നിയമസഭയിൽ പിണറായി സ്തുതിയും സ്വന്തം തീരുമാനങ്ങളുമായി ഒ രാജഗോപാല്‍; കാത്തിരുന്നു കിട്ടിയ എംഎല്‍എയ്‌ക്കെതിരെ അമിത്ഷായോട് പരാതി പറഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയനെ കലവറയില്ലാതെ സ്തുതിച്ചും സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞുമാണ് ഒ രാജഗോപാല്‍ സംസ്ഥാന പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. നിലവിലുള്ളതില്‍ മുതിര്‍ന്ന നേതാവായ രാജഗോപാലിന്റെ നീക്കങ്ങള്‍ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ ബിജെപി സംസ്ഥാന ഘടകത്തെ എത്തിച്ചു.

നിയമസഭയിൽ പിണറായി സ്തുതിയും സ്വന്തം തീരുമാനങ്ങളുമായി ഒ രാജഗോപാല്‍; കാത്തിരുന്നു കിട്ടിയ എംഎല്‍എയ്‌ക്കെതിരെ അമിത്ഷായോട് പരാതി പറഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറന്ന ബിജെപി ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത് വല്ലാത്തൊരു കുരുക്കിലാണ്. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം ഒരു എംഎല്‍എയെ നിയമസഭയിലേക്ക് അയക്കാന്‍ സാധിച്ച ബിജെപിക്ക് ആ എംഎല്‍എയെ വരുതിയില്‍ നിര്‍ത്താനാകില്ലെന്നുള്ളതാണ് പുതിയ പ്രതിസന്ധി. നേമം മണ്ഡലത്തില്‍ നിന്നും ഒ രാജഗോപാലിന്റെ വിജയത്തോടെ സംസ്ഥാന ഭരണം കിട്ടിയതിനു തുല്യം വിജയാഹ്‌ളാദം ഉയര്‍ത്തിയ ബിജെപി സംസ്ഥാന ഘടകം ഇപ്പോള്‍ രാജഗോപാലിനെതിരെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് പരാതി നല്‍കിക്കഴിഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയനെ കലവറയില്ലാതെ സ്തുതിച്ചും സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞുമാണ് ഒ രാജഗോപാല്‍ സംസ്ഥാന പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. നിലവിലുള്ളതില്‍ മുതിര്‍ന്ന നേതാവായ രാജഗോപാലിന്റെ നീക്കങ്ങള്‍ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ ബിജെപി സംസ്ഥാന ഘടകത്തെ എത്തിച്ചു. പ്രശ്‌നങ്ങള്‍ പലവുരു പരിഹരിക്കാന്‍ ശ്രമം നടന്നുവെങ്കിലും സംസ്ഥാന നേതൃത്വം വരച്ച വരയ്ക്കു അകത്തേക്കുവരാന്‍ രാജഗോപാല്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അമിത്ഷായ്ക്ക് പരാതി നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

തനിക്ക് തന്റെ ശൈലിയില്‍ മാത്രമേ പ്രവര്‍ത്തിക്കാനാകുവെന്ന സൂചനയാണ് ഒ രാജഗോപാല്‍ നേതൃത്വത്തിന് നല്‍കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ രാജഗോപാല്‍ ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആര്‍എസ്എസും ബിജെപിയും കടുത്ത ശരതുഗണത്തില്‍പ്പെടുത്തിയിട്ടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പ്രശംസിക്കാനും രാജഗോപാല്‍ തയ്യാറായത് ബിജെപി- ആര്‍എസ്എസ് നേതൃത്വത്തെ ഞട്ടിപ്പിച്ചിരുന്നു. 'കരുത്തനായ നേതാവും മികച്ച ഭരണാധികാരിയുമാണ് പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോഴും പിണറായി എന്ന ഭരണാധികാരിയുടെ മിടുക്ക് പ്രകടമാകും. വിഭാഗീയത അതിശക്തമായിരുന്ന കാലത്തുപോലും സിപിഎമ്മിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിച്ചുനിര്‍ത്താനുള്ള വൈവഭവം അദ്ദേഹം പ്രകടിപ്പിച്ചു'- എന്നായിരുന്നു രാജഗോപാല്‍ പിണറായിയെപ്പറ്റി സൂചിപ്പിച്ചത്.

ബിജെപിയുടെ സംസ്ഥാനത്തെ ഒരേയൊരു എംഎല്‍എയുടെ ഈ നിലപാട് പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്നാണ് മറ്റ് പ്രധാന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല കണ്ണൂര്‍ സംഘര്‍ഷത്തിന്റെ പേരില്‍ ബിജെപി സിപിഐഎമ്മിനെതിരെ കൊണ്ടുപിടിച്ച് പ്രചാരണം നടത്തുമ്പോള്‍ പാര്‍ട്ടിയെ സഹായിക്കുന്ന ഒരു നീക്കവും രാജഗോപാലിന്റെ ഭാഗത്തു നിന്നുമുണ്ടായില്ലെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി നിലപാടിനനുസരിച്ച് നിയമസഭയില്‍ ഇടപെടാനും രാജഗോപാലിനായില്ലെന്നും ആക്ഷേപം ഉയര്‍ന്നു.

കണ്ണൂര്‍ അക്രമങ്ങളുടെ പേരില്‍ യുഡിഎഫ് എംഎല്‍എമാര്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സഭവിട്ട് ഇറങ്ങിയപ്പോള്‍ രാജഗോപാല്‍ സഭയില്‍ തുടരുകയായിരുന്നു. ഇതാണ് ബിശജപി നേതാക്കളെ ചൊടിപ്പിച്ചത്. രാജഗോപാല്‍ സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുകയായിരുന്നുവെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നു പറയുന്നത് ശരിയല്ലെന്നും യുഡിഎഫ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി എന്നു പറയുന്നതാണ് ശരിയെന്നുമായിരുന്നു രാജഗോപാല്‍ ഇതിനെപ്പറ്റി പറഞ്ഞത്. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം താനും ഇറങ്ങിപ്പോയിരുന്നുവെങ്കില്‍ തനിക്ക് സഭയില്‍ സംസാരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതൊന്നും മനസ്സിലാക്കാതെ വിമര്‍ശനമുന്നയിക്കരുതെന്നും രാജഗോപാല്‍ ബിജെപി നേതാക്കളോട് പറഞ്ഞു.

രാജഗോപാല്‍ നിയമസഭയിലെ കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന ആക്ഷേപവും സംസ്ഥാന നേതാക്കള്‍ അമിത്ഷായോട് ഉന്നയിച്ചിട്ടുണ്ട്. ഈ നിയമസഭയുടെ തുടക്കത്തില്‍ തന്നെ ഈ ആക്ഷേപം ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ രാജഗോപാല്‍ പി ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്തത് സ്വന്തം പാര്‍ട്ടിയോട് കൂടിയാലോചിക്കാതെയായിരുന്നു. എന്നാല്‍ തന്റെ പാര്‍ലമെന്ററി പരിചയം ഓര്‍മ്മിപ്പിച്ചും, അറിയാത്ത കാര്യങ്ങളെപ്പറ്റി വിമര്‍ശനമുന്നയിക്കരുതെന്ന് മറുപടി നല്‍കിയുമാണ് രാജഗോപാല്‍ അതിനെ തരണം ചെയ്തത്.

പാര്‍ലമെന്റില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് പാര്‍ലമെന്ററി പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നുള്ളതായിരുന്നു രാജഗോപാലിന്റെ മറുപടി. നിയമസഭയില്‍ താന്‍ ഒരാള്‍ മാത്രമായതിനാല്‍ അവിടെ തീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. വാജ്പേയിയുടെ കീഴില്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോഴുള്ള അനുഭവപരിചയമാണ് രാജഗോപാല്‍ ചൂണ്ടിക്കാട്ടിയത്. എംഎല്‍എ ന്നെ നിലയില്‍ ബിജെപിയുടെ നയപരിപാടികള്‍ അനുസരിച്ചുള്ള നിലപാടുകളാണ് താന്‍ സഭയില്‍ സ്വീകരിക്കുന്നതെന്നും ഈ കാര്യം പാര്‍ട്ടിയുമായി ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജഗോപാല്‍ പ്രശ്‌നത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ അടിയന്തരമായി ഇടപെടുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. തങ്ങളുടെ പരാതിയില്‍ രാജഗോപാലിനോട് വിശദീകരണം തേടുമെന്നും അവര്‍ കരുതുന്നുണ്ട്. ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയായി മാറാമെന്നുള്ള കണക്കുകൂട്ടലില്‍ തന്നെയാണ് വെള്ളാപ്പള്ളിയും സികെ ജാനുവിനേയും ഉള്‍പ്പെടുത്തി ബിജെപി നേതൃത്വം എന്‍ഡിഎ മുന്നണി വിപുലീകരിച്ചത്. ആ നീക്കം ഫലം ചെയ്തത് രാജഗോപാലിന് മാത്രമായിരുന്നു. എന്നാല്‍ രാജഗോപാല്‍ സംസ്ഥാന നേതൃത്വം വരച്ച വരയ്ക്കു വെളിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ ഒരു തീരുമാനം കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നതും.

Read More >>