കേരളത്തിനു പിന്നാലെ മംഗളൂരുവിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി കാണിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ; വ്യാജ പ്രചരണമെന്നു പോലീസ്

കുട്ടികളെ തട്ടിക്കൊണ്ടുപോയതായി നിലവിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് മംഗളുരു പോലീസ് അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മംഗളൂരു ഡിസിപി ഡോ. സഞ്ജീവ പാട്ടീൽ തന്നെ രംഗത്തുവന്നിട്ടുണ്ട്.

കേരളത്തിനു പിന്നാലെ മംഗളൂരുവിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി കാണിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ; വ്യാജ പ്രചരണമെന്നു പോലീസ്

മംഗളൂരു: കേരളത്തിന് പിന്നാലെ മംഗളൂരുവിലും കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടുപോകുന്നതായി കാണിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നു. കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെട്ടതായും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ എത്തിയതായും പറയുന്ന സന്ദേശങ്ങൾ ആണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി നിലവിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് മംഗളുരു പോലീസ് അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മംഗളൂരു ഡിസിപി ഡോ. സഞ്ജീവ പാട്ടീൽ തന്നെ രംഗത്തുവന്നിട്ടുണ്ട്.


നേരത്തെ മലബാറിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സംഘങ്ങൾ എത്തിയിട്ടുണ്ടെന്നും പലകുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നുവെന്നും കാണിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച് ആധികാരികമായ ഒന്നും കണ്ടെത്താൻ കേരളാപൊലീസിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം നാദാപുരത്ത് നിന്നും മൂന്നു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസിന്റെ വയർലസ് സന്ദേശം എന്ന പേരിൽ വാട്സ്ആപ്പ് ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. എന്നാൽ കൊയിലാണ്ടിയിൽ നിന്നും കാണാതായ ഒരു യുവതിയെ മണിക്കൂറുകൾക്കകം നാദാപുരത്തുവച്ച് കണ്ടെത്തിയെന്നും ഇതു സംബന്ധിച്ച വയർലസ് സന്ദേശം ആരോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും നാദാപുരം പോലീസ് നാരദാ ന്യൂസിനോട് പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ വ്യാജപ്രചരണങ്ങൾക്കുപിറകിൽ ഏതെങ്കിലും സംഘടിതമായ ശ്രമമുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. നേരത്തെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, ബന്തിയോട്, ബെണ്ടിച്ചാല്‍ പ്രദേശങ്ങളിൽ ഇത്തരം തട്ടിക്കൊണ്ടുപോകൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് മണൽ മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു.

മംഗളൂരുവിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ വാഹനങ്ങളെയോ വ്യക്തികളെയോ കണ്ടാൽ പോലീസ് കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മംഗളുരു പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Read More >>