ആവശ്യത്തിനു പണമില്ല; കോഴിക്കോട് ജനം ബാങ്കുകൾ പൂട്ടിച്ചു

പണമില്ലാത്ത ബാങ്കുകള്‍ തുറക്കേണ്ടെന്നു പറഞ്ഞാണ് പ്രകോപിതരായ ആളുകള്‍ ശാഖകള്‍ പൂട്ടിക്കുന്നത്. ചില ബാങ്കുകള്‍ക്കു നേരെ ആക്രമണമുണ്ടായതായും വിവരമുണ്ട്. കോഴിക്കോട് കനറാബാങ്കിൽ പണമില്ലാത്തതിനെത്തുടര്‍ന്നു പരിധിയില്‍ വരുന്ന ശാഖകളിലെവിടെയും രണ്ടു ദിവസമായി കാര്യമായി പണം വിതരണം നടക്കുന്നില്ല.

ആവശ്യത്തിനു പണമില്ല; കോഴിക്കോട് ജനം ബാങ്കുകൾ പൂട്ടിച്ചു

കോഴിക്കോട്: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നു പകരം പുതിയ നോട്ടുകള്‍ യഥാസമയം എത്താതെ വന്നതോടെ പണമില്ലാതായ ബാങ്കുകള്‍ ജനം അടപ്പിച്ചു തുടങ്ങി. ഇതോടെ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ആവശ്യത്തിനു നോട്ടുകള്‍ എത്താത്തതിനെത്തുടര്‍ന്നു സംസ്ഥാനത്ത് നിരവധി ബാങ്കുകളാണ് ഈയടുത്ത ദിവസങ്ങളില്‍ ജനം അടപ്പിച്ചത്.

കോഴിക്കോട് കനറാ ബാങ്കിന്റെ വിവിധ ശാഖകളില്‍ രണ്ടു ദിവസമായി സംഘര്‍ഷം തുടരുകയാണ്. നാമമാത്രം എടിഎമ്മുകളില്‍ 2000 രൂപയുടെ നോട്ടൊഴികെ മറ്റെവിടെയും തന്നെ പണമില്ല. മിക്ക എടിഎമ്മുകളും അടഞ്ഞു കിടക്കുകയാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കു പണമില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. താഴെത്തട്ടിലുള്ള സാധാരണക്കാരെയാണു കേന്ദ്രസര്‍ക്കാറിന്റെ പരിഷ്‌കാരം കൂടുതല്‍ ബാധിച്ചിട്ടുള്ളത്.


പണമില്ലാതെ ബാങ്കുകള്‍ തുറക്കേണ്ടെന്നു പറഞ്ഞാണ്, പ്രകോപിതരായ ആളുകള്‍ ശാഖകള്‍ പൂട്ടിക്കുന്നത്. ചില ബാങ്കുകള്‍ക്കു നേരെ ആക്രമണമുണ്ടായതായും വിവരമുണ്ട്. കോഴിക്കോട് കനറാബാങ്ക് സെക്ഷനില്‍ പണമില്ലാത്തതിനെത്തുടര്‍ന്നു പരിധിയില്‍ വരുന്ന ശാഖകളിലെവിടെയും രണ്ടു ദിവസമായി കാര്യമായി പണം വിതരണം നടക്കുന്നില്ല.

വയനാട്, ഇടുക്കി, കാസര്‍കോട് പോലുള്ള ജില്ലകളിലും ജനങ്ങള്‍ ഇടപെട്ട് വിവിധ ബാങ്കുകളുടെ ശാഖകള്‍ അടപ്പിക്കുന്നതു തുടരുകയാണ്. കനറാബാങ്ക്, എസ്‌ബിഐ എടിഎമ്മുകളില്‍ നിന്നാണു കഴിഞ്ഞ ദിവസങ്ങളില്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചിരുന്നത്. മറ്റെവിടെയുംതന്നെ പണമില്ല. സംസ്ഥാനത്തെ ബഹുഭൂരിഭാഗം ബാങ്കുകളിലും ഇതു തന്നെയാണ് അവസ്ഥ. ടോക്കണ്‍ വാങ്ങി ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ട ഗതികേടിലാണു ജനങ്ങള്‍. ന്യൂജനറേഷന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പലയിടത്തും നിര്‍ജീവാവസ്ഥയിലാണ്.

അമ്പതു ദിവസത്തിനകം നോട്ടു നിരോധനമുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നു  കരകയറാനാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂലൈ, ആഗസ്ത് മാസങ്ങളെങ്കിലുമാകും ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകാനെന്ന് ബാങ്കിംഗ് വിദഗ്ധനായ എ കെ രമേഷ് ചൂണ്ടിക്കാട്ടുന്നു.

അതിരാവിലെ മുതല്‍ ബാങ്കുകള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്ന ജനം പണം ലഭിക്കാതെ വരുന്നതോടെയാണു പ്രകോപിതരാവുന്നത്. നഗര-ഗ്രാമപ്രദേശങ്ങളില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞുകിടക്കുകയാണ്. ശമ്പളം കൊടുക്കാന്‍ ആവശ്യത്തിനു പണം ലഭിക്കാതെ വന്നതോടെ പല കമ്പനികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. എടിഎം ഉപയോഗിച്ചു വന്‍കിട സ്ഥാപനങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനും ഇന്ധനമടിക്കാനും മറ്റും കഴിയുന്നതു തന്നെ ചെറു ന്യൂനപക്ഷങ്ങള്‍ക്കു മാത്രമാണ്.