മൊഹാലിയിൽ ചരിത്രം കുറിച്ച് ഇന്ത്യ; പാർത്ഥിവിന് അർദ്ധ സെഞ്ച്വറി

സ്ഥിരതയില്ലാത്ത ഇന്ത്യന്‍ ഓപ്പണിങ് ജോഡിയിലേക്ക് പാര്‍ഥിവ് എത്തിയതും വാലറ്റത്തിന്റെ ബാറ്റിങ് കരുത്തും തെളിഞ്ഞ മത്സരത്തില്‍ ജയന്ത് യാദവ് എന്ന യുവ ഓള്‍റൗണ്ടറെ കണ്ടെത്താനായതും നേട്ടമാണ്. രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍

മൊഹാലിയിൽ ചരിത്രം കുറിച്ച് ഇന്ത്യ; പാർത്ഥിവിന് അർദ്ധ സെഞ്ച്വറിമൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ദിവസം ശേഷിക്കെ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം ഒരു ദിവസവും എട്ടുവിക്കറ്റും ശേഷിക്കെയാണ് ആതിഥേയര്‍ മറികടന്നത്. ആദ്യ ഇന്നിങ്‌സില്‍ 283 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 417 റണ്‍സെടുത്തിരുന്നു. 134 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 236 റണ്‍സെടുത്തു. 20.2 ഓവറില്‍ ലക്ഷ്യം മറികടന്നാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. വിജയത്തോടെ അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 20ന് മുന്നിലെത്തി. ആദ്യ ടെസ്റ്റ് സമനിലയിലായ ശേഷം രണ്ടാം ടെസ്റ്റിലും ടീം ഇന്ത്യ വിജയിച്ചിരുന്നു.


സ്‌കോര്‍: ഇംഗ്ലണ്ട് 283 & 236, ഇന്ത്യ 417 & 104/2 (20.2 ഓവറില്‍)

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റം ഉയര്‍ത്തിയ വെല്ലുവിളി ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം നിഷേധിച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി ആരംഭിച്ച ഇംഗ്ലണ്ടിന് ക്രീസിലുണ്ടായിരുന്ന ബാറ്റിയെ ചൊവ്വാഴ്ച കളി ആരംഭിച്ചപ്പോള്‍ തന്നെ നഷ്ടമായി. റണ്‍സെടുക്കും മുന്‍പേ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജയാണ് ബാറ്റിയെ മടക്കിയത്. പിന്നീടെത്തിയ ഹമീദുമായി ചേര്‍ന്ന് ബട്ട്‌ലര്‍ (18) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഈ പരമ്പരയിലെ കണ്ടെത്തലായി വിശേഷിക്കപ്പെടുന്ന യുവതാരം ജയന്ത് യാദവ്, ജഡേജയുടെ കൈകളിലെത്തിച്ച് ബട്ട്‌ലറെ മടക്കി. പിന്നീടെത്തിയ വോക്‌സ് ക്രിസീലുണ്ടായ ഹമീദിനൊപ്പം ചേര്‍ന്ന് നടത്തിയ പ്രകടനമാണ് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് വാലറ്റത്ത് 42 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വോക്‌സ് 30 റണ്‍സെടുത്തപ്പോള്‍ ഒരു സിക്‌സറും ആറ് ബൗണ്ടറികളും ഉള്‍പ്പെടെ ഹമീദ് 59 റണ്‍സോടെ അപരാജിതനായി ക്രീസില്‍ നിന്നു.

പാര്‍ഥിവിന്റെ കൈകളിലെത്തിച്ച് വോക്‌സിനെ മുഹമ്മദ് ഷമി മടക്കിയ ശേഷം ക്രീസിലെത്തിയ റഷീദിനും (0) ആന്‍ഡേഴ്‌സനും(5) പിടിച്ചുനില്‍ക്കാനായില്ല. റഷീദിനെ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ച് ഷമി തന്നെ മടക്കിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ റണ്ണൗട്ടായി. ഇതോടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 236ല്‍
ഒതുങ്ങി.

ആദ്യ ഇന്നിങ്‌സ് ലീഡ് കഴിഞ്ഞ് ഇംഗ്ലണ്ട് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം അതിവേഗം മറികടക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ മുരളി വിജയിന് കാര്യമായ സംഭാവനയൊന്നും നല്‍കാനായില്ല. ടോട്ടല്‍ സ്‌കോര്‍ ഏഴില്‍ നില്‍ക്കെ മുരളിയെ റണ്‍സെടുക്കും മുന്‍പേ വോക്‌സ്, റൂട്ടിന്റെ കൈകളിലെത്തിച്ചു.
പിന്നീടെത്തിയ പൂജാരയും ഓപ്പണര്‍ പാര്‍ഥിവും ചേര്‍ന്ന് ഇന്ത്യയെ അതിവേഗം വിജയത്തിലേക്ക് നയിക്കുമെന്ന് കരുതവേ 25 റണ്‍സെടുത്ത പൂജാരയെ റഷീദ്, റൂട്ടിന്റെ കൈകളിലെത്തിച്ചു മടക്കി. ഈ സമയമെല്ലാം പാര്‍ഥിവ് പട്ടേല്‍ ഒരറ്റത്ത് അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു. പൂജാരയ്ക്ക് ശേഷം ക്യാപ്റ്റന്‍ കോഹ്ലി (6) കൂടി ക്രീസിലെത്തിയതോടെ വിജയം കൈപ്പിടിയിലൊതുക്കാന്‍ അഞ്ചാം ദിനത്തിലേക്ക് കടക്കേണ്ടിവന്നില്ല. പുറത്താകാതെ അര്‍ദ്ധസെഞ്ച്വറി നേടിയ പാര്‍ഥിവാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 54 പന്തുകളില്‍ നിന്നും ഒരു സിക്‌സറും 11 ബൗണ്ടറികളും ഉള്‍പ്പെടെ 67 റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേല്‍ ഓപ്പണറുടെ റോളില്‍ വരും മത്സരങ്ങളിലും ഇന്ത്യന്‍ ക്യാമ്പിലുണ്ടാകും എന്ന പ്രതീക്ഷയാണ് മികച്ച പ്രകടനത്തിലൂടെ വ്യക്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 90 റണ്‍സും രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി നാലു വിക്കറ്റും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. ഡിസംബര്‍ എട്ടുമുതല്‍ മുംബൈയിലാണ് നാലാം ടെസ്റ്റ്.

Story by
Read More >>