സഹകരണ പ്രതിസന്ധി: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യക്ഷ സമരത്തിന്; നാളെ റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യാഗ്രഹം

പ്രക്ഷോഭത്തിന്റെ ആദ്യപടിയെന്നോണം നാളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹം നടത്തും. സമരത്തിലേക്ക് പ്രതിപക്ഷം പിന്തുണ അറിയിച്ചിട്ടുണ്ട്.

സഹകരണ പ്രതിസന്ധി: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യക്ഷ സമരത്തിന്; നാളെ റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യാഗ്രഹം

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ സഹകരണ മേഖലയെ നേരിട്ടു ബാധിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. സഹകരണ മേഖലയ്ക്ക് ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രക്ഷോഭത്തിന്റെ ആദ്യപടിയെന്നോണം നാളെ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹം നടത്തും.


സമരത്തിലേക്ക് പ്രതിപക്ഷം പിന്തുണ അറിയിച്ചിട്ടുണ്ട്. ഒപ്പം മറ്റു പാര്‍ട്ടികളുടെയും പിന്തുണ തേടിയിട്ടുണ്ട്. നോട്ട് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് 21ന് വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ബിജെപിയെയും ക്ഷണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ യോഗത്തില്‍ ബാക്കി പ്രക്ഷോഭപരിപാടികള്‍ പരിഗണിക്കും. സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത സമരത്തിന് രൂപം നല്‍കാന്‍ എല്‍ഡിഎഫും യുഡിഎഫും ധാരണയിലെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ പ്രക്ഷോഭം.

സഹകരണമേഖലയ്ക്ക് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും ഇക്കാര്യത്തില്‍ നാടിന്റെ വികാരം ശക്തമായി പ്രകടിപ്പിക്കണം എന്നുള്ളതിനാലാണ് തങ്ങള്‍ തന്നെ നേരിട്ട് പ്രതിഷേധത്തിനിറങ്ങുന്നതെന്നും രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്താക്കിയിരുന്നു. പ്രതിപക്ഷം നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളോടെല്ലാം സര്‍ക്കാരിന് യോജിപ്പാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം അവരുടെ ആഢംബരവും ധൂര്‍ത്തുമാണെന്ന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. കേരളത്തിലെ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തെ പരിഹസിക്കരുതെന്നും ജീവിത നിലവാരം ഉയരുന്നത് മാന്ത്രികവിദ്യ കൊണ്ടല്ലെന്നും അത് സാമൂഹിക പുരോഗതിയുടെ ഫലമായാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആ പുരോഗതിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിലാണ് ബിജെപി പങ്കാളിയായിരിക്കുന്നത്. അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് മാന്യമായ വസ്ത്രം ധരിക്കുന്നതും നല്ലഭക്ഷണം കഴിക്കുന്നതും ആഢംബരവും ധൂര്‍ത്തും ആണെന്നാണ് ബിജെപി നേതാവ് പറയുന്നത്.

ബിജെപിക്കു മാത്രമേ അത്തരം ആക്ഷേപം ജനങ്ങള്‍ക്കുമേല്‍ ചൊരിയാന്‍ കഴിയൂ. തൊഴിലാളികളും കര്‍ഷകരും ചെറുകിട കച്ചവടക്കാരും എല്ലാമടങ്ങുന്ന കേരളീയ സമൂഹത്തില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേതു പോലുള്ള ദുരിതം വേണമെന്നാണോ ബിജെപിയുടെ ആഗ്രഹം?. പൊടുന്നനെ നോട്ട് അസാധു ആക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കുറച്ചുകാണിക്കാനുള്ള ഇത്തരം പരിഹാസ്യമായ വാദങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ബിജെപി ഓര്‍ക്കുന്നത് നല്ലതാണെന്നും പിണറായി വ്യക്തമാക്കി.Read More >>