ബഹിരാകാശത്ത് കൂടുതല്‍ കാലം ജീവിച്ചതിന്റെ പുതിയ ചൈനീസ് റെക്കോര്‍ഡ് പിറന്നു

ബഹിരാകാശ ദൗത്യം തികഞ്ഞ വിജയമായിരുന്നെന്ന് ചൈനീസ് ബഹിരാകാശ ദൗത്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് സാങ്ങ് യോക്ഷിയ പറഞ്ഞു.

ബഹിരാകാശത്ത് കൂടുതല്‍ കാലം ജീവിച്ചതിന്റെ പുതിയ ചൈനീസ് റെക്കോര്‍ഡ് പിറന്നു

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ ബഹുമതി സ്വന്തമാക്കി രണ്ട് ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് മടങ്ങി. ഒരു മാസത്തിലധികം ബഹിരാകാശത്ത് താമസിച്ച ശേഷം ഇന്നലെയാണ് ജിങ്ങ് ഹായ്‌പെങ്ങ്, ചെന്‍ ഡോംഗ് എന്നിവര്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. ബഹിരാകാശ ദൗത്യം തികഞ്ഞ വിജയമായിരുന്നെന്ന് ചൈനീസ് ബഹിരാകാശ ദൗത്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് സാങ്ങ് യോക്ഷിയ പറഞ്ഞു. ഷെന്‍ഷോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ ബെയ്ജിംഗ് സമയം 1.59ന് ഇരുവരും മംഗോളിയയില്‍ ഇറങ്ങിയതായി ബെയ്ജിംഗ് എയറോസ്‌പെയ്‌സ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു.

ഷെന്‍ഷോ 11 ചൈനയുടെ ആറാമത്തെ ബഹിരാകാശ വാഹനമാണ്. ചൈനയുടെ ബഹിരാകാശ ലബോറട്ടറിയെന്ന് വിശേഷിപ്പിക്കാവുന്ന ടിയാംഗോങ്ങ് 2-ലാണ് ബഹിരാകാശ സഞ്ചാരികള്‍ 30 ദിവസത്തിലധികം കഴിഞ്ഞത്. ഒക്ടോബര്‍ 17നാണ് ഷെന്‍ഷോ 11 ബഹിരാകാശത്തേക്ക് കുതിച്ചത്. 2022ഓടെ ബഹിരാകാശത്ത് സ്ഥിരമായ നിലയം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് രണ്ടംഗ ബഹിരാകാശ സഞ്ചാരികള്‍ യാത്ര നടത്തിയത്.