ഏറ്റുമുട്ടൽ കൊലയെക്കുറിച്ചു പ്രതികരിക്കും മുൻപ് സൈബർ ആക്ടിവിസ്റ്റുകളേ വരിക, കണ്ണൂരിലെ പാടിക്കുന്നിലേക്ക്

കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും വയലാറിന്റെയും വിപ്ലവഗാഥകൾ കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ പാടിക്കുന്നിന്റെ ചരിത്രത്തിന് ഇവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു പശ്ചാത്തലമുണ്ട്. ബ്രിട്ടീഷ് പട്ടാളവും ദിവാന്റെ പടയും വൈദേശിക കരിനിയമങ്ങളും ചേർന്നു കൊലക്കളങ്ങൾ തീർത്തതാണ് വിപ്ലവഗാഥകളിലെ ചരിത്രമെങ്കിൽ സ്വതന്ത്ര ഇന്ത്യയിൽ, ജനാധിപത്യ സർക്കാരിന്റെ പോലീസും ജന്മിത്വവും ഒന്നു ചേർന്നു നടത്തിയ കൊലപാതകമായിരുന്നു പാടിക്കുന്നിൽ നടന്നത്.

ഏറ്റുമുട്ടൽ കൊലയെക്കുറിച്ചു പ്രതികരിക്കും  മുൻപ് സൈബർ ആക്ടിവിസ്റ്റുകളേ വരിക, കണ്ണൂരിലെ പാടിക്കുന്നിലേക്ക്

ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തും മുൻപ് സൈബർ ആക്ടിവിസ്റ്റുകൾ കണ്ടിരിക്കേണ്ട ഒരു സ്ഥലമുണ്ട് കണ്ണൂരിൽ. മതേതര ദൈവം മുത്തപ്പൻ വാഴുന്ന പറശ്ശിനിക്കടവിൽ നിന്ന് ഏറെയൊന്നും അകലെയല്ലാത്ത പാടിക്കുന്ന് എന്ന ചെങ്കൽ കുന്ന്. ഒരു ഗ്രാമത്തെമുഴുവൻ വർഷം മുഴുവൻ പച്ചപുതപ്പിക്കുന്ന ഒരു നീരുറവയുണ്ട് പാടിക്കുന്നിൽ. സമുദ്രനിരപ്പിൽ നിന്നും 80 മീറ്റർ ഉയരത്തിൽ, മൊട്ടയായ ചെങ്കൽക്കുന്നിൽ നിന്നും സെക്കൻഡിൽ 6000 ലിറ്റർ വെള്ളം പുറം തള്ളുന്ന പാടി തീർത്ഥം. അന്ധമായ വികസനനപ്രവർത്തനങ്ങൾ കൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ഈ കാഴ്ചകളെ നമുക്ക് വിടാം. കുന്നിൻ മുകളിലേക്ക് പോകാം. അവിടെ ഗതകാല സ്മരണകളുടെ ഓർമപ്പെടുത്തലുമായി രക്തസാക്ഷി സ്തൂപം കാണാം.


അറിയേണ്ടുന്ന ചരിത്രം

കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും വയലാറിന്റെയും വിപ്ലവഗാഥകൾ കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ പാടിക്കുന്നിന്റെ ചരിത്രത്തിന് ഇവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഒരു പശ്ചാത്തലമുണ്ട്. ബ്രിട്ടീഷ് പട്ടാളവും ദിവാന്റെ പടയും വൈദേശിക കരിനിയമങ്ങളും ചേർന്നു കൊലക്കളങ്ങൾ തീർത്തതാണ് വിപ്ലവഗാഥകളിലെ ചരിത്രമെങ്കിൽ സ്വതന്ത്ര ഇന്ത്യയിൽ, ജനാധിപത്യ സർക്കാരിന്റെ പോലീസും ജന്മിത്വവും ഒന്നു ചേർന്നു നടത്തിയ കൊലപാതകമായിരുന്നു പാടിക്കുന്നിൽ നടന്നത്.

1947ൽ ബ്രിട്ടീഷുകാരിൽ നിന്നു സാങ്കേതികമായാണ് സ്വാതന്ത്ര്യം ലഭിച്ചത്. കോൺഗ്രസ് സർക്കാർ ബ്രിട്ടീഷ് അധികാരികളുടെ പരമാധികാരം അതെ രൂപത്തിൽ കയ്യാളി. ബ്രിട്ടീഷ് ഭരണത്തിലെ പോലീസും പോലീസ് നയങ്ങളും അതേപടി തുടർന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലും താഴെത്തട്ടിൽ എല്ലാവിധ അധികാരങ്ങളും കയ്യാളിയിരുന്ന ജന്മിമാരും അതെ പ്രതാപത്തോടെ നിലനിന്നു.

ഭൂമിക്കുമേൽ അധികാരം സ്ഥാപിച്ചെടുക്കാനായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കർഷകസംഘം പോരാട്ടം ശക്തിപ്പെടുത്തി. കയരളം, മയ്യിൽ, ഇരിക്കൂർ എന്നിവിടങ്ങളിലും ഇതിന്റെ ഭാഗമായി ശക്തമായ കർഷകമുന്നേറ്റം ഉണ്ടായി. ഈ മേഖലകളിൽ ശക്തമായ പ്രവർത്തനം നടത്തിവന്ന നേതാക്കളായിരുന്നു കെ കുട്ട്യപ്പ, എം വി ഗോപാലൻ നമ്പ്യാർ, കെ കെ രൈരു നമ്പ്യാർ എന്നിവർ. ഇരിക്കൂര്‍ ഫര്‍ക്കയില്‍ കോളറ, വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടപ്പോള്‍ ഗേപാലന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഒരു ശുശ്രൂഷ സ്‌ക്വാഡ് രൂപീകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതെല്ലാം ജനങ്ങളിലേക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വളരാൻ ഇടനൽകി.

സമരത്തെ അടിച്ചമർത്താനുള്ള എളുപ്പവഴി നേതാക്കളെ ഉന്മൂലനം ചെയ്യലാണെന്ന് പോലീസും കോൺഗ്രസ് പ്രവർത്തകരും  തീരുമാനിച്ചു. 1950 ഏപ്രിൽ 26ന് ചെറുപഴശ്ശിയിലെ ഒരു ചായക്കടയിലിരുന്ന് ചായകുടിക്കുകയായിരുന്ന രൈരു നമ്പ്യാരെ ഗുണ്ടകൾ പിടികൂടി വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കുട്ട്യപ്പയെ പിടികൂടാനും ഏറെ താമസം ഉണ്ടായില്ല. മെയ് രണ്ടിനു മുല്ലക്കൊടി പിസിസി സെക്രട്ടറിയെ തല്ലി എന്ന വ്യാജ പരാതിയിലാണ് ഗോപാലൻ നമ്പ്യാരെ അറസ്റ്റ് ചെയ്തത്. വേളം, കണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിൽ അന്നു എംഎസ്പി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും ജയിലടച്ചു. ഗോപാലൻ നമ്പ്യാരെ കയരളം എംഎസ്പി ക്യാമ്പിലായിരുന്നു പാർപ്പിച്ചിരുന്നത്.

പാടിക്കുന്നിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകം

1950 മെയ് മൂന്നിന് രാത്രി വൈകിയതോടെ ജാമ്യം ലഭിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തി ജയിലിലായിരുന്ന രൈരുനമ്പ്യാരെയും കുട്ട്യപ്പയെയും പുറത്തിറക്കി പാടിക്കുന്നിലേക്ക് കൊണ്ടുവന്നു. ഗോപാലൻ നമ്പ്യാരെയും കയരളം എംഎസ്പി ക്യാമ്പിൽ നിന്നും അവിടേക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. മൂന്നു പേരെയും പോലീസ് നിരത്തി നിർത്തി. അർധരാത്രി പിന്നിട്ട് മെയ് നാലിന് മൂന്നുപേരെയും പോലീസ് നിഷ്ടൂരമായി വെടിവച്ച് കൊന്നു. സ്വാതന്ത്ര്യ സമരപ്പോരാളികളെക്കൊണ്ട് ഭാരതത്തിന് മൂർദ്ദാബാദ് വിളിപ്പിച്ച് ശീലമുള്ള പോലീസ് നേതാക്കളോട് കമ്യൂണിസ്റ്റ് പാർട്ടിക്ക് മൂർദ്ദാബാദ് വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇങ്കുലാബിനും കർഷകപ്പോരാട്ടത്തിനും സിന്ദാബാദ് വിളിച്ചുകൊണ്ട് മൂന്നുപേരും വെടിയുണ്ടകൾ ഏറ്റുവാങ്ങി രക്തസാക്ഷികളായി.

പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപേരും കൊല്ലപ്പെടുകയാണ് ഉണ്ടായതെന്ന് പോലീസ് പ്രചരിപ്പിച്ചു. 'ഏറ്റുമുട്ടൽ കഥ' നാടുമുഴുവൻ പ്രചരിപ്പിച്ചുകൊണ്ട് ഭരണപക്ഷത്തിരിക്കുന്ന കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും സജീവമായി.

കാലം മാറി, കഥ മാറിയില്ല, പോലീസും

പാടിക്കുന്നിന്റെ ചുവന്ന രാത്രിക്കിപ്പുറം കാലം ഏറെ മാറി. ഇഎംഎസ് അധികാരത്തിലെത്തി. ജന്മികൾ ചരിത്രമായി. കുടിയൻമാർക്ക് ഭൂമി ലഭിച്ചു. അന്ന് അധികാരത്തിലിരുന്ന കൊണ്ഗ്രെസ്സ് പാർട്ടിയെ യുപിഎ ഭരണത്തിൽ ഇടതുപാർട്ടികൾ പിന്തുണച്ചു. ഏറ്റവുമൊടുവിൽ പിണറായി വിജയൻ എന്ന കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് അധികാരത്തിലെത്തി. രാഷ്ട്രീയമായ വാദ പ്രതിവാദങ്ങൾ മാറ്റിവെക്കാം. പോലീസിന്റെ കാര്യമെടുക്കുക. പാള ട്രൗസറും കൂർമ്പൻ തൊപ്പിയും മാറി ഹാൻഡ്‌സം ആയന്നല്ലാതെ നയങ്ങളിലും സമീപനങ്ങളിലും എന്ത് മാറ്റമാണ് ഉണ്ടായത്?
രക്തസാക്ഷികളുടെയും പഴയ സമരസഖാക്കളുടെയും പിൻതലമുറകൾ ഇപ്പോൾ എവിടെയാണെന്ന് എല്ലാവർക്കും അറിയാം.

പാടിക്കുന്നിലും തിരുനെല്ലിയിലും വെടിവച്ച പോലീസ് ഏമാന്മാരുടെ പിന്തുടർച്ചക്കാർ ഇപ്പോഴും പോലീസിൽ ഉണ്ടെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് ഫലം വരുന്നതനുസരിച്ചു ഉമ്മൻ ചാണ്ടിയുടെ പോലീസ് എന്നും പിണറായി വിജയൻറെ പോലീസ് എന്നും പറഞ്ഞ് പോലീസ് ചെയ്തികളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന സൈബർ ആക്ടിവിസ്റ്റുകൾ എന്തായാലും വരിക, പാടിക്കുന്നിലേക്ക്..