വരാനിരിക്കുന്നത് വറുതിയുടെ നാളുകളോ; കച്ചവടസ്ഥാപനങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ ഇളവുകളില്ലാത്തത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്ന് സൂചന

ഇപ്പോള്‍ കാർഡുവഴിയും ബാങ്കില്‍ ക്യൂനിന്ന് വാങ്ങിയ കറന്‍സികൊണ്ടും വാങ്ങുന്നത് മുമ്പ് പണം കൊടുത്ത് ശേഖരിച്ച കാര്‍ഷികോല്‍പ്പന്നങ്ങളാണ്. ആകെ ദിവസം ഒരു അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്നത് 50,000 രൂപയാണ്. അതുവച്ച് കച്ചവടക്കാർക്ക് അരലോഡ് ചരക്ക് വാങ്ങാന്‍ പറ്റില്ല

വരാനിരിക്കുന്നത് വറുതിയുടെ നാളുകളോ; കച്ചവടസ്ഥാപനങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ ഇളവുകളില്ലാത്തത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്ന് സൂചന

കച്ചവടസ്ഥാപനങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ ഇളവുകളില്ലാത്തത്, സാധാരണക്കാരനെ സംബന്ധിച്ച് വരാനിരിക്കുന്നത് വറുതിയുടെ നാളുകളെന്ന് സൂചന. രാജ്യത്തെ വിതരണ ശൃംഖലയുടെ അറ്റത്തുള്ള കച്ചവടക്കാര്‍ക്കാരില്‍ നിന്നുമാണ് ജനങ്ങള്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക തടസ്സങ്ങള്‍ കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങിവെക്കാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കടകളില്‍ ഇപ്പോഴുള്ള സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് പകരം സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വരികയും അത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യുമെന്ന് ദീപക് ശങ്കരനാരായണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.


പണം ഇല്ലാത്ത അവസ്ഥയേക്കാള്‍ ഭീകരമാണ് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയെന്നാണ് ദീപക് പറയുന്നത്. റൊട്ടിക്കു പകരം കേക്ക് കഴിക്കുവാനും പണം നല്‍കുന്നതിനു പകരം കാര്‍ഡ് ഉപയോഗിക്കാനും മധ്യവര്‍ഗ്ഗം പറയുമ്പോള്‍, ദിവസങ്ങള്‍ കഴിയുമ്പോള്‍ പണം കൊടുത്താല്‍ പോലും സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല എന്നുള്ളതാണ് അവസ്ഥയെന്ന് ദീപക് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കോടികള്‍ ആഴ്ചയില്‍ പണമായി കൂലി കൊടുക്കുന്ന തോട്ടങ്ങള്‍ക്കും ദിവസം ലക്ഷങ്ങള്‍ കാശായി ചെലവിനുവേണ്ട വലിയ കോണ്‍ട്രാക്റ്റ് ജോലികള്‍ക്കും ബാങ്കിലെ ചെക്കും കാര്‍ഡും കൊണ്ട് ഒരു പണിയും നടക്കില്ല എന്നും ദീപക് പറയുന്നു.

സപ്ലൈ ചെയിനിന്റെ അറ്റത്തുള്ള കച്ചവടക്കാര്‍ കൃഷിക്കാര്‍ക്ക് നേരിട്ട് പണം കറന്‍സിയായി കൊടുക്കണം, അവര്‍ക്കിത് ഉടന്‍ ഉപയോഗിക്കാനുള്ളതാണ്. പൊതിയാത്തേങ്ങയായി ബാങ്കില്‍ കിട്ടിയിട്ട് കാര്യമൊന്നുമില്ല. അവരുടെ കയ്യില്‍നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ചന്തകള്‍ ഒരു മനുഷ്യനില്ലാതെ ഈച്ചയാട്ടിയിരിക്കുകയോ അടഞ്ഞുകിടക്കുകയോ ആണ്. ഇപ്പോള്‍ കാ
ർഡുവഴിയും
 ബാങ്കില്‍ ക്യൂനിന്ന് വാങ്ങിയ കറന്‍സികൊണ്ടും വാങ്ങുന്നത് മുമ്പ് പണം കൊടുത്ത് ശേഖരിച്ച കാര്‍ഷികോല്‍പ്പന്നങ്ങളാണ്. ആകെ ദിവസം ഒരു അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്നത് 50,000 രൂപയാണ്. അതുവച്ച് അരലോഡ് ചരക്ക് വാങ്ങാന്‍ പറ്റില്ല- ദീപക് തന്റെ പോസ്റ്റില്‍ പറയുന്നു.

ദിവസ കാര്‍ഷികോല്പന്നങ്ങളുടെ സപ്ലൈ ചെയിന്‍ പ്രാഥമികശേഖരണം നടക്കുന്ന അറ്റം പൊട്ടിയിരിക്കുകയാണെന്നും അതുവഴി ഇപ്പോള്‍ ഒഴുകുന്നത് ചാലിലെ വെള്ളമാണെന്നും ദീപക് സൂചിപ്പിക്കുന്നു. ചാലിന്റെ വലുപ്പവും നീളവും കൊണ്ടാണ് പമ്പുസെറ്റ് നിന്നത് തല്‍ക്കാലം ജനങ്ങള്‍ അറിയാത്തത്. ധാന്യങ്ങള്‍ പരിപ്പ് പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പലചരക്കിന് അടുത്ത വിളവെടുപ്പുകാലം വരെ കുറച്ച് സമയം കിട്ടുമെങ്കിലും അതിനുശേഷം അവസ്ഥ ഭീകരമായിരിക്കും. സ്തംഭിച്ചിരിക്കുന്ന കാര്‍ഷികമേഖലയിലെ നഷ്ടം വരുംകാലത്തെ ക്ഷാമമായിട്ടാവും രാജ്യം അറിയുന്നതെന്നും ദീപക് സൂചിപ്പിക്കുന്നു.

പഴം പച്ചക്കറി ഇറച്ചി മീന്‍ തുടങ്ങിയവയുടെ ലഭ്യത താമസിയാതെ ഇല്ലാതാവുകയും സാധാരണ കര്‍ഷകത്തൊഴിലാളികള്‍ മുതല്‍ ഉപഭോക്തൃതലത്തില്‍ ചരക്ക് വില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ വരെ പട്ടിണിയിലാവുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. സാമ്പത്തിക രംഗത്ത് ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുന്നതോടുകൂടി മനുഷ്യര്‍ മുന്‍കരുതലായി നടത്തുന്ന കരുതല്‍ ശേഖരങ്ങള്‍ സ്ഥിതി വീണ്ടും വഷളാക്കുമെന്നും ദീപക് സൂചിപ്പിക്കുന്നു.

Read More >>