മാര്‍ത്തോമ്മ സഭയില്‍ പുതിയതായി ബിഷപ്പുമാരെ നിയമിക്കാനുളള നടപടി വിവാദത്തില്‍

മെത്രാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന സീനിയര്‍ വൈദികനെ സഭയിലെ ഉന്നത ബിഷപ്പിന്റെ മൗന ആശീര്‍വാദത്തോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്ന വിശ്വാസികളുടെ പരാതിയാണ് സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.

മാര്‍ത്തോമ്മ സഭയില്‍ പുതിയതായി  ബിഷപ്പുമാരെ നിയമിക്കാനുളള നടപടി വിവാദത്തില്‍

തിരുവല്ല ആസ്ഥാനമായ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയില്‍ പുതിയതായി നാല് ബിഷപ്പുമാരെ നിയമിക്കാനുളള നടപടി വിവാദമാകുന്നു. മെത്രാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന സീനിയര്‍ വൈദികനെ സഭയിലെ ഉന്നത ബിഷപ്പിന്റെ മൗന ആശീര്‍വാദത്തോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്ന വിശ്വാസികളുടെ പരാതിയാണ് സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്. മെത്രാനെ തെരഞ്ഞെടുക്കാനുളള ചുമതലയുളള എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ അംഗങ്ങള്‍ തന്നെ മെത്രാന്‍ സ്ഥാനത്തിനായി സജീവ പരിഗണയില്‍ ഉണ്ടായിരുന്ന റവ. ഡോക്ടര്‍ ജേക്കബ് ചെറിയാന്‍ എന്ന വൈദികനെതിരെ വ്യാജ ആരോപണം ചമയ്ക്കുകയായിരുന്നുവെന്നും ഒരു കൂട്ടം വിശ്വാസികള്‍ ആരോപിക്കുന്നു. എട്ട് വര്‍ഷം മുന്‍പ് ഫാ: ജേക്കബ് ചെറിയാനെ മെത്രാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നുവെങ്കിലും ആരോഗ്യ സ്ഥിതി മോശമാണെന്ന കാരണം പറഞ്ഞ് തെറിപ്പിക്കുകയായിരുന്നു. അന്നും സഭയില്‍ ശ്രേഷ്ഠ സ്ഥാനമുളള ഈ ബിഷപ്പിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നതായും വിശ്വാസികള്‍ ആരോപിക്കുന്നു.


കോട്ടയത്തുളള തോമസ് മാര്‍ അത്താനേഷ്യസ് ഇന്‍സറ്റിറ്റിയൂട്ട് ഓഫ് കൗണ്‍സിലിന്റെ ഡയറക്ടറാണ് റവ: ജേക്കബ് ചെറിയാന്‍. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പത്തനംതിട്ട ജില്ലയിലെ നെല്ലിക്കാല മാര്‍ത്തോമ്മാ പളളിയില്‍ നടന്ന കുടുംബ പ്രതിഷ്ഠാദിന ചടങ്ങില്‍ കുര്‍ബാനയുടെ ഭാഗമായ ശുശ്രൂഷാക്രമങ്ങള്‍ കുര്‍ബാനക്കുപ്പായം(കാപ്പാ) ധരിക്കാതെ വായിച്ചുവെന്നായിരുന്നു ഇദ്ദേഹത്തിനെതിരായുളള ആരോപണം. കുര്‍ബാനയില്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ അംഗങ്ങളായ അഡ്വ. റോയി മുട്ടത്ത്, അഡ്വ. ജോണ്‍ തോമസ്, സാബു അലക്സ് എന്നിവരും പങ്കെടുത്തിരുന്നു. ഇവര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആരോപണം.

എന്നാല്‍ ജേക്കബ് ചെറിയാനോടോപ്പം കുര്‍ബാനയില്‍ സഹകാര്‍മ്മികനായിരുന്ന നെല്ലിക്കാല പളളി വികാരി ജോസ് ടി എബ്രാഹം ഈ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് നെല്ലിക്കാല പളളി വികാരിയും ഇടവക ജനങ്ങളും മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് കൂട്ട നിവേദനം നല്‍കിയിരുന്നു. ഫാ: ജേക്കബ് ചെറിയാന് മെത്രാന്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന നിലപാടിലാണ് വിശ്വാസികള്‍. ആരോപണ വിധേയരായ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ അംഗം സാബു അലക്‌സ് ആരോപണങ്ങള്‍ നിഷേധിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു ഘട്ടത്തിലും ഇത്തരത്തിലുളള റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നായിരുന്നു സാബുവിന്റെ വിശദീകരണം.

[caption id="attachment_60556" align="alignleft" width="247"]marthoma-247x300 റവ:ഡോ: ജേക്കബ് ചെറിയാന്‍[/caption]

എന്നാല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നാരദാ ന്യൂസ് ജേക്കബ് ചെറിയാനെ ബന്ധപ്പെട്ടമ്പോള്‍ പ്രതികരിക്കാനില്ലായെന്നായിരുന്നു മറുപടി. നിലവില്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് വൈദികരായ റവ. ജോസഫ് ഡാനിയേല്‍, റവ. മോത്തി വര്‍ക്കി, റവ. പി.ജി. ജോര്‍ജ്ജ്, റവ. സജു സി. പാപ്പച്ചന്‍ എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍ നാല് എപ്പിസ്‌കോപ്പമാരെ തെരഞ്ഞെടുക്കാനുളള നടപടിക്ക് 2015 നവംബറിലാണ് സഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ച് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് തയ്യാറാക്കുന്ന വൈദികരുടെ പട്ടിക പിന്നീടുന്ന കൂടുന്ന സഭാ മണ്ഡലത്തില്‍ വോട്ടിനിടുന്നതാണ് നിലവിലെ രീതി. വൈദികരുടെയും അല്‍മായരുടെയും 75 ശതമാനം വോട്ട് നേടുന്നവരാണ് എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിലേറേ നീളുന്ന നടപടിക്രമങ്ങളാണ് ഇതിനായി ഉളളത്.

ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ നേതൃപാടവം, ആത്മീയ കഴിവുകള്‍ തുടങ്ങിയവ പരിശോധിക്കാന്‍ നോമിനേഷന്‍ ബോര്‍ഡിലെ അംഗങ്ങള്‍ രഹസ്യമായും പരസ്യമായും ഇവര്‍ പങ്കെടുക്കുന്ന പള്ളികളിലും ചടങ്ങുകളിലും പങ്കെടുത്താണ് ഇവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്നുളളതിനാല്‍ തങ്ങള്‍ക്ക് അനഭിമതനായ വൈദികനെതിരെ വ്യാജ ആരോപണങ്ങള്‍ ചമയ്ക്കുന്നതും പതിവാണെന്ന ആരോപണവും സജീവമായി നിലനില്‍ക്കുന്നുണ്ട്. ഇത്തരം വ്യാജ ആരോപണങ്ങള്‍ ചമയക്കുന്നതില്‍ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ ചില അംഗങ്ങളുടെ പങ്കിനെ കുറിച്ചും സംശയം ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ ഉളള ബിഷപ്പുമാരില്‍ 9 പേര്‍ 60 വയസ്സ് കഴിഞ്ഞവരാണെന്നും അന്‍പതു വയസിനു താഴെയുളളവരെയാണ് ബിഷപ്പുമാരായ പരിഗണിക്കേണ്ടതെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട. 60 വയസ്സ് പിന്നിട്ട ഒരാളെ മെത്രാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഒരു കൂട്ടം വിശ്വാസികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, വലിയ മെത്രാപ്പോലീത്ത, ഒരു സഫ്രഗന്‍ മെത്രാപ്പോലീത്ത ഉള്‍പ്പെടെ 12 ബിഷപ്പുമാരാണ് ഇപ്പോള്‍ സഭയ്ക്കുളളത്.

Read More >>