സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങൾക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ; അമേരിക്കൻ മലയാളിക്കെതിരെ നിയമനടപടികളുമായി ഫേസ്ബുക്ക് ഗ്രൂപ്പ്

ക്രിസ്തീയ എഴുത്തുകാരനും അധ്യാപകനുമായ ഏഴാം കുളം സാം കുട്ടിയെന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ രണ്ട് മാസത്തോളമായി ഫെയ്‌സ്ബുക്കില്‍ തെറ്റായ ആശയം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് പെന്തക്കോസ്ത് ഫ്രീതിങ്കേഴ്‌സിന്റെ തീരുമാനം.

സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങൾക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ; അമേരിക്കൻ മലയാളിക്കെതിരെ നിയമനടപടികളുമായി ഫേസ്ബുക്ക് ഗ്രൂപ്പ്

പെന്തക്കോസ്ത് വിഭാഗത്തിന്റെ ഫേസ്ബുക്ക് ഗ്രൂപ്പായ മലയാളി പെന്തക്കോസ്ത് ഫ്രീ തിങ്കേഴ്‌സിനെതിരെ അപഖ്യാതി പ്രചരിപ്പിക്കുന്നതായി പരാതി. ക്രിസ്തീയ എഴുത്തുകാരനും അധ്യാപകനുമായ ഏഴാം കുളം സാം കുട്ടിയെന്ന വ്യക്തിയാണ് ഇവര്‍ക്കെതിരെ രണ്ട് മാസത്തോളമായി ഫെയ്‌സ്ബുക്കില്‍ തെറ്റായ ആശയം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് പെന്തക്കോസ്ത് ഫ്രീതിങ്കേഴ്‌സിന്റെ തീരുമാനം.

പെന്തക്കോസ്ത് ആശയങ്ങള്‍ക്കനുസരിച്ച് ബൈബിള്‍ പഠനവും സുവിശേഷ പ്രചരണത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ഒരുമിച്ചുകൂടിയ വിശ്വാസികളുടെ കൂട്ടായ്മയാണ് മലയാളി പെന്തക്കോസ്ത് ഫ്രീ തിങ്കേഴ്‌സ്. പെന്തക്കോസ്ത് സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളോട് ഐക്യമുള്ളവരും എതിര്‍പ്പുള്ളവരും ഗ്രൂപ്പിലുണ്ട് എന്നാല്‍ ഗ്രൂപ്പില്‍ സംവദിക്കുന്ന ആശയങ്ങളോട് എതിര്‍പ്പുള്ളവര്‍ ഗ്രൂപ്പ് വിട്ട് പോകുന്ന രീതിയാണ് ഇതുവരെ അനുവര്‍ത്തിച്ചുപോന്നിരുന്നത്. അതില്‍ ചിലര്‍ സമാന്തര ഗ്രൂപ്പുതുടങ്ങുകയും ചെയ്തു. ഏഴാം കുളം സാംകുട്ടി ഇതേ ഗ്രൂപ്പില്‍ അംഗമായിരുന്നുവെങ്കിലും ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ഗ്രൂപ്പിന് പുറത്ത് ചര്‍ച്ചക്ക് വിഷയമാക്കുകയും ഗ്രൂപ്പിനെ നിരന്തരം അക്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഇയാളെ ഗ്രൂപ്പില്‍നിന്നും പുറത്താക്കുകയായിരുന്നു.


പെന്തകൊസ്തിലെ തനിക്കു താല്പര്യം ഇല്ലാത്ത നേതാക്കൾക്കെതിരേയും എഴുത്തുകാര്‍ക്കെതിരെയും സാം കുട്ടി വളരെ നാളുകളായി അപകീര്‍ത്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് പരാതി. ഇക്കാര്യത്തിനായി ഗ്രൂപ്പില്‍ നിന്നും പുറത്തു പോയവരെ സാം കുട്ടി ഒപ്പംകൂട്ടിയിരുന്നു. ഗ്രൂപ്പിനെതിരെയുള്ള ആക്രമണത്തെ അവഗണിച്ചു അംഗങ്ങള്‍ സാധാരണ നിലയിലുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകവേ, കഴിഞ്ഞ ദിവസം മുതൽ ഗ്രൂപ്പിന് നേതൃത്വം വഹിക്കുന്ന ചില വ്യക്തികള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ ഉന്നയിച്ചു കൊണ്ട് സാം കുട്ടി വീണ്ടും രംഗത്ത് വരികയായിരുന്നു. ഗ്രൂപ്പിന് നേതൃത്വം വഹിക്കുന്ന ലാലു വര്‍ഗീസ്, ജോണ്‍ ജോബ് ഫിലിപ്‌സ്, സജീവ അംഗങ്ങളും അഭ്യുദയ കാംക്ഷികളുമായ ജോ തോമസ് പത്തനാപുരം. ആശേര്‍ മാത്യു എന്നിവര്‍ക്കെതിരെയും ഗ്രൂപിലെ അംഗങ്ങള്‍ ആയ സ്ത്രീകള്‍ക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ സാം കുട്ടിയുടെ ടൈം ലൈനില്‍ പ്രത്യക്ഷപെട്ടു.ഗ്രൂപ്പിന്റെ ചുമതല വഹിക്കുന്ന അംഗങ്ങളുടെ സ്വകാര്യ ഫോട്ടോയില്‍ അവരുടെ സുഹൃത്തുക്കള്‍ എഴുതിയ കമന്റുകളെ പരാമര്‍ശിച്ചും സാംകുട്ടി ഫേസ്ബുക്കിലെഴുതുകയുണ്ടായി. കൂടാതെ ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തെ പരാമര്‍ശിച്ചും അവരുടെ അവയവങ്ങളെക്കുറിച്ചും സാം കുട്ടി തന്റെ ടൈം ലൈനില്‍ എഴുതി. ഒട്ടും വാസ്തവം ഇല്ലാത്ത ഈ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഗ്രൂപ്പിന്റെ ചുമതലക്കാരായ ലാലു വര്‍ഗീസും ജോണ്‍ ജോബ് ഫിലിപ്‌സും.

എന്നാല്‍ നടപടിയുടെ ഭാഗമായി സാം കുട്ടിക്ക് തന്റെ ഭാഗം വ്യക്തമാക്കാന്‍ മൂന്നുദിവസത്തെ സാവകാശം കൊടുത്തിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമ നടപടികളും ആയി മുന്നോട്ടു പോകുമെന്ന് ഗ്രൂപ്പിന്റെ ചുമതല വഹിക്കുന്ന ജോണ്‍ ജോബ് ഫിലിപ്‌സും ലാലു വര്‍ഗീസും നാരദ ന്യൂസിനോട് പറഞ്ഞു. സാംകുട്ടിയില്‍നിന്നുള്ള പ്രതികരണം അനുസരിച്ച് നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇവർ സൂചിപ്പിച്ചു.

Read More >>