ഒരാള്‍ക്ക്‌എങ്ങനെ വേണമെങ്കിലും മരിക്കാം,അതിനു നോട്ട് നിരോധനത്തെ പഴിക്കരുത്: ബിജെപിയുടെ കേശവ് മൗര്യ

പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത അസംഘറിലെ റാലിക്കിടെ മൗര്യ നടത്തിയ പരാമര്‍ശം വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പാകിസ്ഥാന്‍ തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണെന്നും, അസംഘര്‍ ഈ ഫാക്ടറിയുടെ ഒരു കേന്ദ്രമാണ് എന്നുമായിരുന്നു ആ വിവാദപ്രസ്താവന.

ഒരാള്‍ക്ക്‌എങ്ങനെ വേണമെങ്കിലും മരിക്കാം,അതിനു നോട്ട് നിരോധനത്തെ പഴിക്കരുത്: ബിജെപിയുടെ കേശവ് മൗര്യ

"ആളുകള്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിക്കുന്നുണ്ട് എങ്കില്‍ അതിനര്‍ത്ഥം അവരുടെ ഹൃദ്രോഗബാധിതരായിരുന്നു എന്നാണ്. അല്ലാതെ അതിന് നോട്ടുകള്‍ പിന്‍വലിച്ചതുമായി യാതൊരു ബന്ധവുമില്ല."

യു.പിയിലെ ബി.ജെ.പി യുണിറ്റ് പ്രസിഡന്റ്‌ കേശവ് പ്രസാദ്‌ മൗര്യ പറയുന്നു. പൊതുജനം ദിവസങ്ങളായി തെരുവില്‍ നിന്ന് വലയുന്നതിനെ ഇനിയും നിസ്സാരമായി കാണുന്ന ബി.ജെ.പി പൊതുവേ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇനിയും മാറ്റം ഉണ്ടായിട്ടില്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു മൗര്യയുടെ വാക്കുകള്‍.

ഇങ്ങനെ മരണപ്പെട്ടവര്‍ക്ക് പാര്‍ട്ടി എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു കീഴ്വഴക്കം പാര്‍ട്ടിക്ക് ഇല്ലെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രതികരണം.

അടുത്തു വരുന്ന നിയമസഭാതിരഞ്ഞെടുപ്പിന് സജ്ജമാകുന്ന തിരക്കിലാണ് മൗര്യ. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന പരിവര്‍ത്തന്‍ യാത്രകള്‍ ക്രമീകരിക്കുന്നതും മൗര്യയാണ്.

പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത അസംഘറിലെ റാലിക്കിടെ മൗര്യ നടത്തിയ പരാമര്‍ശം വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പാകിസ്ഥാന്‍ തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണെന്നും, അസംഘര്‍ ഈ ഫാക്ടറിയുടെ ഒരു കേന്ദ്രമാണ് എന്നുമായിരുന്നു ആ വിവാദപ്രസ്താവന.

മൗര്യയുടെ വാക്കുകളില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുക്കൊണ്ടുള്ള വര്‍ഗ്ഗീയത പ്രകടമായിരുന്നു. അസംഘറിലെ ഹൈന്ദവസമൂഹത്തെ ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമമായിരുന്നു ഇത്. 'അസംഘര്‍' പണ്ട് 'ആര്യംഘര്‍' ആയിരുന്നു എന്നും നാടിന്‍റെ പഴയപ്രതാപം തിരിച്ചുകൊണ്ടു വരണം എന്നും മൗര്യ ഇവിടെ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കേശവ് പ്രസാദ്‌ മൌര്യയുമായി ക്യാച്ച് ന്യൂസ് നടത്തിയ അഭിമുഖത്തില്‍ നിന്നും.

* ആളുകള്‍ തെരുവില്‍ അസ്വസ്ഥരാണ്. നോട്ട് പിന്‍വലിച്ച നടപടി തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കില്ലേ?

ആളുകള്‍ക്ക് അങ്ങനെയൊരു അമര്‍ഷമില്ല. ആളുകള്‍ മോഡിജിയുടെ തീരുമാനത്തില്‍ ആളുകള്‍ സന്തുഷ്ടരാണ് എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. നോട്ട് പിന്‍വലിച്ച നടപടി ആളുകള്‍ എങ്ങനെ സ്വീകരിച്ചു എന്ന് തിരഞ്ഞെടുപ്പില്‍ അറിയാം. ഈ നീക്കം രാജ്യത്തെ പലവിധത്തില്‍ സഹായിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ നീക്കങ്ങളുടെ സാമ്പത്തികം തടയാന്‍ ഒരു പരിധി വരെ ഈ തീരുമാനത്തിന് സാധിച്ചു. കള്ളപ്പണക്കാരുടെ കടകള്‍ പൂട്ടി..ഇതിനര്‍ത്ഥം രാജ്യത്ത് ഒരു വലിയ നിക്ഷേപം കള്ളപ്പണം ഉണ്ടായിരുന്നു എന്നല്ലേ..

* നിങ്ങളുടെ പാര്‍ട്ടി ഇപ്പോള്‍ കള്ളപ്പണ ആരോപണത്തെ നേരിടുന്നുണ്ടെല്ലോ. മോഡിയുടെ ഘാസിപൂര്‍ റാലി പോലും കള്ളപ്പണം ഇല്ലായിരുന്നുവെങ്കില്‍ നടക്കില്ലായിരുന്നു എന്നാണ് ആരോപണം.

'എലിയെ കിട്ടാത്ത പൂച്ച കരിങ്കല്‍ തൂണിനെ പോലും മാന്തിപറിച്ചെന്നിരിക്കും.'
ബി.ജെ.പി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ്. ഞങ്ങള്‍ക്ക് കള്ളപ്പണം ആവശ്യമില്ല.

* നോട്ട് നിരോധനം നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും ബാധിക്കുമെല്ലോ. ആളുകള്‍ പറയുന്നത് ബി.ജെ.പി വൃത്തങ്ങള്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ അറിയാമായിരുന്നു എന്നും അവര്‍ അതിനാല്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായുള്ള ധനസമാഹരണം വളരെ മുന്‍പ് തന്നെ നടത്തിയിരുന്നു എന്നുമാണ്..


ഇത് തെറ്റായ പ്രചാരണമാണ്. തിരഞ്ഞെടുപ്പിനെ ബാധിക്കുമെങ്കില്‍ കൂടി ഇപ്പോള്‍ എടുത്ത ഈ തീരുമാനം വളരെ നല്ലതാണ്. കള്ളപ്പണം ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പായിരിക്കും ഇത്. രാജ്യത്തിന്‍റെ നന്മയ്ക്ക് ഇതില്‍ കൂടുതല്‍ എന്തു ചെയ്യാനാണ്?

* നോട്ടുകള്‍ നിരോധിച്ച വാര്‍ത്തയറിഞ്ഞ് ഗോരഖ്പൂരില്‍ ഒരു സ്ത്രീ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു. അങ്ങനെ പലരും! താങ്കളുടെ പാര്‍ട്ടി ഇവരുടെ കുടുംബാംഗങ്ങളെ എങ്ങനെയെങ്കിലും സഹായിച്ചിരുന്നോ?

ഇത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഒരാള്‍ക്ക്‌ എങ്ങനെ വേണമെങ്കിലും മരിക്കാം. പക്ഷെ ഇപ്പോള്‍ ഉണ്ടാകുന്ന എല്ലാ മരണങ്ങളും ആളുകള്‍ നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തുന്നു. ഹൃദ്രോഗമുള്ള ഒരു സ്ത്രീ ഹൃദയസ്തംഭനം മൂലം മരിക്കുന്നു. ഇതില്‍ നോട്ട് നിരോധനത്തിന് എന്ത് ചെയ്യാനാണ്?

* നോട്ട് നിരോധനത്തിന്‍റെ ആഘാതങ്ങളില്‍ ആളുകള്‍ മരണപ്പെടുന്നു എന്ന ആരോപണം നിഷേധിക്കുകയാണോ?

എനിക്ക് ഇക്കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ അറിയില്ല. അതിനാല്‍ ഞാന്‍ അക്കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ആളുകള്‍ ഏതു മരണത്തെയും സര്‍ക്കാറുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല എന്ന് മാത്രം പറയുന്നു.

* മരണപ്പെട്ട ആ സ്ത്രീ താങ്കളുടെ പാര്‍ട്ടിക്കാരനായ യോഗി ആദിത്യനാഥിന്‍റെ നിയോജകമണ്ഡലത്തില്‍ ഉള്ളയാളാണ്. താങ്കളുടെ പാര്‍ട്ടി അവരെ സഹായിക്കേണ്ടതല്ലേ?


അത്തരം കീഴ്വഴക്കങ്ങള്‍ ഒന്നും ഞങ്ങള്‍ക്കില്ല. അതെല്ലാം സര്‍ക്കാറിന്‍റെ ചുമതലയാണ്.

* 'സര്‍ജിക്കല്‍ സ്ട്രൈക്ക്' അല്ലെങ്കില്‍ 'നോട്ട് നിരോധനം' ഇതില്‍ ഏതായിരിക്കും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപിടിക്കുക?

സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരു രാഷ്ട്രീയവിഷയമല്ല, അത് രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെ പ്രശ്നമാണ്. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയതാണ് അത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മോഡിജി പോലും പറഞ്ഞിട്ടുണ്ട്. നോട്ട് നിരോധനം ഏറ്റെടുത്തു ഞങ്ങള്‍ ജനങ്ങളുടെയടുത്ത് ചെല്ലും.

* താങ്കള്‍ അസംഘറിനെ പാകിസ്ഥാന്‍ തീവ്രവാദത്തിന്‍റെ ഒരു കേന്ദ്രം എന്ന് വിശേഷിപ്പിച്ചു. ഇതിനെ വിശദീകരിക്കാമോ?

ഞാന്‍ പറഞ്ഞത് പാകിസ്ഥാന്‍ തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണെന്നും, അസംഘര്‍ ഈ ഫാക്ടറിയുടെ ഒരു കേന്ദ്രമാണ് എന്നുമായിരുന്നു. അസംഘര്‍ മുഴുവനായും അങ്ങനെയാണ് എന്ന് ഞാന്‍ പറഞ്ഞില്ല.

* പക്ഷെ അസംഘറില്‍ നിന്നും ഇതുവരെ അറ്റസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ക്ക് പോലും പാകിസ്ഥാന്‍ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെല്ലോ. എന്നിട്ടും ഇവിടെ തീവ്രവാദ കേന്ദ്രമാണ് എന്ന് താങ്കള്‍ പറയുന്നു. ഇതിനു പിന്നിലെ അപകടം താങ്കള്‍ മനസിലാക്കിയിട്ടുണ്ടോ? പ്രവാസികളായ അസംഘര്‍ സ്വദേശികള്‍ക്ക് ഇത് എന്തുമാത്രം പ്രയാസങ്ങള്‍ ഉണ്ടാക്കും?


അസംഘറിലെ കേസുകളുടെ സ്ഥിതി എനിക്കറിയില്ല. ഞാന്‍ ഈ നാടിനെ ഒറ്റപ്പെടുത്തുകയല്ല. പാകിസ്ഥാന്‍ സ്പോന്‍സര്‍ ചെയ്യുന്ന തീവ്രവാദികള്‍ പലരും ഇവിടെയുണ്ട്.

* ഈ തിരഞ്ഞെടുപ്പില്‍ രാമജന്മഭൂമി ഒരു പ്രചാരണവിഷയമാകുമോ?

ഇല്ല, ഇത് ഞങ്ങളുടെ വിശ്വാസത്തിന്‍റെ വിഷയമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുന്നത് ഞങ്ങള്‍ക്ക് കാണണം. അത് ഒരു പക്ഷെ ഒരു കോടതിവിധിയിലൂടെയാകാം അല്ലെങ്കില്‍ പരസ്പരധാരണയുടെ അടിസ്ഥാനത്തിലും നടക്കാം.

* താങ്കള്‍ മത്സരിക്കുന്നത് മുഖ്യമന്ത്രി പദത്തിലേക്കാണോ?

ബി.ജെ.പി ഒരു കേഡര്‍ പാര്‍ട്ടിയാണ്. എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് പാര്‍ലമെന്‍റ്റി ബോര്‍ഡ് ആയിരിക്കും. ഒരാളെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടണോ എന്ന് ഈ ബോര്‍ഡാണ് തീരുമാനിക്കുക.

ആരെയും ഉയര്‍ത്തിക്കാട്ടാതെയാണ് ഞങ്ങള്‍ ഝാര്‍ഘണ്ട്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. സമയാസമയങ്ങളില്‍ പാര്‍ട്ടിനേതൃത്വം തീരുമാനങ്ങള്‍ കൈക്കൊള്ളും.