ബാങ്ക് വിളിയുടെ പേരില്‍ ചോരക്കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ച് ഒരു പിതാവ്; കോഴിക്കോടു നിന്നും അന്ധവിശ്വാസത്തിന്റെ ഒരു പുതിയ കാഴ്ച

സിദ്ദിഖിന്റെ ഭാര്യ പ്രസവിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്കു മുലപ്പാല്‍ കൊടുക്കരുതെന്നു പറഞ്ഞു സിദ്ദിഖ് തടഞ്ഞു. ഇക്കാര്യം അയാള്‍ ഭാര്യയോടും ആശുപത്രി അധികൃതരോടും പറയുകയും ചെയ്തു.

ബാങ്ക് വിളിയുടെ പേരില്‍ ചോരക്കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ച് ഒരു പിതാവ്; കോഴിക്കോടു നിന്നും അന്ധവിശ്വാസത്തിന്റെ ഒരു പുതിയ കാഴ്ച

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കാന്‍ സമ്മതിക്കാതെ അന്ധവിശ്വാസിയായ പിതാവ്. മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ടു മണിയോടെയാണു സംഭവം. ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖാണ് നവജാത ശിശുവിന് 24 മണിക്കൂര്‍ കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞു ഭാര്യയേയും ആശുപത്രി അധികൃതരേയും പ്രതിസന്ധിയിലാക്കിയത്.

സദ്ദിഖിന്റെ ഭാര്യ പ്രസവിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അഞ്ചു ബാങ്ക് വിളി കഴിയാതെ കുട്ടിക്കു മുലപ്പാല്‍ കൊടുക്കരുതെന്നു പറഞ്ഞു സിദ്ദിഖ് തടഞ്ഞു. ഇക്കാര്യം അയാള്‍ ഭാര്യയോടും ആശുപത്രി അധികൃതരോടും പറയുകയും ചെയ്തു. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ച ബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ എന്നാണ് യുവാവ് പറഞ്ഞത്.


നവജാത ശിശുവിന്റെ ആരോഗ്യത്തെ ഇക്കാര്യം ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് അനുസരിക്കാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിന് അഞ്ചു നേരത്തേ ബാങ്ക് കഴിയാതെ മുലപ്പാല്‍ കൊടുക്കാന്‍ അനുവദിക്കില്ലെന്നും ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും വാദിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചാല്‍ ചെവിയില്‍ ബാങ്ക് വിളിക്കണമെന്ന ചടങ്ങ് പൊതുവായി ആചരിക്കുന്നുണ്ടെങ്കിലും അഞ്ചു നേരത്തേയും ബാങ്ക് വിളി കഴിഞ്ഞേ കുട്ടിക്കു പാല്‍ കൊടുക്കൂ എന്നു പറയുന്നതു വിഡ്ഢിത്തമാണെന്നു കുട്ടിയുടെ മറ്റു ബന്ധുക്കളും പറഞ്ഞു.

സംഭവം ഗുരുതരമാണെന്നു മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയറിലും പൊലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ സലീമിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവുമായി സംസാരിച്ചു. എന്നിട്ടും യുവാവ് മാറാന്‍ കൂട്ടാക്കിയില്ല. തന്റെ ആദ്യ മകനും ഇത്തരത്തിലാണു മുലപ്പാല്‍ നല്‍കിയതെന്നും അന്ന് 23 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിക്ക് ഒന്നും സംഭവിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു.

ജനന സമയത്ത് കുട്ടിക്കു മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നമോ നിര്‍ജലീകരണമോ സംഭവിച്ചു കുട്ടി മരിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. വാശിമാറാന്‍ കൂട്ടാക്കാതെ, കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് ഇയാള്‍ എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടിക്കു വല്ലതും സംഭവിച്ചാല്‍ തീര്‍ച്ചയായായും യുവാവിന്റെ പേരില്‍ നടപടിയുണ്ടാകുമെന്ന് എസ്‌ഐ അറിയിച്ചു.

Read More >>