷാമത്തെ നേരിടാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;



ജലമലിനീകരണം തടയാന്‍ കര്‍ശന നടപടിയെടുക്കുക.

ജലസ്രോതസ്സുകള്‍( കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, കനാലുകള്‍)എന്നിവ വൃത്തിയാക്കി സൂക്ഷിക്കുക.

ജലസംഭരണികള്‍ വൃത്തിയാക്കുക.

കാര്‍ഷിക പ്രദേശങ്ങളില്‍ മണ്ണ് പുതയിട്ട് സംരക്ഷിച്ചാല്‍ ബാഷ്പീകരണ തോത് കുറക്കാം.

മഴവെള്ളം ശേഖരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ എത്രയും വേഗത്തില്‍ ഒരുക്കുക.

മഴക്കുഴികളൊരുക്കുക.

Read More >>