നാടിന്റെ ജീവശ്വാസമാണ് സഹകരണ സ്ഥാപനങ്ങൾ; വരൂ, കണ്ടറിയാം കോഴിക്കോട്ടെ ഈ ആശുപത്രി അനുഭവം

സഹകരണമേഖലയുടെ മരണമണി മുഴങ്ങുമ്പോൾ ഏതെല്ലാം മേഖലകളിലേക്കാണത് നീളുകയെന്ന് ന്യായമായും ആശങ്കകളുണ്ട്. കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറത്ത് ജനസേവനത്തിന്റെ ഊടും പാവും തീർക്കുന്ന സഹകരണ സ്ഥാപനങ്ങളിലൊന്നിനെ പരിചയപ്പെടാം. സഹകരണ മേഖല എന്തുകൊണ്ട് സംരക്ഷിക്കപ്പെടണമെന്നതിന് നിദർശനമായി കോഴിക്കോട്ടെ ഒരു ആശുപത്രിയുടെ കഥ.

നാടിന്റെ ജീവശ്വാസമാണ് സഹകരണ സ്ഥാപനങ്ങൾ; വരൂ, കണ്ടറിയാം കോഴിക്കോട്ടെ ഈ ആശുപത്രി അനുഭവം

കോഴിക്കോട്: ആതുരാലയങ്ങള്‍ അറവുശാലകളാകുന്ന കാലത്ത് സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഫലപ്രദമായ ചികിത്സ നൽകി സാധാരണക്കാർക്ക് തണലാകുകയാണ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി. സഹകരണസ്ഥാപനങ്ങള്‍ക്ക് താഴിടാന്‍ ഗൂഢനീക്കം നടത്തുന്നവർ വന്നു കണ്ടറിയണം കൂട്ടായ്മയുടെ മുഖമുദ്രയായ ഈ ആശുപത്രി, രോഗികള്‍ക്ക് കൈത്താങ്ങാവുന്നത് എങ്ങനെയൊക്കെയാണെന്ന്.

സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ അപേക്ഷിച്ച് നേര്‍പകുതി തുകയ്ക്കാണ് കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ പല പരിശോധനകളും ചെക്കപ്പുകളും നടത്തുന്നത്. അതുകൊണ്ടുതന്നെ തിരക്കൊഴിഞ്ഞ ദിവസങ്ങള്‍ ഇവിടെയില്ല. മലബാര്‍ മേഖലയില്‍ത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ രോഗികളെ കൊള്ളയടിക്കാതെ പ്രവര്‍ത്തിക്കുന്ന ചുരുക്കം ആശുപത്രികളിൽപ്പെടുന്നു ഇത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇത്തരം സഹകരണ സ്ഥാപനങ്ങളാണ് എക്കാലവും സാധാരണക്കാരന് തുണയായിട്ടുള്ളത്.


പിന്നിട്ട വഴികള്‍, വളർച്ചാപടവുകൾ


1972ല്‍ സഹകരണതലത്തില്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് ജില്ലാ ആശുപത്രി 1973ലാണ് 25 കിടക്കകളോടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. ഇന്നിപ്പോള്‍ രണ്ടേക്കര്‍ സ്ഥലത്ത് ആറ് നില കെട്ടിട സമുച്ചയങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്നു.

എരഞ്ഞിപ്പാലം ബൈപ്പാസില്‍ ഒരു ലക്ഷം ചതുരശ്ര അടി ബില്‍ട്ട് അപ്പ് ഏരിയയുള്ള ആശുപത്രിയില്‍ എണ്‍പതോളം ഡോക്ടര്‍മാരും 300ലധികം മറ്റു ജീവനക്കാരുമുണ്ട്. നഗരത്തിലെ മുന്‍നിര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഇത് വളര്‍ന്നിരിക്കുന്നു.

സാധാരണക്കാരന് ചുരുങ്ങിയ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. എട്ട് ഓപ്പറേഷന്‍ തിയറ്റുകള്‍ സര്‍വസമയവും പ്രവർത്തനസജ്ജം. എല്ലാവിധ ആധുനിക ചികിത്സ സംവിധാനങ്ങളും റെഡി.

കക്ഷിരാഷ്ട്രീയത്തിനപ്പുറത്തെ ഐക്യം

എം ഭാസ്‌കരന്‍ പ്രസിഡന്റും എ വി സന്തോഷ് കുമാര്‍ സെക്രട്ടറിയുമായ 13 അംഗഭരണസമിതിയാണ് തലപ്പത്ത്. എൽ.ഡി എഫിനാണ് ഭരണമെങ്കിലും കക്ഷി രാഷ്ട്രീയത്തിൽ കലങ്ങിപ്പോകാതെ മാതൃകാപരമായി നിലനിൽക്കുന്ന സഹകരണ സ്ഥാപനമാണിത്.

അയ്യായിരത്തിലധികം അംഗങ്ങള്‍. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്. ആശുപത്രിയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്നവരാണ് ഇവരെല്ലാമെന്ന് സെക്രട്ടറി എ വി സന്തോഷ് കുമാര്‍ പറയുന്നു. ഭരണസമിതിയുടെ രാഷ്ട്രീയത്തിനപ്പുറം ആശുപത്രിയുടെ ഉയര്‍ച്ചയാണ് എല്ലാവരും ലക്ഷ്യമിടുന്നതെന്ന് പതിനഞ്ച് വര്‍ഷമായി ഭരണസമിതിയംഗമായി തുടരുന്ന കോണ്‍ഗ്രസ് നേതാവ് കോളിയോട്ട് ഭരതന്‍ പറഞ്ഞു.

മികച്ച സൂപ്പര്‍സ്‌പെഷ്യാലിറ്റി സംവിധാനം

ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ത്തന്നെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ സേവനം നൽകുന്നു കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി. ജനറല്‍ സര്‍ജറി, എമര്‍ജന്‍സി, ഓര്‍ത്തോപീഡിക്‌സ്, ഗ്യാസ്‌ട്രോ എൻട്രോളജി, ഗൈനക്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഇഎന്‍ടി, പീഡിയാട്രിക്‌സ്, പ്ലാസ്റ്റിക് & കോസ്മറ്റിക് സര്‍ജറി, ഡെര്‍മറ്റോളജി, ഡെന്റിസ്ട്രി, അനസ്‌തേഷ്യ ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഫലപ്രദമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. കാര്‍ഡിയോളജി വിഭാഗത്തിലുള്‍പ്പെടെ ആധുനിക ചികിത്സ സംവിധാനം ഉടന്‍ ആവിഷ്‌ക്കരിക്കാനുള്ള നടപടി പുരോഗമിക്കുന്നു.

വിപുലമായ ഓഹരി അടിത്തറ

ആകെ ഓഹരി മൂലധനമായുള്ളത് 818.58 ലക്ഷം രൂപയാണ്. ഇതില്‍ 363.54 ലക്ഷം രൂപ 5164 എ ക്ലാസ് ഓഹരികളാണ്. 431.99 ലക്ഷം രൂപ 113 ബി ക്ലാസ് ഓഹരികളായും 23.05 ലക്ഷം രൂപ മറ്റു ഓഹരികളും.

2004ല്‍ ആരംഭിച്ച നഴ്‌സിംഗ് സ്‌കൂളില്‍ മുപ്പതു സീറ്റുകള്‍ വീതമാണ് ഓരോ ബാച്ചും. എല്ലാ ബാച്ചിലും 100 ശതമാനം വിജയം. കൊള്ളയടിക്കുന്ന ഫീസ് ഘടനയില്ലാത്തതിനാല്‍ സാധാരണകുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും ഇവിടെ ഇടമുണ്ട് - ആശുപത്രി ഫിനാന്‍സ് മാനേജര്‍ ശശിധരന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

വിവിധ പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും സ്വകാര്യ ആശുപത്രികളിലേതിന് പകുതിയേ ചാർജ്ജ് വരുന്നുള്ളൂ. അപേക്ഷിച്ച് പകുതിയിലധികം വരെ ചാര്‍ജ്ജ് വരുന്നുള്ളു. സ്വകാര്യ ആശുപത്രികളിലെ ഫീസുമായി താരതമ്യപ്പെടുത്തിയുള്ള കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ പരിശോധനകളുടെയും ടെസ്റ്റുകളുടെയും ചാർജ് ചാര്‍ട്ട് താഴെ കൊടുക്കുന്നു.

Read More >>