ആക്ഷന്‍ ഹീറോ ബിജു ബാധ തുടരുന്നു; മരുന്നു വാങ്ങാന്‍ പോയ സിപിഐ നേതാവിനെ ചെയ്‌സ് ചെയ്ത് കൊന്നു

വെറിപിടിച്ചും സമനിലതെറ്റിയും പെരുമാറുകയാണ് കേരള പോലീസ്- അവരുടെ അതിക്രമത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു; കുണ്ടറയിലെ സിപിഐ തൊഴിലാളി സംഘടനാ നേതാവായ ഡോള്‍ഫസ്. ഹെല്‍മറ്റ് ഇല്ലാത്തയാളുടെ ബൈക്കിന്റെ പിന്നിലിരുന്ന് മരുന്ന് വാങ്ങാന്‍ പോയതിന് ബ്രെയിന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ ഡോള്‍ഫസിനെ അപമാനിച്ചും അധിക്ഷേപിച്ചുമാണ് പോലീസ് ഹീറോയിസം കാണിച്ചത്. മാനസികാഘാതത്തില്‍ ഡോള്‍ഫസ് കൊല്ലപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ സാക്ഷിപറയുന്നു.

ആക്ഷന്‍ ഹീറോ ബിജു ബാധ തുടരുന്നു; മരുന്നു വാങ്ങാന്‍ പോയ സിപിഐ നേതാവിനെ ചെയ്‌സ് ചെയ്ത് കൊന്നു

[caption id="attachment_61294" align="alignright" width="318"]dolfus ഡോൾഫസ്[/caption]

കൊല്ലം: കേരള പൊലീസില്‍ 'ആക്ഷന്‍ ഹീറോ ബിജു' ബാധ തുടരുന്നു. സിനിമയിലെ പോലെ  കൈയടിക്ക് വേണ്ടി തെരുവില്‍ ഹീറോയിസം കാണിക്കുന്ന പൊലീസുകാര്‍ മൂലം അപമാനിതരാവുന്നതും ദുരിതം അനുഭവിക്കുന്നതും സാധാരണക്കാരാണെന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാര്‍ത്തകളില്‍ വ്യക്തമാണ്. കുഞ്ഞുമോനെന്ന ദളിത് യുവാവിന്റെ കസ്റ്റഡി മരണത്തിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന കുണ്ടറ പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പുതിയ വാര്‍ത്തകളിലേയും വില്ലന്‍. മറ്റൊരാളുടെ ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്നു മരുന്നുവാങ്ങാന്‍ പോയ കൊല്ലം കുണ്ടറയിലെ സിപിഐ പ്രവര്‍ത്തകനായ ഡോള്‍ഫസാണ്(62) അവസാനം കൊല്ലപ്പെട്ടത്. തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു ചികിത്സയിലായിരുന്ന ഡോള്‍ഫസ് പൊതു നിരത്തില്‍ അപമാനിതയായതിന്റെ മനോവിഷമത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ വച്ചു മരിക്കുകയായിരുന്നു. നാലു ദിവസങ്ങള്‍ മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ഡോള്‍ഫസിന്റെ മകന്‍ ലിജോ ഡേലും സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന ആന്റണി എന്ന സിപിഐ പ്രവര്‍ത്തകനും നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

പൊലീസ് ചേസ് ചെയ്തു വാഹനം തടഞ്ഞു പൊതുവഴിയില്‍ അപമാനിച്ചു


[caption id="attachment_61297" align="alignleft" width="249"]antony അന്റണി[/caption]

ആന്റണിയുടെ വാക്കുകള്‍: വോളിബോള്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഡോള്‍ഫസ് സഖാവ് എന്നെ കാണാന്‍ വന്നത്. മരുന്നു വാങ്ങാന്‍ പോകണമെന്നു പറഞ്ഞു. ഞാന്‍ കളി നിര്‍ത്തി സഖാവിന്റെ കൂടെ മരുന്നു വാങ്ങാന്‍ കുണ്ടറയ്ക്ക് പോയി. കളിക്കാന്‍ വന്നതിനാല്‍ ഹെല്‍മെറ്റ് എടുത്തിരുന്നില്ല. അസുഖം വന്നതിനു ശേഷം സഖാവിന്റെ കൂടെ മരുന്നുവാങ്ങാനും ചെക്കപ്പിനുമൊക്കെ ഞാനാണു പൊയ്‌ക്കോണ്ടിരുന്നത്. കുണ്ടറ എത്താറായപ്പോഴാണു പൊലീസ് ജീപ്പ് പുറകേ ചേസ് ചെയ്തു വന്ന് ക്രോസിട്ടു നിര്‍ത്തിയത്. വണ്ടിയില്‍ നിന്ന് ഒരു പൊലീസുകാരന്‍ ഇറങ്ങിവന്നു മദ്യപിച്ചിട്ടുണ്ടൊയെന്നു ചോദിച്ചു. ഞാന്‍ ഇല്ലെന്നു മറുപടി പറഞ്ഞു. സ്‌കൂട്ടറില്‍ നിന്നു സഖാവ് റോഡിലേക്ക് ഇറങ്ങിയപ്പോ ചെറുതായൊന്നു വേച്ചുപോയി. പുറകിലിരിക്കണ പുള്ളി നല്ല വെള്ളമാണെന്ന് പൊലീസുകാരന്‍ എസ്‌ഐയോടു പറഞ്ഞു.

അസുഖത്തിന്റേതാണ്, അതാണ് സഖാവിനു ബാലന്‍സ് കിട്ടാത്തതെന്നു പറഞ്ഞിട്ടും പൊലീസുകാര്‍ കൂട്ടാക്കിയില്ല. താന്‍ കമ്യുണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ് ഇതുവരെ മദ്യപിച്ചിട്ടെല്ലെന്നും സഖാവും പറഞ്ഞു. ഞങ്ങള് കള്ളനൊ കൊലപാതകിയൊ അല്ലല്ലൊ നിങ്ങളിങ്ങനെ ചേസ് ചെയ്തു പിടിക്കേണ്ട കാര്യമെന്താണെന്ന് സഖാവ് പൊലീസുകാരനോടു ചോദിച്ചു. എസ്‌ഐ ബെന്നിലാലിന് അതിഷ്ടപ്പെട്ടില്ല. എന്റെ വണ്ടിയുടെ ബുക്കും പേപ്പറും ലൈസന്‍സും കാണിക്കാന്‍ പറഞ്ഞു. മരുന്നുവാങ്ങാനായി എറങ്ങിയതാണ്, ബുക്കും പേപ്പറും നാളെ രാവിലെ സ്റ്റേഷനില്‍ ഹാജരാക്കിക്കൊള്ളാമെന്നു പറഞ്ഞിട്ടും എസ്‌ഐ അടങ്ങിയില്ല. സമയം ആറു മണി കഴിഞ്ഞുകാണും.

പൊതു ജനങ്ങളോടു മാന്യമായി പെരുമാറണമെന്നു ഡിജിപിയുടെ സര്‍ക്കുലറുള്ളതല്ലേ, സാറ് മാന്യമായി പെരുമാറണമെന്നുകൂടി സഖാവു പറഞ്ഞതോടെ ബെന്നിലാലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അടിച്ചു ഫിറ്റായി നടക്കാതെ താന്‍ മാന്യമായി നടക്കാന്‍ എസ് ഐ പറഞ്ഞു. എല്ലാം ശരിയാക്കാനാണു പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളതെന്നു പറഞ്ഞു തന്നെ ബലമായി പിടിച്ചു വണ്ടിയില്‍ കയറ്റി. ഡോള്‍ഫസ് സഖാവ് സര്‍ജറി കഴിഞ്ഞതാണ്, അദ്ദേഹത്തെ ഈ സമയത്തു റോഡില്‍ ഒറ്റക്കാക്കി പോകുന്നതു ശരിയല്ലെന്നു പറഞ്ഞിട്ടും എസ് ഐ കേട്ടില്ല. പൊലീസ് ജീപ്പ് ഡ്രൈവറും സഖാവിനെ പരിഹസിച്ചു.

ഡോള്‍ഫസ് സഖാവിന്റെ ബന്ധുവാണ് ഡിവൈഎസ്‌പി. അദ്ദേഹത്തെ വിളിച്ചു കാര്യം പറഞ്ഞതിനാല്‍ അടുത്ത ദിവസം ഡോക്യുമെന്റുകള്‍ ഹാജരാക്കിയാല്‍ മതിയെന്ന നിബന്ധനയില്‍ ഞാന്‍ പുറത്തിറങ്ങി. അപ്പോഴേക്കും എന്നെ ഇറക്കുവാന്‍ വേണ്ടി സഖാവ് ഓട്ടോ വിളിച്ചു സര്‍ക്കിള്‍ ഓഫീസിന്റെ മുമ്പിലെത്തിയിരുന്നു. സമയം ഏഴരയായിക്കാണും, ഞങ്ങളൊരുമിച്ച് ഓരോ ചായ കുടിച്ചു. സഖാവിന്റെ കൈയും കാലും വിറയ്ക്കുന്നുണ്ടായിരുന്നു. കാര്യങ്ങള്‍ കേട്ടറിഞ്ഞു സിപിഐയിലെ സഹപ്രവര്‍ത്തര്‍ എത്തി. മരുന്നും വാങ്ങി സഖാവിനെ സഹപ്രവര്‍ത്തകരുടെ കൂടെ ഓട്ടോയിലാണു വീട്ടിലേക്കു വിട്ടത്. വീട്ടിലെത്തിയപ്പോഴേക്കും സഖാവിന്റെ ആരോഗ്യസ്ഥിതി മോശമായി. അങ്ങനെ അവിടുന്നാണു ഹോസ്പിറ്റലില്‍ പോയത്.
രോഗിയാണെന്നു പറഞ്ഞിട്ടും അപമാനിതനാക്കി


[caption id="attachment_61301" align="alignright" width="286"]lijo-dolfus
ലിജോ ഡോൾഫസ്[/caption]

മകനായ ലിജോ ഡോള്‍ഫസിന്റെ വാക്കുകള്‍: ഒരു വര്‍ഷത്തോളമായി പപ്പ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നിന്നു തലച്ചോറിലെ ട്യൂമര്‍ ഓപ്പറേഷന്‍ ചെയ്തു കളഞ്ഞതിനു ശേഷം എല്ലാ ദിവസവും മരുന്നു വേണം. മാത്രമല്ല, ഷോക്ക് ഉണ്ടാക്കുന്ന കാര്യങ്ങള്‍ പറയരുതെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു. ഷോക്കൊന്നും പുള്ളി താങ്ങത്തില്ല. ഷുഗറും പ്രഷറുമൊക്കെ വളരെ കഷ്ടപ്പെട്ടാണു ബാലന്‍സ് ചെയ്തു കൊണ്ടുപോയിരുന്നത്. സര്‍ജറിക്കു ശേഷം പഴയപോലെ ആരോഗ്യമൊന്നുമില്ലായിരുന്നു. കൈകാലുകള്‍ വിറയ്ക്കുകയും ഇടയ്ക്കു ബാലന്‍സ് തെറ്റുകയുമൊക്കെ ചെയ്യും. ഞങ്ങളാണെങ്കില്‍ വളരെ കെയറ് ചെയ്തായിരുന്നു പുള്ളിയെ നോക്കിയിരുന്നത്.

സംഭവം കഴിഞ്ഞു വീട്ടിലെത്തിയ പപ്പ വളരെ അസ്വസ്ഥനായിരുന്നു. എസ്‌ഐയ്‌ക്കെതിരെ കംപ്ലൈന്‍ഡ് ഡ്രാഫ്റ്റ് ചെയ്യണമെന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. കൂടെക്കൂടെ തന്നോടും ഇതാവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും തന്നെ ഇത്രയും അപമാനിച്ചു, അപ്പോ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. പൊതുജനങ്ങളോട് ഇങ്ങനെയാണോ പൊലീസുകാര്‍ പെരുമാറേണ്ടതെന്ന് അമ്മയോടു കൂടെക്കൂടെ പറയണതു കേട്ടു. പരാതി കൊടുക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും കൂട്ടാക്കിയില്ല. 25 വര്‍ഷം കുണ്ടറ കെഎസ്ഇബിയില്‍ ജോലി ചെയ്തിരുന്നയാളാണ്. താന്‍ കള്ളനോ കൊലപാതകിയോ അല്ലെന്ന് പറഞ്ഞതാണ്. മദ്യപിക്കാറില്ലെന്ന് പലവട്ടം പറഞ്ഞിട്ടും എസ്‌ഐയും ഡ്രൈവറും തന്നെ അടിച്ചിട്ടുണ്ടെന്നു പറഞ്ഞ് അപമാനിച്ചു.

കള്ളന്‍മാരേം കൊള്ളക്കാരേം പിടിക്കുന്ന പോലെ ചേസ് ചെയ്ത് ക്രോസിട്ടു പിടിക്കേണ്ട കാര്യമെന്താണ്? ഹെല്‍മെറ്റ് വയ്ക്കാതിരിക്കുന്നത് ഇത്ര വലിയ തെറ്റാണോ? പെറ്റി ചാര്‍ജ് ചെയ്യുന്ന കേസുകള്‍ക്കു വേണ്ടി ഇത്രയും അതിക്രമം കാണിക്കുന്നതിന്റെ ആവശ്യമെന്താണ്? ഒരു ബിഎംഡബ്ലുവൊ ഓഡിയോ പൊലീസുകാര്‍ തടയുന്നത് കണ്ടിട്ടില്ല. സാധാരണക്കാരനെ വഴി തടയാനും ചീത്ത വിളിച്ച് അപമാനിക്കാനും പൊലീസിന് ഉത്സാഹം കൂടുതലാണ്.

ഇത്രയും കാര്യങ്ങളൊക്കെ പറഞ്ഞപ്പോഴെക്കും പപ്പയുടെ വയ്യായ്ക കൂടി വന്നു. അപ്പോള്‍ തന്നെ വണ്ടി വിളിച്ചു കുണ്ടറയിലെ മാതാ ആശുപത്രിയില്‍ കൊണ്ടുപോയി. അസുഖം കൂടിയതിനാല്‍ അവിടെ നിന്ന് ബെന്‍സിഗര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 10 മണിയോടെ പപ്പ മരിച്ചു. സംഭവത്തിന്റെ ആഘാതത്തെ തുടര്‍ന്ന് ബ്ലഡ് പ്രഷര്‍ കൂടി തലച്ചോറിലെ ഓക്‌സിജന്റെ അളവു കുറഞ്ഞു. അങ്ങനെയാണ് മരണം സംഭവിച്ചത്. പപ്പയുടെ മരണത്തിന് ഉത്തരവാദി കുണ്ടറ സ്റ്റേഷനിലെ എസ്‌ഐയും പൊലീസുകാരുമാണ്. പൊലീസുകാരുടെ ഫ്രസ്‌ട്രേഷന്‍ പാവപ്പെട്ടവരുടെ നെഞ്ചത്തല്ല തീര്‍ക്കേണ്ടത്. സംഭവത്തില്‍ പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനുമൊക്കെ പരാതി കൊടുക്കും. സിപിഐ ആണ് കേസൊക്കെ ഏറ്റെടുത്തിരിക്കുന്നത്.
ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഡോള്‍ഫസ് സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്നു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കുണ്ടറ പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടിട്ട് ഒരുമാസം തികയുന്നതിന് മുമ്പാണ് അടുത്ത കേസും രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐ ബെന്നി ലാല്‍ നിര്‍ബന്ധതിത അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ പത്തോളം കേസുകളാണ് കൊല്ലം ജില്ലയില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുണ്ടറയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരത്തിലൂള്ള അഞ്ചാലുംമുട്ടില്‍ ദളിത് യുവാക്കളെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതു വാര്‍ത്തയായിരുന്നു. കഴിഞ്ഞ ആഴ്ച അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബരിമലയില്‍ തണ്ണിമത്തന്‍ കച്ചവടം നടത്താന്‍ പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സ്റ്റേഷനില്‍ ചെന്ന യുവാവിനെ
ലോ വേയ്‌സ്റ്റ് ജീന്‍സിട്ടുവെന്ന പേരില്‍
മര്‍ദ്ദിച്ചിരുന്നു.
മാതൃകാ നടപടികള്‍ വൈകുന്നത് മൂലം പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; തലപ്പത്തിരിക്കുന്നവര്‍ക്ക് അച്ചടക്കമില്ല: ജസ്റ്റിസ് നാരായണക്കുറുപ്പ്


[caption id="attachment_61306" align="alignleft" width="254"]narayana-kuruppu ജസ്റ്റിസ് നാരായണക്കുറുപ്പ്[/caption]

മാതൃകാപരമായ ശിക്ഷ അപ്പോള്‍ തന്നെ കൊടുക്കാത്തതിന്റെ അനുഭവമാണു പൊലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമെന്നു പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നാരദാ ന്യൂസിനോടു പറഞ്ഞു. സാധാരണ ഗതിയില്‍ ഇങ്ങനെയൊരു സംഭവുമുണ്ടാകുമ്പോള്‍ അയാളെ അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യേണ്ടതാണ്. ബാക്കിയുള്ള കാര്യങ്ങളൊക്കെ പിന്നീടാണു ചെയ്യേണ്ടത്. ആരോപണ വിധേയര്‍ സര്‍വീസില്‍ തുടരുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. പാറശാല കസ്റ്റഡി മരണത്തെക്കുറിച്ച് 16 മാസം അന്വേഷണം നടത്തി കുറ്റക്കാരനായ ഉദ്യോഗസ്ഥരെ കണ്ടത്തി ശിക്ഷിച്ചു. 10 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഇതു കൊടുക്കുകയും ചെയ്തു. എന്നാല്‍ ആ ഉത്തരവ് ഞങ്ങള്‍ക്കു സ്വീകാര്യമല്ലെന്നു പറഞ്ഞ് സ്‌റ്റേറ്റ് പൊലീസ് ചീഫ് എഡിജിപിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ പോകുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സ്‌റ്റേറ്റ് പൊലീസ് ചീഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അച്ചടക്കമില്ല. തലപ്പത്തിരിക്കുന്നവര്‍ നേരെയായാല്‍ മാത്രമെ താഴെയുള്ളവർ നേരെയാകൂ എന്നും നാരായണക്കുറുപ്പ് പറഞ്ഞു.

Read More >>