ആറായിരം കോടിയുടെ കള്ളപ്പണ നിക്ഷേപം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഗുജറാത്തിൽ ഒരു വ്യക്തി ആറായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ മാർഗ്ഗമില്ലാതെ ബാങ്കിൽ സറണ്ടർ ചെയ്തു എന്ന വ്യാജപ്രചാരണം യുക്തിപൂർവ്വം പൊളിച്ചടുക്കിയത് സോഷ്യൽ മീഡിയ. വാർത്ത തെറ്റാണെന്ന് മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം പറഞ്ഞിട്ടും അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന പ്രചാരകസംഘത്തിനാണ് കണക്കു പറഞ്ഞ് സോഷ്യൽ മീഡിയ മറുപടി കൊടുത്തത്.

ആറായിരം കോടിയുടെ കള്ളപ്പണ നിക്ഷേപം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഗുജറാത്തിൽ ഒരു വ്യക്തി ആറായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ മാർഗ്ഗമില്ലാതെ ബാങ്കിൽ സറണ്ടർ ചെയ്തു എന്ന വ്യാജപ്രചാരണം യുക്തിപൂർവ്വം പൊളിച്ചടുക്കിയത് സോഷ്യൽ മീഡിയ. വാർത്ത തെറ്റാണെന്ന് മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം പറഞ്ഞിട്ടും അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന പ്രചാരകസംഘത്തിനാണ് കണക്കു പറഞ്ഞ് സോഷ്യൽ മീഡിയ മറുപടി കൊടുത്തത്.

നരേന്ദ്രമോദി സർക്കാറിന്റെ ഡീമോണിറ്റൈസേഷൻ പ്രഖ്യാപനത്തിനു പിന്നാലെ കണക്കിൽ പെടാത്ത ആറായിരം കോടി രൂപയുടെ മൂല്യമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സൂറത്തിലെ വജ്രവ്യാപാരി ലാൽജിബായ് പട്ടേൽ ബാങ്കിൽ നിക്ഷേപിച്ചു എന്ന വാർത്ത കളവായിരുന്നു എന്ന് ഇന്നലെ ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്താതാരമായ ബിസിനസ് പ്രമാണിയോടു തന്നെ സംസാരിച്ചാണ് ഇക്കാര്യത്തിൽ എക്സ്പ്രസും ഗുജറാത്തിലെ ചില പ്രാദേശിക ഭാഷാദിനപ്പത്രങ്ങളും തിരുത്തു പ്രസിദ്ധീകരിച്ചത്.


കള്ളക്കമ്മട്ടത്തിലടിച്ച വ്യാജ നോട്ടും നികുതിവെട്ടിച്ചു സ്വരുക്കൂട്ടിയ കള്ളപ്പണവും പിടിച്ചെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ക്രയവിക്രയം നടത്തിയിരുന്ന ആകെ കറൻസിയുടെ 84% മൂല്യമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചത് എന്നായിരുന്നു ഇതുസംബന്ധിച്ച കേന്ദ്ര ഭരണകക്ഷിയുടെ അവകാശവാദം. ഈ അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവ് എന്ന നിലയിലാണ് ലാൽജിബായി പട്ടേൽ നിവൃത്തിയില്ലാതെ തന്റെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ബാങ്കിൽ നിക്ഷേപിച്ചു എന്ന വാർത്ത തത്പരകക്ഷികൾ പ്രചരിപ്പിച്ചത്. സംഘപരിവാർ അനുകൂല ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ ആദ്യം പുറത്തുവന്ന വാർത്ത പിന്നീട് മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം ഏറ്റുപിടിക്കുകയായിരുന്നു.

എന്നാൽ വാർത്ത സത്യമല്ല എന്ന വസ്തുത അംഗീകരിക്കാൻ ഇതു പ്രചരിപ്പിച്ചവർ പലരും തയ്യാറായില്ല. ഈ ഘട്ടത്തിലാണ് വാർത്തയിലെ അവകാശവാദങ്ങളുടെ പൊള്ളത്തരം യുക്തിയിലൂടെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ മാതൃകയായത്.

വാർത്തയുടെ സ്രോതസ്സിൽ നിന്നു തന്നെയായിരുന്നു തുടക്കം. മോദി സ്തുതികൾ തുടരെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ അനുകൂല ഇംഗ്ലീഷ് വെബ് സൈറ്റിലാണ് ആദ്യം ലാൽജിബായ് പട്ടേൽ 600 കോടി രൂപ നിക്ഷേപിച്ച വാർത്ത പ്രസിദ്ധീകരിക്കുന്നത്. ഇതാണ് പിന്നീട് ട്വിറ്ററിലൂടെയും മറ്റും ആറായിരം കോടിയായി ഉയരുന്നത്.  ആദ്യ വാർത്തയിലെ പൊള്ളത്തരം തന്നെ പൊളിച്ചുകൊണ്ട് സോഷ്യൽ മീഡിയ ഒന്നാമത്തെ ചുവടുവച്ചു.

കണക്കിൽ പെടാത്ത പണം ആരെങ്കിലും ബാങ്കിൽ നിക്ഷേപിക്കുന്ന പക്ഷം, ആ പണത്തിന്റെ 30% തുക ആദായനികുതിയായി കണക്കാക്കും. കള്ളപ്പണം കൈവശമുള്ളവർക്ക് അതു നിക്ഷേപിച്ച് നിയമനടപടികളിൽ നിന്നു രക്ഷപ്പെടാൻ ആവശ്യത്തിനു സമയം കേന്ദ്ര ആദായനികുതി വകുപ്പ് നൽകിയിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞതുകൊണ്ടുതന്നെ, അതിനു ശേഷം വെളിപ്പെടുന്ന കള്ളപ്പണത്തിനു മേൽ ചുമത്തപ്പെടുന്ന നിയമപരമായ നികുതിക്കു പുറമേ, നികുതിയുടെ 200% പിഴയായും ഈടാക്കും. ചുരുക്കത്തിൽ ആദ്യ വാർത്തയിൽ പറയുംപ്രകാരം ലാൽജിബായി പട്ടേൽ 600 കോടി കള്ളപ്പണം നിക്ഷേപിച്ചെങ്കിൽ അതിൽ നിന്ന് 180 കോടി രൂപ നികുതിയിനത്തിൽ മാറ്റിവയ്ക്കേണ്ടിവരും. നികുതിയുടെ 200% പിഴ കണക്കാക്കുമ്പോൾ 360 കോടി രൂപ കൂടി പിഴയിനത്തിൽ അടയ്ക്കേണ്ടിവരും. നികുതിയും പിഴയും ചേർത്ത് 540 കോടി വരുന്നു. അങ്ങനെ വരുമ്പോൾ നിക്ഷേപകന്റെ പക്കൽ മിച്ചമുണ്ടാവുക, 60 കോടി രൂപ മാത്രമാകും. 540 കോടി വേണ്ടെന്നു വയ്ക്കുന്ന ഒരു വ്യക്തിക്ക് 60 കോടി കൂടി വേണ്ടെന്നു വയ്ക്കാൻ മടിക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ആദ്യം ഉയർത്തിയത്.

ഇതിൽ മറ്റൊരു വശം കൂടിയുണ്ട്. കള്ളപ്പണമെന്നാൽ കൈനനയാതെ ലഭിച്ച പണമാണ് എന്ന ധാരണ വേണ്ട. ബിൽ ഇല്ലാതെ കച്ചവടം നടത്തിയും കണക്കിൽ പെടുത്താതെ വെട്ടിച്ചും നികുതിയിൽ നിന്നു രക്ഷപ്പെടുത്തിയ തുക മാത്രമാണത്. അവിടെ അത്രയും തുക വരുവാനാവശ്യമായ ബിസിനസ് പ്രവർത്തനങ്ങൾ നടന്നുവെങ്കിൽ മാത്രമേ, ആ മിച്ചമൂല്യം സൃഷ്ടിക്കപ്പെടുകയുള്ളൂ. സർക്കാരിന് 540 കോടി വെറുതെ കൊടുത്തേക്കാം എന്നുവച്ചാൽ ആ വ്യവസായിയുടെ നടുവൊടിയും എന്നതു നിസ്തർക്കം. ഈ വസ്തുതയും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

അപ്പോഴാണ്, ലാൽജിബായി 600 കോടിയല്ല, ആറായിരം കോടിയാണ് സറണ്ടർ ചെയ്തത് എന്ന പുതുവാദമുയർന്നത്. അതിലൂടെ 600 കോടി രൂപ അദ്ദേഹം രക്ഷിച്ചെടുത്തു എന്നതായി, പുതിയ കണക്ക്. 5400 കോടി രൂപ കളഞ്ഞ് 600 കോടി രൂപ കണക്കിൽപെടുത്തി എന്ന അവകാശവാദം കൂടുതൽ പരിഹാസ്യമാണ് എന്ന് സോഷ്യൽ മീഡിയ വീണ്ടും കണക്കുകളിലൂടെ തന്നെ തെളിയിച്ചു. കണക്കിലെ കൗതുകം ഇങ്ങനെ:

ഏതു ഡിനോമിനേഷനുമാകട്ടെ, ഒരു കെട്ടു നോട്ടില്‍ ആകെയുണ്ടാവുക നൂറു നോട്ടുകളാണ്. ആയിരം രൂപാ നോട്ടുകളുടെ ഒരു ബണ്ടില്‍ എടുത്താല്‍ ഒരുലക്ഷം രൂപയായി. അത്തരം നൂറു ബണ്ടില്‍ വേണം, ഒരു കോടിയാവാന്‍. നൂറ് ബണ്ടില്‍ വീതം പത്തെണ്ണം ഉണ്ടെങ്കില്‍ പത്തുകോടിയായി. നൂറുബണ്ടില്‍ വീതം നൂറെണ്ണമുണ്ടെങ്കില്‍ നൂറുകോടി. നൂറുബണ്ടില്‍ വീതം ആയിരം എണ്ണമുണ്ടെങ്കില്‍ ആയിരം കോടി. നൂറുബണ്ടില്‍ വീതം ആറായിരം എണ്ണമുണ്ടെങ്കില്‍ ആറായിരം കോടി. അഥവാ ആറായിരം കോടി രൂപ തികയണമെങ്കില്‍ ആയിരംരൂപാ നോട്ടുകളുടെ ആറുലക്ഷം ബണ്ടില്‍ വേണം.

റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം ആയിരം രൂപാ നോട്ടുകളുടെ ഒരു ബണ്ടിലിന്റെ ഏകദേശഭാരം 120 ഗ്രാമാണ്. ഒരു കോടി രൂപ നൂറു ബണ്ടില്‍ ആണെന്നു കണ്ടല്ലോ. അതിന്റെ ഭാരം 12 കിലോഗ്രാം. അപ്പോള്‍ ആറായിരം കോടി രൂപയുടെ മൂല്യമുള്ള ആറുലക്ഷം ആയിരംരൂപാ ബണ്ടിലിന്റെ ഭാരം 72,000 കിലോഗ്രാം അഥവാ 72 മെട്രിക് ടണ്‍.

ചുളിവുകളില്ലാത്ത, fresh from mint എന്നു പറയാവുന്ന ആയിരം രൂപ നോട്ടുകളുടെ ഒരു ബണ്ടിലിന് 18 cm നീളവും 7.5 cm വീതിയും 1.5 cm പൊക്കവും ഉണ്ട്. അതിന്റെ വ്യാപ്തി (volume) lxbxh= 202.50 cm3 വരും. ഒരു കോടി രൂപയ്ക്ക് ആവശ്യമായ ഇടം അപ്പോള്‍ 20250 cm3 ആണ്. അതായത്, ആറായിരം കോടി രൂപയുടെ മൂല്യമുള്ള ആയിരംരൂപാ നോട്ടുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ആവശ്യമായ ഇടം 12,15,00,000 cm3 ആണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 4290.73 cubic foot (ഘന അടി) വ്യാപ്തി.

ഇന്ത്യയിലെ നിരത്തിലോടുന്ന വലിയ വാഹനങ്ങളിലൊന്നായ 14 ടണ്‍ ശേഷിയുള്ള കണ്ടെയ്‌നര്‍ ലോറിയുടെ വ്യാപ്തി 32x8x8 = 2048 ഘന അടിയാണ്. അകത്തു വയ്ക്കുന്ന സാമഗ്രിയുടെ ഡൈമെൻഷൻ മാറുന്നതിനനുസരിച്ച് ഉപയോഗയോഗ്യമായ വ്യാപ്തിയിൽ വ്യത്യാസം ഉണ്ടാവും.

അതായത്, 4291 ഘന അടി വരുന്ന നോട്ട് അടുക്കാന്‍ കുറഞ്ഞതു രണ്ടു കണ്ടെയ്‌നര്‍ ലോറിയെങ്കിലും വേണം. പക്ഷെ ഭാരം കൂടി പരിഗണിക്കുമ്പോള്‍ അതു പോരാതെ വരുന്നു. 14 ടണ്ണിന്റെ കണ്ടെയ്നറിൽ 15 ടൺ വരെയൊക്കെ ഭാരം കയറ്റാറുണ്ട്. അതായത് ഒരു ടണ്ണിന്റെ അധികഭാരം. അങ്ങനെ കണക്കാക്കിയാൽ തന്നെ  72 മെട്രിക് ടണ്‍ കയറ്റണമെങ്കില്‍ ആവശ്യമായി വരിക ഇത്തരം 4.8 ലോറികളാണ്. ഏതായാലും .8 ലോറിയില്ലാത്തതുകൊണ്ടുതന്നെ, അഞ്ചു ട്രക്ക് ലോഡ് ആയിരം രൂപ നോട്ടുകള്‍ ആണ് വേണ്ടത്. അമിതഭാരം കയറ്റാതെ ട്രാൻസ്പോർട്ട് ചെയ്യണമെങ്കിൽ ആറു ലോഡും വേണം.

ആയിരം രൂപാ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത് എങ്കില്‍ മാത്രമേ ഈ കണക്കുകള്‍ ശരിയാകുന്നുള്ളു. അഞ്ഞൂറു രൂപ നോട്ടുകളാണെങ്കില്‍ വലിപ്പത്തില്‍ അല്പം വ്യത്യാസം വരുമെങ്കിലും ആകെ വ്യാപ്തവും ഭാരവും ഇതിന്റെ ഇരട്ടിയോടടുത്തു വരുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അത്രയും പണം ആരുടെയും ശ്രദ്ധയിൽ പെടാതെ സുരക്ഷിതമായി ലാൽജിബായി പട്ടേൽ എവിടെ സൂക്ഷിച്ചു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ പണം സര്‍ക്കാരിന് കൈമാറി എന്നു പറയുന്നത് കള്ളമാണെന്നും കാട്ടി വജ്രവ്യാപാരി തന്നെ രംഗത്തെത്തി. അതിനു മുമ്പേ തന്നെ ഈ നുണ സോഷ്യല്‍മീഡിയയില്‍ വീരമൃത്യു വരിച്ചു കഴിഞ്ഞിരുന്നു.

ഇന്ന് ഇതിനേക്കാൾ ഭീമമായ തുകയുടെ ഒരു വാർത്ത എത്തിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ പെർഫോമിങ് അസറ്റുകളിൽ പെടുന്ന ബാഡ് ലോൺസ് എഴുതിത്തള്ളിയതാണിത്. വിൽഫുൾ ഡീഫോൾട്ടേഴ്സ് ആയി ഗണിച്ചിരിക്കുന്ന വിജയ് മല്യ അടക്കമുള്ളയാളുകളുടെ കമ്പനികൾ വാങ്ങിക്കൂട്ടിയ 7016 കോടി രൂപയുടെ വായ്പയാണ് കിട്ടാക്കടമായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയത്. ഇവർക്കെതിരായ നടപടികൾ തുടരും.

Read More >>