ഫൈസലിനെ കൊല്ലുമെന്ന് സഹോദരീ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ

''മകളുടെ ഭര്‍ത്താവ് വിനോദ് അറക്കുമെന്നൊക്കെ അവനെ ഭീഷണിപ്പെടുത്തിയപ്പോള്‍ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. മദ്യപിച്ചു ലക്കു കെട്ടു വന്ന് എന്തെങ്കിലും പറയുകയായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. വിനോദ് ആര്‍എസ്എസ് പ്രവര്‍ത്തനവുമൊക്കെയായി നടക്കുന്നവനാണ്. സ്വന്തമായി വീടില്ലാത്ത വിനോദിനും കുടുംബത്തിനും ഞങ്ങളുടെ തറവാടിനോട് ചേര്‍ന്ന് വീടൊക്കെ വച്ചുകൊടുത്തത് അവനായിരുന്നു''

ഫൈസലിനെ കൊല്ലുമെന്ന് സഹോദരീ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ

തിരൂരങ്ങാടി: മകൻ മതം മാറിയതിൽ സഹോദരീ ഭർത്താവിന് വിരോധമുണ്ടായിരുന്നു എന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കൊടിഞ്ഞിയിൽ കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ. മകൻ ഏതു മതം സ്വീകരിച്ചാലും ഞങ്ങൾക്കത് പ്രശ്നമല്ലായിരുന്നു. എന്നാൽ സഹോദരീ ഭർത്താവ് വിനോദ് അറുത്തു കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ മീനാക്ഷി നാരദാ ന്യൂസിനോട് പറഞ്ഞു. ഫൈസലിന്റെ സഹോദരി കവിതയുടെ ഭർത്താവാണ് വിനോദ്.

അവന്‍ മതംമാറുന്ന കാര്യം ഞങ്ങളോട് ആദ്യമേ പറഞ്ഞിരുന്നു. എതിര്‍പ്പില്ലെന്നും മോന്റെ ഇഷ്ടം അതാണെങ്കില്‍ ചെയ്‌തോന്നും ഞങ്ങള്‍ സമ്മതം പറഞ്ഞു. പുറത്തുള്ള ഹിന്ദുക്കള്‍ക്കൊന്നും അവന്‍ മതംമാറിയതില്‍ പ്രശ്‌നമൊന്നുമില്ലെന്നും മീനാക്ഷി പറഞ്ഞു.

മകളുടെ ഭര്‍ത്താവ് വിനോദ്  അറക്കുമെന്നൊക്കെ അവനെ ഭീഷണിപ്പെടുത്തിയപ്പോള്‍ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല.  മദ്യപിച്ചു ലക്കുകെട്ട് വന്ന് എന്തെങ്കിലും പറയുകയായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. വിനോദ് ആര്‍എസ്എസ് പ്രവര്‍ത്തനവുമൊക്കെയായി നടക്കുന്നവനാണ്. സ്വന്തമായി വീടില്ലാത്ത വിനോദിനും കുടുംബത്തിനും ഞങ്ങളുടെ തറവാടിനോട് ചേര്‍ന്ന് വീടൊക്കെ വച്ചുകൊടുത്തത് അവനായിരുന്നു.

നല്ല സ്‌നേഹമുള്ളവനായിരുന്നു എന്റെ മോന്‍. ഞങ്ങളുടെ കുടുംബത്തെ കരയറ്റാന്‍ അവന്‍ ചില്ലറ പാടൊന്നുമല്ല പെട്ടത്. വിനോദിനെയും അവന്‍ സഹായിച്ചിട്ടുണ്ട്. എട്ടു  മാസം മുമ്പാണ് അവൻ മതം മാറിയത്.  അവനു പിന്നാലെ ഭാര്യയും മൂന്നു കുട്ടികളും കൂടെ ഇസ്ലാം മതം സ്വീകരിച്ചതോടെയാണ് വിനോദ് അലറിവിളിച്ചത് നടന്നതെന്നും മീനാക്ഷി പറഞ്ഞു.

മോന്‍ മരിക്കുന്ന അന്നു പുലര്‍ച്ചെ നാലിന് എഴുന്നേറ്റ വിനോദ് ആരെയൊക്കെയോ ഫോണില്‍ വിളിച്ചതായി ഞങ്ങളറിഞ്ഞിരുന്നു. പ്രിയ(ഫൈസലിന്റെ ഭാര്യ ജസ്‌ന)യുടെ അച്ഛനും അമ്മയും താനൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കൂട്ടാന്‍പോയതായിരുന്നു എന്റെ  മോന്‍. അതു മനസ്സിലാക്കിയ ആരോ തന്നെയാണിത് ചെയ്യിപ്പിച്ചത്. വെളുപ്പിന് അവന്‍ പുറത്തുപോകുന്ന കാര്യം ഞങ്ങൾ വീട്ടിലുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല.

വിനോദിനെക്കൂടാതെ വേറെയും ചിലയാളുകള്‍ മതംമാറ്റ കാര്യത്തില്‍ ഫൈസലിനെ ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു. അവന്‍ റിയാദില്‍ നിന്നു മതം മാറിയപ്പോള്‍ത്തന്നെ വിനോദിന്റെ നേതൃത്വത്തില്‍ ചിലര്‍ പ്രിയയെ(ജസ്‌ന)യെ സമീപിച്ച് അവനെ ഒഴിവാക്കാനും വീടും പറമ്പും വാങ്ങിത്തരാമെന്നും കുട്ടികളുടെ വിദ്യാഭ്യാസമൊക്കെ നോക്കാമെന്നും പറഞ്ഞിരുന്നു. അവള്‍ സമ്മതിച്ചില്ല. പിന്നെയാണ് മൂന്നു മാസം മുമ്പ് അവളെയും കുട്ടികളെയും പൊന്നാനിയിൽ കൊണ്ടുപോയി മതംമാറ്റിയത്. അതാണു കൂടുതല്‍ പ്രശ്‌നമായതെന്നും മീനാക്ഷി പറഞ്ഞു.

''എന്റെ ഉണ്ണി എല്ലാവരോടും മതംമാറുന്ന കാര്യത്തില്‍ അഭിപ്രായം ചോദിച്ചിരുന്നു. ജസ്‌നയുടെ അച്ഛനും അമ്മയ്ക്കുമൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. അവന്റെ ജ്യേഷ്ഠത്തിമാരായ  കവിതയ്ക്കും സവിതയ്ക്കുമൊന്നും ഇതില്‍ എതിര്‍പ്പില്ലായിരുന്നു. കവിതയുടെ ഭര്‍ത്താവാണ് വിനോദ്. ഇക്കാര്യം പറഞ്ഞ് കവിതയോട് അവന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. നമ്മുടെ ഉണ്ണിപോയെന്നും ഇനി അവനെ വച്ചോണ്ടിരിക്കരുതെന്നൊക്കെ മദ്യപിച്ച് ലക്കുകെട്ടു വിനോദ് ഇവിടുത്തെ അച്ഛനോട് പറഞ്ഞു ബഹളം വച്ചിരുന്നു''

രണ്ടു പെണ്‍മക്കള്‍ക്കും അവനോടു നല്ല അടുപ്പമാണ്. കാരണം ഈ കുടുംബവും അവരെയുമൊക്കെ കരകയറ്റിയത് അവനാണ്. ഏതു മതത്തിലായാലും ഞങ്ങളെ കുട്ടി ഭൂമിയിലുണ്ടായാല്‍ മതിയാരുന്നു. അവന്‍ ഇസ്ലാമായെന്ന് വച്ച് ഞങ്ങളുടെ മകനല്ലാതാകുകയില്ലല്ലോ. എന്റെ മോനെ ഇല്ലാണ്ടാക്കിയവരെ വെറുതെ വിടരുതെന്ന് തന്നെയാണ് ഞങ്ങള് പൊലീസിനോടും പറഞ്ഞിട്ടുള്ളത്. അവന്റെ ജീവനെങ്കിലും വച്ചൂടായിരുന്നോ അവര്‍ക്കെന്നും മീനാക്ഷി പറഞ്ഞു.

ഈ മാസം 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറുഖ് നഗറില്‍ വച്ച് ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Read More >>