കുടുംബമായി പ്രമേഹത്തെ പ്രതിരോധിക്കാം

പ്രമേഹം ഒരു വ്യക്തിയുടെ രോഗം അല്ലെന്നും, ഒരു കുടുംബത്തിന്‍റെ ആരോഗ്യമാണ് എന്നുമുള്ള തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണ്.

കുടുംബമായി പ്രമേഹത്തെ പ്രതിരോധിക്കാം

കുടുംബത്തില്‍ ആരെങ്കിലും പ്രമേഹരോഗ ബാധിതരാണ് എങ്കില്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും തന്നെ പ്രമേഹരോഗ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ഉചിതം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൂടാതെ മരുന്നുകള്‍ ഉപയോഗിച്ചു മാത്രം പ്രമേഹരോഗത്തെ നിയന്ത്രിക്കുക അസാധ്യമാണ്. നിശബ്ദനായ കൊലയാളിയായി പ്രമേഹം കൂടുതല്‍ പേരില്‍ മരണകാരണമാകുന്ന സാഹചര്യങ്ങള്‍ കുടുംബം ഒന്നടങ്കം മനസിലാക്കണം.

പ്രമേഹം രണ്ടു തരത്തില്‍ ഉണ്ട്. ശരീരത്തിന് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ കഴിയാതെ രക്തത്തിലെ പഞ്ചാരയുടെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഇതിലെ ഒരു തരം. ഇത് പൊതുവേ കാണപ്പെടുന്ന പ്രമേഹ രോഗാവസ്ഥയാണ്. ശരീരത്തിനുള്ളിലേക്ക് ഇന്‍സുലിന്‍ കടത്തി വിടുന്നതോടെ ഈ അവസ്ഥ നിയന്ത്രണവിധേയമാകുന്നു. അതിനാല്‍ തന്നെ ഈ തരത്തിലുള്ള പ്രമേഹം അത്രയധികം അപകടകാരിയായി കണക്കാക്കപ്പെടുന്നില്ല.


ആവശ്യത്തിന് ഇന്‍സുലിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എങ്കിലും അത് ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമാണ് പ്രമേഹത്തിന്‍റെ മറ്റൊരു തരം. ഇങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടാകാന്‍ പ്രത്യേകിച്ചു ഒരു കാരണമല്ല ഉള്ളത്, പല വസ്തുതകളും ഈ സാഹചര്യത്തെ സൃഷ്ടിക്കുന്നു.

രണ്ടാം തരത്തിലുള്ള പ്രമേഹം, കണ്ടുപിടിക്കപ്പെടുമ്പോള്‍ തന്നെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രീയാസിലെ കോശങ്ങള്‍ അമ്പതു ശതമാനവും നശിപ്പിക്കപ്പെട്ടിരിക്കും. ഏകദേശം 10 വര്‍ഷത്തോളം പ്രമേഹരോഗാവസ്ഥ തിരിച്ചറിയപ്പെടാത്ത അവസ്ഥയില്‍ ശരീരത്തില്‍ ഉണ്ടായിരുന്നിരിക്കാമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. അപ്പോള്‍ മാത്രമായിരിക്കും പ്രമേഹരോഗ നിയന്ത്രണം രോഗിയുടെ മാത്രം ഉത്തരവാദിത്തം അല്ലെന്നും അത് അയാളുടെ കുടുംബം കൂടി ചേര്‍ന്ന് ഒരുമിച്ചു മുന്‍കരുതല്‍ എടുക്കേണ്ടതായ ഒരു കാര്യമാണ് എന്നും മനസിലാവുന്നത്.

ഉയര്‍ന്ന കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ തന്നെ പ്രമേഹം നിര്‍ണ്ണയിക്കപ്പെടുന്ന അവസ്ഥയില്‍ ഹൃദയത്തിന്‍റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടത് പരമപ്രധാനമാണ്.

അപകടകരമായ രണ്ടാം തരത്തിലുള്ള പ്രമേഹരോഗാവസ്ഥ ഇത്തരക്കാരില്‍ ഉണ്ടാകാനുള്ള സാഹചര്യം ഏറെയാണ്‌:

* രക്തബന്ധത്തില്‍ ആരെങ്കിലും പ്രമേഹരോഗ ബാധിതരാണ് എങ്കില്‍..
* നിങ്ങള്‍ മധ്യവയസ്സ് പിന്നിട്ടവരാണ് എങ്കില്‍..
* അമിതഭാരം ഉള്ളവരാണ് എങ്കില്‍..
* ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍..
* അപകടകരമായ ഒരു ഗര്‍ഭാവസ്ഥ ഉള്ളവര്‍..

ആവശ്യത്തിനു വ്യായാമവും, ശരിയായ ഭക്ഷണം ഇല്ലാത്തതും പ്രമേഹമുണ്ടാക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹം മൂര്‍ച്ഛക്കുന്നത് കണ്ണിന്‍റെ കാഴ്ചയേയും ബാധിക്കും. സ്ഥിരമായ അന്ധത ഉണ്ടാകാനുള്ള സാഹചര്യവും ഏറെയാണ്‌.

കുടുംബത്തിന്‍റെ പിന്തുണയും സഹകരണവും ഇല്ലാതെ പ്രമേഹത്തെ മറിക്കടക്കുക എളുപ്പമല്ല. പഞ്ചസാര, ടിന്‍ ഫുഡ്‌, കോള എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിനുള്ളിലേക്ക് എടുക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രണത്തില്‍ ആയിരിക്കണം.

വീട്ടില്‍ വാങ്ങുന്ന സാധനങ്ങളുടെ ആകെ മൊത്തം വിലയിരുത്തല്‍ നടത്തി അവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് കുറിച്ചു വയ്ക്കുക. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിലയിരുത്തല്‍ ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. പഞ്ചസാരയുടെ അളവ് കൂടുതലായുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമം കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തമാണ്.

പ്രമേഹം ഒരു വ്യക്തിയുടെ രോഗം അല്ലെന്നും, ഒരു കുടുംബത്തിന്‍റെ ആരോഗ്യമാണ് എന്നുമുള്ള തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണ്.