മണിയുടെ മരണം: നുണപരിശോധനാഫലം പുറത്തുവന്നു; അസ്വാഭാവികത കണ്ടെത്താനായില്ല

മണിയുടെ സഹായികളായ ജോബി, മുരുകന്‍, പീറ്റര്‍, അനീഷ്, വിപിന്‍, അരുണ്‍ എന്നിവരെയാണ് നുണപരിശോധനയ്ക്കു വിധേയമാക്കിയത്. അതേസമയം, നുണപരിശോധനാ ഫലം അംഗീകരിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

മണിയുടെ മരണം: നുണപരിശോധനാഫലം പുറത്തുവന്നു; അസ്വാഭാവികത കണ്ടെത്താനായില്ല

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസിലെ നുണപരിശോധനാ ഫലം പുറത്തുവന്നു. പോലീസിനു കൈമാറിയ ഫലത്തില്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. മണിയുടെ സഹായികളായ ജോബി, മുരുകന്‍, പീറ്റര്‍, അനീഷ്, വിപിന്‍, അരുണ്‍ എന്നിവരെയാണ് നുണപരിശോധനയ്ക്കു വിധേയമാക്കിയത്. പോലീസിന് നല്‍കിയ മൊഴി തന്നെയാണ് ഇവര്‍ നുണപരിശോധനയിലും ആവര്‍ത്തിച്ചിരിക്കുന്നത്. ഇതോടെ കേസന്വേഷണത്തില്‍ പോലീസിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്.


കേസന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ നുണപരിശോധനയിലൂടെ ലഭിക്കുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. ആ പ്രതീക്ഷ ഇല്ലാതായ സ്ഥിതിക്ക് കേസന്വേഷണത്തിന് പോലീസിന് പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണ് സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരത്തെ ലാബിലായിരുന്നു നുണ പരിശോധന. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.

അതേസമയം, നുണപരിശോധനാ ഫലം അംഗീകരിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു കേരളത്തെ ഞെട്ടിച്ച് മണിയുടെ മരണം. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. മരണത്തെകുറിച്ച് തുടക്കം മുതല്‍ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും സ്ഥിരീകരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെ, ജ്യേഷ്ടനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ രംഗത്തുവന്നിരുന്നു.

Read More >>