തുലാമഴയും ചതിച്ചു, 63 ശതമാനം മഴക്കുറവ്; സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്

കാലവര്‍ഷവും തുലാമഴയും ഇത്തവണ കനിഞ്ഞില്ല.വടക്കന്‍ ജില്ലകളില്‍ തുലാമഴയില്‍ 80 ശതമാനത്തോളം കുറവ്. കേരളം നൂറ്റാണ്ടിലെ വലിയ വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്.

തുലാമഴയും ചതിച്ചു, 63 ശതമാനം മഴക്കുറവ്; സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്

കൊച്ചി: കാലവര്‍ഷത്തിലും തുലാമഴയിലും ഒരു പോലെ കുറവ് വന്നതിനാല്‍ സംസ്ഥാനം കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരും. നവംബര്‍ അവസാനം വരെ കിട്ടേണ്ട തുലാമഴയില്‍ 63.4 ശതമാനം കുറവാണ് പെയ്തത്. വടക്കന്‍ ജില്ലകളില്‍ തുലാമഴയില്‍ 79.48 ശതമാനം കുറവ് രേഖപ്പെടുത്തി.

കോഴിക്കോട് ജില്ലയിലാണ് തുലാമഴയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്, 86.9 ശതമാനം. കാസര്‍കോട്-85.8, തിരുവനന്തപുരം- 80.3, കണ്ണൂര്‍- 79.1, വയനാട്- 76.6, തൃശ്ശൂര്‍- 75.2, പാലക്കാട്- 72.5, ഇടുക്കി- 65.9, ആലപ്പുഴ- 64, കോട്ടയം- 50.5, എറണാകുളം- 38, കൊല്ലം- 33.7, പത്തനംതിട്ട- 27.4 എന്നിങ്ങനെയാണ് തുലാമഴയിലുണ്ടായ കുറവ്. ലക്ഷദ്വീപില്‍ തുലാമഴയില്‍ 67.1 ശതമാനം കുറവുണ്ടായി.


[caption id="attachment_64170" align="aligncenter" width="375"]thulam തുലാമഴയിലുണ്ടായ കുറവ് ശതമാനക്കണക്കില്‍[/caption]

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 447മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 163 എംഎം മാത്രമാണ് തുലാമഴ ലഭിച്ചത്. ഇനി ഡിസംബറില്‍ തുലാമഴ തകര്‍ത്തു പെയ്താലും കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കിട്ടേണ്ട മഴയുടെ പകുതി പോലുമാകുന്നില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഒക്ടോബറില്‍ 289 മില്ലീമീറ്ററും, നവംബറില്‍ 158 മില്ലീമീറ്ററും, ഡിസംബറില്‍ 37 മില്ലീമീറ്ററും തുലാമഴ ലഭിക്കേണ്ടതുണ്ട്.

ഡിസംബര്‍ മാസത്തില്‍ 2, 3, 4 തിയ്യതികളില്‍ കേരളത്തില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇത് താത്ക്കാലികാശ്വാസം മാത്രമായിരിക്കും. സമീപകാലത്തെ ഏറ്റവും വലിയ മഴക്കുറവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ പറയുന്നു.

[caption id="attachment_64171" align="aligncenter" width="398"]mazhakurav കാലവര്‍ഷത്തിലുണ്ടായ കുറവ്[/caption]

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 34 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷം കുറഞ്ഞപ്പോഴൊക്കെ ഭേദപ്പെട്ട തുലാമഴ ലഭിച്ചിരുന്നതിനാല്‍ വരള്‍ച്ച കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഇത്തവണ തുലാമഴയില്‍ കാര്യമായി കുറവ് വന്നതിനാല്‍ വരള്‍ച്ചാപ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഭൂജലവകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ജോസ് ജെയിംസ് പറയുന്നു. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിക്കുന്നതിനൊപ്പം കുടിവെള്ള ലഭ്യതയിലും കുറവ് വന്നേക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More >>