നോട്ട് അസാധുവാക്കല്‍; അദാനിയും അംബാനിയും നേരത്തെ തന്നെ അറിഞ്ഞിരുന്നതായി ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍

500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം അദാനി, അംബാനി തുടങ്ങിയവര്‍ നേരത്തെ അറിഞ്ഞിരുന്നു. ഇതുസംബന്ധിച്ച സൂചന ലഭിച്ച ഉടന്‍ തന്നെ വേണ്ട ക്രമീകരണങ്ങള്‍ അവര്‍ ചെയ്തതായും ഭവാനി സിങ് വ്യക്തമാക്കി.

നോട്ട് അസാധുവാക്കല്‍; അദാനിയും അംബാനിയും നേരത്തെ തന്നെ അറിഞ്ഞിരുന്നതായി ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍

ജയ്പൂര്‍: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം വ്യവസായ ഭീമന്‍മാരായ അദാനിയും അംബാനിയും നേരത്തേതന്നെ അറിഞ്ഞിരുന്നതായി ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ കോട്ട എംഎല്‍എ ഭവാനി സിങ് രജാവാട്ടാണ് ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നോട്ടുനിരോധന ഉത്തരവ് വന്നപ്പോള്‍ തന്നെ, മോഡി സര്‍ക്കാര്‍ ഇക്കാര്യം തങ്ങള്‍ക്ക് അടുപ്പമുള്ള കുത്തകകളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടാവുമെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് പൂര്‍ണമായും ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബിജെപി എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.


500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം അദാനി, അംബാനി തുടങ്ങിയവര്‍ നേരത്തെ അറിഞ്ഞിരുന്നു. ഇതുസംബന്ധിച്ച സൂചന ലഭിച്ച ഉടന്‍ തന്നെ വേണ്ട ക്രമീകരണങ്ങള്‍ അവര്‍ ചെയ്തതായും ഭവാനി സിങ് വ്യക്തമാക്കി. ചില മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഭവാനി സിങ്ങിന്റെ തുറന്നുപറച്ചില്‍. പുതിയ നോട്ടിന്റെ ഗുണമേന്മയെക്കുറിച്ചും വീഡിയോയില്‍ എംഎല്‍എ സംസാരിക്കുന്നുണ്ട്. പുതിയ കറന്‍സി തേഡ് ക്ലാസ് ആണ്. അത് കണ്ടാല്‍ വ്യാജനാണെന്ന് തോന്നും. വേണ്ടത്ര നോട്ടുകള്‍ അച്ചടിച്ചിട്ടു വേണമായിരുന്നു നോട്ടുകള്‍ പിന്‍വലിക്കാനെന്നും ഭവാനി സിങ് അഭിപ്രായപ്പെട്ടു.

അതീവരഹസ്യമായാണ് നോട്ടു പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ബിജെപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. അതേസമയം, വീഡിയോ വിവാദമായതോടെ വിശദീകരണവുമായി ഭവാനി സിങ് രംഗത്തെത്തി. അനൗദ്യോഗികമായി സംസാരിക്കുമ്പോള്‍ പറഞ്ഞതാണ് ഇക്കാര്യങ്ങളെന്നും വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നുമായിരുന്നു പിന്നീട് എംഎല്‍എയുടെ വാദം.

Read More >>