നോട്ടു നിരോധന ദിനത്തില്‍ വിശപ്പിന്റെ വിലയറിഞ്ഞ തനിക്കും ഭാര്യയ്ക്കും കാശുനോക്കാതെ ആഹാരം നല്‍കിയ ഹോട്ടലുടമയെപ്പറ്റി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിശക്കുന്ന മനുഷ്യരോട് ഒരു പരിഗണനപോലുമില്ലാത്ത ഭൂരിപക്ഷ സമൂഹത്തില്‍ ഇത്തരക്കാരെ കാണുന്നത് അപൂര്‍വ്വമായിരിക്കും. 'നോട്ടിന് പേപ്പറിന്റെ വിലപോലുമില്ലാത്ത അവസ്ഥ'യില്‍ തങ്ങള്‍ക്കു വയറുനിറയെ ഭക്ഷണം തന്ന കടയുടമയ്ക്കുള്ള ചെറിയ പാരിതോഷികം എന്ന നിലയിലാണ് ഈ പോസ്റ്റിട്ടതെന്നും സുജിത് പറയുന്നു.

നോട്ടു നിരോധന ദിനത്തില്‍ വിശപ്പിന്റെ വിലയറിഞ്ഞ തനിക്കും ഭാര്യയ്ക്കും കാശുനോക്കാതെ ആഹാരം നല്‍കിയ ഹോട്ടലുടമയെപ്പറ്റി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്രസര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ കഷ്ടത്തിലായത് ഏറെയും സാധാരണക്കാരാണ്. കൈയിലിരുന്ന നോട്ടുകള്‍ക്കു വിലയില്ലാതായതോടെ ജനങ്ങള്‍ ശരിക്കും ബുദ്ധിമുട്ടി. അത്യാവശ്യ സാധനങ്ങള്‍ വരെ വാങ്ങാനാകാതെ വലഞ്ഞവര്‍ക്കു മുന്നില്‍ വില്‍പ്പനക്കാരും ഔദാര്യമൊന്നും കാട്ടിയില്ല. പലരും കടകള്‍ക്കു മുന്നില്‍ '500-1000 നോട്ടുകള്‍ എടുക്കുന്നതല്ല' എന്ന ബോര്‍ഡുവരെ വച്ചു അത്യാവശ്യക്കാരെ തടഞ്ഞു.

എന്നാല്‍ മനസ്സില്‍ നന്മനിറഞ്ഞവരും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നുള്ളതിന്റെ തെളിവാണ് തിരുവനന്തപുരം മുദാക്കല്‍ സ്വദേശിയായ സുജിത് എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിയിക്കുന്നത്. നവംബര്‍ 9ന് ഉച്ചയ്ക്ക് ചിറയിന്‍കീഴ് ടൗണില്‍ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളുമായി ആഹാരം കഴിക്കാന്‍ സുജിത്തും ഭാര്യയും കയറിയിറങ്ങിയ കടകള്‍ക്ക് കണക്കില്ല. പക്ഷേ തലേദിവസം നോട്ടുകള്‍ നിരോധിച്ച പ്രഖ്യാപനം വന്നതിനാല്‍ ഭക്ഷണശാലക്കാര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ ചിറയിന്‍കീഴ് തട്ടുകട എന്ന ചെറിയ ഹോട്ടലിന്റെ ഉടമ രവീന്ദ്രന്‍ കാണിച്ച കാരുണ്യമാണ് സുജിത് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഭാര്യയ്ക്ക് മെഡിക്കല്‍ ടെസ്റ്റു നടത്താന്‍ രാവിലെ ആഹാരം പോലും കഴിക്കാതെ ചിറയിന്‍കീഴ് ടൗണില്‍ എത്തിയ സുജിത്തും കുടുംബവുമാണ് നോട്ടുനിരോധനത്തില്‍പ്പെട്ടത്. ഭക്ഷണം കഴിക്കാന്‍ കടകള്‍ കയറിയിറങ്ങി മടുത്ത സുജിത്ത് അവസാനം ചിറയിന്‍കീഴ് തട്ടുകട എന്ന സ്ഥാപനത്തില്‍ എത്തുകയായിരുന്നു. മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൈയിലുള്ള 500 രൂപ എടുക്കുമോ എന്നാണ് സുജിത് സ്ഥാപനയുടമയോട് ചോദിച്ചത്. ''സര്‍ക്കാര്‍ ഇറക്കിയതാണെങ്കില്‍ ഞാന്‍ എടുക്കും'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സുജിത് പറയുന്നു. മാത്രമല്ല വിശക്കുന്നവര്‍ക്ക് കാശില്ലെങ്കിലും ആഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>