സഹകരണബാങ്കുകളുടെ കൈവശമുള്ളത് ആർബിഐ സർക്കുലർ പ്രകാരം സമാഹരിച്ച തുക; മനോരമാ വാർത്ത തെറ്റിദ്ധാരണാജനകമെന്ന് ബാങ്കു വൃത്തങ്ങൾ

പഴയ നോട്ട് കൈകാര്യം ചെയ്യുന്നതിനു വിലക്കു വന്നശേഷം ജില്ലാ സഹകരണ ബാങ്കുകൾ 1000 കോടിയുടെ നിക്ഷേപവും പ്രാഥമിക സഹകരണ സംഘങ്ങൾ രണ്ടായിരം കോടിയുടെയും നിക്ഷേപം സ്വീകരിച്ചുവെന്നും ഈ നിക്ഷേപം ഒന്നും ചെയ്യാനാവാത്ത പ്രതിസന്ധി നേരിടുകയാണെന്നും തുക പഴയ നോട്ടായി മടക്കിക്കൊടുക്കേണ്ടി വരുമെന്നുമൊക്കെയാണ് മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്. അങ്ങനെയൊരു സാഹചര്യവും നിലവിലില്ലെന്നാണ് സഹകരണ ബാങ്കുകളിൽ നിന്നു ലഭിക്കുന്ന വിവരം.

സഹകരണബാങ്കുകളുടെ കൈവശമുള്ളത് ആർബിഐ സർക്കുലർ പ്രകാരം സമാഹരിച്ച തുക; മനോരമാ വാർത്ത തെറ്റിദ്ധാരണാജനകമെന്ന് ബാങ്കു വൃത്തങ്ങൾ

തിരുവനന്തപുരം : നോട്ടു പിൻവലിക്കലിനു ശേഷം ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും മൂവായിരം കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചുവെന്നും ആ പണം ഒന്നും ചെയ്യാനാകാത്ത പ്രതിസന്ധി നേരിടുകയാണെന്നുമുള്ള മനോരമാ വാർത്തയിൽ കഴമ്പില്ലെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നാരദാ ന്യൂസിനോട്.

റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിലെ മാനദണ്ഡം അനുസരിച്ചു സ്വീകരിച്ച തുക മാത്രമേ ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ളൂ.  ഈ പണം സംബന്ധിച്ചു യാതൊരു പ്രതിസന്ധിയുമില്ലെന്നും മറ്റു ബാങ്കുകളിൽ അക്കൗണ്ടുള്ളവർ നിലവിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്കപ്പുറം ഒരു പ്രശ്നവും ഈ പണത്തിനില്ലെന്നും അവർ വിശദീകരിക്കുന്നു.


നോട്ടു പിൻവലിച്ച പ്രഖ്യാപനം പുറത്തു വന്ന ദിവസം 500, 1000 രൂപാ നോട്ടുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കുകളും അർബൻ സഹകരണ ബാങ്കുകളും മാത്രമേ ഈ സർക്കുലറിൽ ഉൾപ്പെട്ടിരുന്നുള്ളൂ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കെവൈസി (know your customer) മാനദണ്ഡങ്ങൾ പ്രകാരം ജില്ലാ സഹകരണ ബാങ്കുകൾക്കും പ്രാഥമിക സഹകരണ സംഘങ്ങൾക്കും വാങ്ങാമെന്നു വ്യക്തത വരുത്തിയ നിർദ്ദേശം നവംബർ 9ന് ഉച്ചയോടെ റിസർവ് ബാങ്ക് പുറപ്പെടുവിച്ചു.

ഈ നിർദ്ദേശം അനുസരിച്ച് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ തങ്ങളുടെ അക്കൌണ്ട് ഉടമകളിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങൾ സ്വീകരിക്കുകയും ആ തുക ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ പണം നിയമാനുസൃതമായ നിക്ഷേപമാണെന്നും അക്കൌണ്ടുടമകൾക്ക് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും സ്ഥാനത്ത് പുതിയ നോട്ടുകൾ മടക്കിക്കൊടുക്കുക തന്നെ ചെയ്യുമെന്നും ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി.

പഴയ നോട്ട് കൈകാര്യം ചെയ്യുന്നതിനു വിലക്കു വന്നശേഷം ജില്ലാ സഹകരണ ബാങ്കുകൾ 1000 കോടിയുടെ നിക്ഷേപവും പ്രാഥമിക സഹകരണ സംഘങ്ങൾ രണ്ടായിരം കോടിയുടെയും നിക്ഷേപവും സ്വീകരിച്ചുവെന്നും ഈ നിക്ഷേപം ഒന്നും ചെയ്യാനാവാത്ത പ്രതിസന്ധി നേരിടുകയാണെന്നും തുക പഴയ നോട്ടായി മടക്കിക്കൊടുക്കേണ്ടി വരുമെന്നുമൊക്കെയാണ് മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്. അങ്ങനെയൊരു സാഹചര്യവും നിലവിലില്ലെന്നാണ് സഹകരണ ബാങ്കുകളിൽ നിന്നു ലഭിക്കുന്ന വിവരം.

ജില്ലാ ബാങ്കുകളിൽ നവംബർ എട്ടിനു കാഷ് റിസർവായി സൂക്ഷിക്കപ്പെട്ട പണവും ഈ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും ആർബിഐ നിർദ്ദേശ പ്രകാരം അക്കൌണ്ടുടമകളിൽ നിന്ന് സ്വീകരിച്ച പണവും മാത്രമാണ് ബാങ്കിന്റെ കൈവശമുളളത്. നിയമാനുസൃതം പ്രവർത്തിക്കുന്ന മറ്റേതു ബാങ്ക് അക്കൌണ്ടിനുമുള്ള എല്ലാ നിയമപരിരക്ഷയും ഈ അക്കൌണ്ടുകൾക്കുമുണ്ടാകുമെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.

എല്ലാ ജില്ലാ സഹകരണ ബാങ്കുകളിലും ഇപ്പോൾത്തന്നെ ആർബിഐ സംഘം പരിശോധന നടത്തുന്നുണ്ട്. നിക്ഷേപകരെ സംബന്ധിച്ച് ബാങ്കുകൾ കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നാണ് അവർ പരിശോധിക്കുന്നത്.  തിരുവനന്തപുരം ജില്ലാ ബാങ്കിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ഈ പരിശോധന പൂർത്തിയായതേയുള്ളൂ. നൂറു ശതമാനവും കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്ന ബാങ്കാണ് എന്ന് പരിശോധനയിൽ ആർബിഐ സംഘത്തിനു ബോധ്യമായതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജില്ലാ ബാങ്കുകളിൽ ഉപയോഗിക്കുന്ന ബാങ്കിംഗ് സോഫ്റ്റ് വെയർ നബാർഡിന്റെ നിയന്ത്രണത്തിലുളളതാണെന്നും നിക്ഷേപകരെ സംബന്ധിക്കുന്ന ഏതു വിവരവും അപ്പപ്പോൾ നബാർഡിനു ശേഖരിക്കാമെന്നും ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പൊതുമേഖലാ ബാങ്കുകൾ പാലിക്കുന്ന എല്ലാ നിബന്ധനയും പാലിച്ചു തന്നെയാണ് സഹകരണ ബാങ്കുകളും പ്രവർത്തിക്കുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രണ്ടര ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനങ്ങൾക്ക് ഉറവിടത്തിൽ നിന്നു നികുതി പിരിച്ച് ഇൻകം ടാക്സ് വകുപ്പിനു നൽകാറുണ്ട്. അമ്പതിനായിരം രൂപയ്ക്കു മുകളിലുള്ള ഒരു നിക്ഷേപവും പാൻകാർഡില്ലാതെ സ്വീകരിക്കാറില്ലെന്നും അവർ വിശദീകരിക്കുന്നു.