മുംബൈ - ചെന്നൈ മത്സരം സമനിലയിൽ

51-ആം മിനുറ്റിൽ ജെ ജെ. ലാൽ പെഖുലയിലൂടെ മുന്നിലെത്തിയിരുന്ന ചെന്നൈയിനെ 88-ആം മിനുറ്റിൽ ലിയോ കോസ്റ്റയുടെ ഗോളിലൂടെയാണ് മുംബൈ തളച്ചത്

മുംബൈ - ചെന്നൈ മത്സരം സമനിലയിൽ

ചെന്നൈ: മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേ സമനില ഗോളടിച്ച് മുംബൈ സിറ്റി ഐഎസ്എല്ലിലെ ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടുദിവസത്തെ
ഇടവേളയ്ക്ക് ശേഷം ഇന്നലെ നടന്ന ചെന്നൈയിൻ എഫ്.സി - മുംബൈ സിറ്റി
മത്സരമാണ് 1-1ന് സമനിലയിൽ കലാശിച്ചത്. 51-ആം മിനുറ്റിൽ ജെ ജെ. ലാൽ
പെഖുലയിലൂടെ മുന്നിലെത്തിയിരുന്ന ചെന്നൈയിനെ 88-ആം മിനുറ്റിൽ ലിയോ
കോസ്റ്റയുടെ ഗോളിലൂടെയാണ് മുംബൈ തളച്ചത്.
ചെന്നൈയിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ വിരസമായ ആദ്യപകുതിക്ക്

ശേഷം രണ്ടാം പകുതിയിലാണ് കളി ആവേശക്കൊടിമുടി കയറിയത്. കഴിഞ്ഞ കളിയിൽ കേരള ബ്‌ളാസ്റ്റേഴ്‌സിനോട് സമനിലയിൽ പിരിഞ്ഞ ടീമിൽ അഞ്ച് മാറ്റങ്ങൾ
വരുത്തിയിറങ്ങിയ ചെന്നൈ ആദ്യ പകുതിയിൽ പന്തടക്കത്തിൽ
മുന്നിലായിരുന്നുവെങ്കിലും ആവേശകരമായ ശ്രമങ്ങളൊന്നും കണ്ടില്ല. മുംബൈ
നിരയിൽ മാർക്വീ താരം ഡീഗോ ഫോർലാൻ 36-ആം മിനുറ്റിൽ പ്രതിരോധം തകർത്ത്
പന്ത് പായിച്ചെങ്കിലും ചെന്നൈയിൻ ഗോളി രക്ഷകനായി തട്ടിയകറ്റി. ഈ ഒരു
അവസരം മാത്രമാണ് ആദ്യപകുതിയിൽ കാണികൾക്ക് ഹരം പകർന്നത്.
രണ്ടാം പകുതിയിൽ കളി ആരംഭിച്ചയുടൻ ജെജെ മുംബൈയുടെ വലയിൽ പന്തെത്തിച്ചതോടെ കളിയുടെ താളം മാറി.

മൗറീസ്യോ പെലുസോ എടുത്ത ഒരു കോർണർ കിക്കിന്
തലവച്ചാണ് ജെജ പന്ത് വലയ്ക്കകത്താക്കിയത്. തുടർന്ന് ജെജ മുംബൈ ഗോൾമുഖത്ത്
നിരന്തരം ആക്രമണത്തിനൊരുങ്ങി. 61-ആം മിനുറ്റിൽ ഗെർസൺ വിയേറയ്ക്ക് പകരം
ലിയോ കോസ്റ്റയെ ഇറക്കിയാണ് മുംബൈ ഇതിന് മറുപടി നൽകിയത്. കാത്തിരിപ്പിന്
വിരാമമിട്ട് 88-ആം മിനുറ്റിൽ സോണി നോർദേ നൽകിയ പാസിൽ നിന്ന് ലിയോ കോസ്റ്റ
തൊടുത്ത ലോങ് റേഞ്ച് ഷോട്ട് വലയിൽ കയറിയതോടെ മത്സരം 1-1 എന്ന നിലയിൽ
സമനിലയിൽ.

Read More >>