സഹകരണ സംഹാരം!

നോട്ടു മാറ്റി വാങ്ങാന്‍ സഹകരണ സംഘങ്ങളെ അനുവദിച്ചിട്ടില്ല. കള്ളനോട്ടുകള്‍ തിരച്ചറിയാന്‍ അവിടെ സൗകര്യമില്ലപോലും! സഹകരണ സംഘങ്ങളെ മാത്രമല്ല, ഭരണഘടനാപരമായി നിലനില്‍ക്കുന്ന സംസ്ഥാന ട്രഷറികളേയും ഇതിനു അനുവദിച്ചിട്ടില്ല! പഴയ നോട്ട് സ്വീകരിക്കാന്‍ അനുവാദമുള്ള പെട്രോള്‍ ബങ്കുകളില്‍ ഉള്ള സൗകര്യംപോലും സംസ്ഥാന ട്രഷറികളിലും സഹകരണ ബാങ്കുകളിലും ഇല്ല എന്ന വിചിത്ര വാദം തന്നെ എന്തൊക്കയോ ചീഞ്ഞു നാറുന്നതിന്‍റെ ലക്ഷണമാണന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.

സഹകരണ സംഹാരം!

ഡോ. എം കുര്യന്‍ തോമസ്

500, 1,000 രൂപാ നോട്ടുകളുടെ നിരോധനത്തിന്‍റെ പുകയും പൊടിയും മാത്രമല്ല, പൊതു സമൂഹത്തില്‍ അതുണ്ടാക്കിയ ആഘാതം പോലും ചര്‍ച്ചയ്ക്കതീതമായ യാഥാര്‍ത്ഥ്യമായി നിലകൊള്ളുകയാണ്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് മാസങ്ങള്‍ കൊണ്ടുപോലും കരകയറുവാനാവാത്ത നഷ്ടം ഉണ്ടാക്കിയ ഈ നടപടി ഇന്നു ന്യായീകരണ തൊഴിലാളികള്‍ക്കുപോലും പൊതുസമൂഹത്തില്‍ വിശദീകരിക്കനാവാതെ നിലകൊള്ളുന്നു.

പൊതു സമൂഹം ചുട്ടുപൊള്ളുമ്പോഴും കേരളത്തിലെ ഒരു വിഭാഗം ആഹ്ലാദിക്കുകയാണ്. ആഹ്ലാദ കാരണം മറ്റൊന്നുമല്ല.  ഈ നടപടികൊണ്ട് കേരളത്തിലെ സഹകരണ ബാങ്കുകള്‍ പൂട്ടിക്കെട്ടും! നോട്ടു മാറ്റി വാങ്ങാന്‍ സഹകരണ സംഘങ്ങളെ അനുവദിച്ചിട്ടില്ല. കള്ളനോട്ടുകള്‍ തിരച്ചറിയാന്‍ അവിടെ സൗകര്യമില്ലപോലും! സഹകരണ സംഘങ്ങളെ മാത്രമല്ല, ഭരണഘടനാപരമായി നിലനില്‍ക്കുന്ന സംസ്ഥാന ട്രഷറികളേയും ഇതിനു അനുവദിച്ചിട്ടില്ല! പഴയ നോട്ട് സ്വീകരിക്കാന്‍ അനുവാദമുള്ള പെട്രോള്‍ ബങ്കുകളില്‍ ഉള്ള സൗകര്യംപോലും സംസ്ഥാന ട്രഷറികളിലും സഹകരണ ബാങ്കുകളിലും ഇല്ല എന്ന വിചിത്ര വാദം തന്നെ എന്തൊക്കയോ ചീഞ്ഞു നാറുന്നതിന്‍റെ ലക്ഷണമാണന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.


12,000-ല്‍ അധികം വരുന്ന കേരളത്തിലെ സഹകരണ സംഘങ്ങള്‍ അഥവാ സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്‍റെ കേന്ദ്രങ്ങളാണന്നാണ് ഈ ആഹ്ലാദ സംഘത്തിന്‍റെ വാദം. ഇതര വിഷയങ്ങള്‍ പോലെ ബാങ്കിംഗ് സംവിധാനത്തിന്‍റെ അടിസ്ഥാന നിയമങ്ങളേക്കുറിച്ചും ഇവര്‍ക്കു വിവരമില്ല എന്നാണ് ഈ വാദം തെളിയിക്കുന്നത്. കള്ളപ്പണം ചാക്കില്‍കെട്ടി സഹകരണ ബാങ്കുകളില്‍ ഒളിപ്പിച്ചിരിക്കുകയാണന്നാണ് ഇവരുടെ കാഴ്ചപ്പാട്! സാധാരണ ബാങ്കുകള്‍പോലെ നിക്ഷേപ/വായ്പാ ശ്രംഖലയിലൂടെയാണ് സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. നിക്ഷേപമായി ലഭിക്കുന്നതില്‍ പരമാവധി വായ്പ കൊടുക്കുക; ബാക്കി നിശ്ചിത ശതമാനം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുക എന്നതാണ് സ്റ്റേറ്റ് ബാങ്ക്, ഇതര പൊതുമേഖലാ/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ചെയ്യുന്നത്. റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതും കടമെടുക്കുന്നതുമായ തുകയ്ക്കുപോലും പലിശയുണ്ട്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ എന്നു പറയുന്നത് ബാങ്കുകളും റിസര്‍വ് ബാങ്കുമായുള്ള ഇടപാടിനോടു ബന്ധപ്പെട്ടവയാണ്.

ഇതേപോലെതന്നെയാണ് സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ നിക്ഷേപിക്കുന്ന ഓരോ പൈസയ്ക്കും പലിശ കൊടുക്കാന്‍ ഏതു ബാങ്കും ബാധ്യസ്ഥമാണ്. പലിശരഹിത ഇസ്ലാമിക്ക് ബാങ്കിംഗ് ഒന്നും സഹകരണ മേഖലയില്‍ നടപ്പിലാക്കിയിട്ടില്ല. പലിശയ്ക്ക് കടം കൊടുത്ത് ഈ ബാധ്യതയും പ്രവര്‍ത്തന ചിലവും ലാഭവും ഉണ്ടാക്കുക എന്ന പ്രക്രിയയാണ് റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ചെയ്യുന്നത്. അതുതന്നെയാണ് സഹകരണ ബാങ്കുകളും ചെയ്യുന്നത്. ഒരു വ്യത്യാസം മാത്രമുണ്ട്. ഇതര ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപത്തിന് ആനുപാതികമായി മാത്രം വായ്പ നല്‍കുമ്പോള്‍ സഹകരണ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപത്തിന്‍റെ എത്രയോ ഇരട്ടി നബാര്‍ഡില്‍ നിന്നും ലഭ്യമാക്കി അതും കടം കൊടുക്കുന്നു. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കാവുന്ന വായ്പയ്ക്ക് പരിധി ഉള്ളതിനാല്‍ ഇത് എത്തിച്ചേരുന്നത് അനേകം കൈകളിലാണ്.

സഹകരണ ബാങ്കുകളില്‍ നിശ്ചിത തുകയിലധികം കൈവശം വയ്ക്കാനാവില്ല. പ്രതിദിനം ലഭിക്കുന്ന പണം അതേദിവസം തന്നെ വായ്പ്പകൊടുക്കണം. അല്ലെങ്കില്‍ ജില്ലാ ബാങ്കില്‍ അടയ്ക്കണം. അതിനുപരിയായ സംഖ്യ കൈവശമുള്ളതായി ഓഡിറ്റിലോ സഹകരണ വകുപ്പിന്‍റെ പരിശോധനയിലോ കണ്ടാല്‍ ബാങ്ക് സെക്രട്ടറി ഉത്തരം പറയണം. ആ തുക പോലും ദിനാന്ത്യം മിക്ക ബാങ്കുകളിലും കാണുകില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. നോട്ടു നിരോധനം നിലവില്‍ വന്ന നവംബര്‍ 9-നു രാവിലെ പ്രതിദിനം ദശലക്ഷക്കണക്കിനു രൂപയുടെ ക്രയവിക്രയം നടക്കുന്ന ഒരു സഹകരണ ബാങ്കില്‍ കേവലം 6,600 രുപയാണ് തലേദിവസത്തെ മിച്ചം പണമായി ഉണ്ടായിരുന്നത്! സഹകരണ വകുപ്പ് അസിസ്റ്റന്‍റ് രജിസ്ട്രാറുടെ നേരിട്ടുള്ള പരിശോധനനാ ഫലമാണിത്!

ചുരുക്കത്തില്‍, കള്ളപ്പണമായാലും വെള്ളപ്പണമായാലും സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തിന്‍റെ അനേകമിരട്ടി കേരളത്തിലെ സാധാരണക്കാരന്‍റെ കൈകളില്‍ പുനര്‍വിന്യാസത്തിലൂടെ വായ്പയായി എത്തിച്ചേരുന്നു. മികച്ച ഉള്‍നാടന്‍ ധനചംക്രമണം നടക്കുന്നു. മിക്കവാറും ഭൂമി ഈടുവാങ്ങി നടത്തുന്ന ഇത്തരം ഇടപാടുകളില്‍ സഹകരണ ബാങ്കുകള്‍ക്ക് നഷ്ടം സംഭവിക്കില്ല.

സഹകരണ ബാങ്കുകളില്‍ അഴിമതി ഇല്ല എന്നല്ല പറയുന്നത്. നിയമനം, വായ്പ അനുവദിക്കല്‍ ഇവയിലൊക്കെ അഴിമതി നടക്കുന്നുണ്ട്. അത്യാവശ്യം തൊട്ടുനക്കാരുമുണ്ട്. അതൊക്കെ പൊതുമേഖലാ ബാങ്കുകളിലും ഇല്ലേ? കവലം ആറുമാസത്തിനുള്ളില്‍ ഒരു മാനേജരുടെ പിടിപ്പുകേടുകൊണ്ട് ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്‍റെ ഒരു ബ്രാഞ്ച് കോടികളുടെ കിട്ടാക്കടം ഉണ്ടാക്കിയ സംഭവം ഈ ലേഖകന് നേരിട്ടറിയാം. അത്രയൊന്നും താഴോട്ടുപോവാന്‍ സഹകരണ ബാങ്കുകള്‍ക്ക് ആവില്ല.

ആരെങ്കിലും സഹകരണ ബാങ്ക് ലോക്കറില്‍ കള്ളപ്പണം പൊതിഞ്ഞുകെട്ടി വെച്ചിട്ടുണ്ടെങ്കില്‍ അതിനു അധികൃതര്‍ ഉത്തരവാദികളല്ല. പൊതുമേഖലാ ബാങ്കുകളും അല്ല. ലോക്കറില്‍ വെക്കുന്ന ഒരു വസ്തുവിനും ഒരു ബാങ്കും ഉത്തരവാദി അല്ല എന്നതുതന്നെ കാരണം.

സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നത് എല്ലാം കള്ളപ്പണമല്ല. അത്തരം നിക്ഷേപങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്. ഒന്നാമതായി, ഇതര ബാങ്കുകളേക്കാള്‍ പലിശ നിരക്കു സഹകരണ ബാങ്കുകളില്‍ കൂടുതലാണ്. രണ്ടാമതായി യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്ക് മേധാവികളേക്കാള്‍ സ്വദേശികളായ പ്രാഥമിക സഹകരണ ബാങ്ക് ഭരണക്കാരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. ഈ വശങ്ങള്‍ ഒന്നും കണ്ടില്ലന്നു നടിക്കരുത്. നിക്ഷേപ പലിശ കൂടുതലായതിനാല്‍ വായ്പാ പലിശയും സ്വാഭാവികമായി കൂടുതലായിരിക്കും. പക്ഷേ താരതമ്യേന ലളിതമായ നടപടിക്രമങ്ങളിലൂടെ സഹകരണ ബാങ്കുകളില്‍നിന്നും ഒരു തവണയെങ്കിലും വായ്പയെടുത്തവരായിരിക്കും ഭൂരിപക്ഷം നിക്ഷേപകര്‍.

സമീപകാലത്ത് മറ്റൊരുകൂട്ടം നിക്ഷേപകരും സഹകരണ ബാങ്കുകളിലേയ്ക്ക് ആകര്‍ക്കപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ബാംങ്കിഗ് തട്ടിപ്പുകളില്‍ ഭീതിതരായ പ്രവാസി മലയാളികളാണ് ഇവര്‍. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത സഹകരണ ബാങ്കുകളിലേയ്ക്ക് സമീപകാലത്ത് ലക്ഷക്കണക്കിനു രൂപയുടെ നിക്ഷേപം മാറ്റിയ മലയാളികളെ ഈ ലേഖകനു നേരിട്ടറിയാം. അവരാരും കള്ളപ്പണക്കാരല്ല.

സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഇല്ല എന്നല്ല ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും ഉണ്ട്. വ്യാജ അക്കൗണ്ടുകളും ഉണ്ടാവാം. ഇതൊക്കെ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലും ഇല്ലേ? അതു കണ്ടുപിടിക്കുക എന്നതല്ലേ ആദായ നികുതി വകുപ്പിന്‍റെ ജോലി? അതിനുള്ള സംവിധാനങ്ങളും സഹായകമായ നിയമങ്ങളും നിലവിലുണ്ടല്ലോ? പിന്നെന്താണ് പ്രശ്നം? ഇനി സഹകരണ ബാങ്കുകളിലെ കള്ളപ്പണം മുഴുവന്‍ കണ്ടെത്തി കണ്ടുകെട്ടി എന്നുതന്നെ വിചാരിക്കുക. എന്നാലും ഈ ബാങ്കുകള്‍ പൊളിയാന്‍ പോണില്ല. കാരണം സഹകരണ ബാങ്കുകള്‍ നിക്ഷേപകര്‍ക്കു മടക്കി നല്‍കേണ്ടിതിനു പകരം ആ തുക സര്‍ക്കാരിനു നല്‍കേണ്ടി വരുമെന്നു മാത്രം. ബാങ്കിനു ഒന്നും സംഭവിക്കില്ല.

കേരളത്തില്‍ ആഴത്തില്‍ വേരുന്നിയ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതിനു പിമ്പില്‍ കള്ളപ്പണവേട്ടയ്ക്കുപരിയായ ലക്ഷ്യങ്ങളുണ്ടന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഇതിന്‍റെ കാരണം മലയാളിയുടെ സമ്പാദ്യ ശീലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മലയാളിയുടെ സമ്പാദ്യത്തില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപങ്ങളാണ്. ലിക്യുഡിറ്റി ഉള്ള ഇത്തരം നിക്ഷേപങ്ങളിലാണ് ഇവര്‍ക്കു താല്‍പര്യം. റിയല്‍ എസ്റ്റേറ്റില്‍ മുടക്കിയ അൽപസംഖ്യയും ആട്, തേക്ക്, മാഞ്ചിയത്തില്‍ പോയ നിസാരതുകയും ഒഴിവാക്കിയാല്‍ത്തന്നെ മലയാളികളുടെ അതിഭീമമായ സമ്പാദ്യം ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍ സുരക്ഷിതമാണ്. പ്രധാനമായും പ്രവാസി മലയാളികളുടെ വകയായ ഇതില്‍ ഭൂരിഭാഗവും നല്ല പത്തരമാറ്റ് വെള്ളപ്പണമാണ്. ഇത് ഓഹരിവിപണിയില്‍ കലക്കാന്‍ നടത്തിയ സംഘടിതശ്രമമൊന്നും ഇതുവരെ വിജയംകണ്ടിട്ടില്ല. ഇതിലൊരുഭാഗം സഹകരണബാങ്കുകളിലുമുണ്ട്.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 30,000 കോടി രൂപയുടെ കള്ളപ്പണമുണ്ടന്നാണ് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. ഈ കണക്കിന്‍റെ ഉറവിടം വ്യക്തമല്ല. ഏതായാലും 2016 മാര്‍ച്ച് 31-ന് കേരളത്തിലെ സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 52,813.23 കോടി രൂപയായിരുന്നു. സഹകരണ മേഖല തകര്‍ന്നാല്‍ ഈ പണം സ്വാഭാവികമായും മുഖ്യധാര ബാങ്കുകളില്‍ എത്തിച്ചേരും.

ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേരുപടലവും ജനങ്ങളുടെ വിശ്വാസവും സ്വീകാര്യതയുമുള്ള ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആണ്. തീര്‍ച്ചയായും ഈ ഘടകങ്ങള്‍ നിക്ഷേപത്തിലും വായ്പകളിലും പ്രതിഫലിക്കും. 2016 മാര്‍ച്ച് 31-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ നിക്ഷേപം 1,01,119 കോടി രൂപയായിരുന്നു. ലയനത്തോടെ ഈ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എത്തും.
കേരളത്തിലെ നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ നോട്ടമിട്ടിട്ടു കുറെക്കാലമായി. പരമാവധി സ്ഥിരനിക്ഷേപം സംഭരിക്കുക, ഇതര സേവനങ്ങള്‍ - അതായത് വായ്പകള്‍ ഏറ്റവും കുറയ്ക്കുക - എന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് പല ന്യൂജനറേഷന്‍ ബാങ്കുകളും കേരളത്തിലെ ശാഖകളിലേയ്ക്കയക്കുന്നത് എന്ന് ഈ ലേഖകന് നേരിട്ടറിയാം. കേരളത്തിലെ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുള്ള വിമുഖത പ്രസിദ്ധമാണ്.

ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പകല്‍ പോലെ വ്യക്തമാകുന്ന ഒന്നുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ തകരുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ലയിപ്പിക്കുകയും ചെയ്യുമ്പോള്‍ വിപണിയെ മാത്രമല്ല കേരള ജീവിതചക്രത്തെ ചലനാത്മകമാക്കുന്ന ഒന്നരലക്ഷംകോടി രൂപയാണ് സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷമാകുന്നത്. ഈ പണം എത്തിച്ചേരുന്നത് എവിടെയെന്ന് ഇന്ന് ഇന്ത്യയിലെ ഏതു കൊച്ചുകൂട്ടിക്കുമറിയാം. സഹകരണസംഹാരത്തിനു വേറെ കാരണം തേടണോ?