നോട്ടു പിന്‍വലിക്കലിനു മുമ്പ് ബിജെപി നേതാക്കള്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ മൂല്യമുള്ള ഭൂമി; അമിത് ഷായുടെ പേരിലും ഭൂമി ഇടപാടുകള്‍ നടന്നതായി വെളിപ്പെടുത്തല്‍

ഭൂമി വാങ്ങിയ നേതാക്കളില്‍ ദിംഗയില്‍ നിന്നുമുള്ള നിയമസഭാ അംഗം സഞ്ചീവ് ചൗരസിയും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പാര്‍ട്ടിക്കായി ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ചൗരസി പ്രതികരിച്ചതെന്നും ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നോട്ടു പിന്‍വലിക്കലിനു മുമ്പ് ബിജെപി നേതാക്കള്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ മൂല്യമുള്ള ഭൂമി; അമിത് ഷായുടെ പേരിലും ഭൂമി ഇടപാടുകള്‍ നടന്നതായി വെളിപ്പെടുത്തല്‍

നവംബര്‍ 8ന് രാത്രി നോട്ട് അസാധുവാക്കല്‍ തീരുമാനം വരുന്നതിനു മുമ്പ് ബിജെപി വാങ്ങിക്കൂട്ടിയത് കോടികള്‍ മൂല്യമുള്ള ഭൂമികളാണെന്ന് വെളിപ്പെടുത്തല്‍. ബീഹാറില്‍ നവംബര്‍ ആദ്യ വാരം ബിജെപി വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ 'ക്യാച്ച്ന്യൂസ്' ആണ് പുറത്തുവിട്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരിലും ഭൂമികള്‍ വാങ്ങിയിട്ടുണ്ടെന്നും ക്യാച്ച് ന്യൂസ് പറയുന്നു.

ബീഹാറിലെ ബിജെപി നേതാക്കള്‍ നടത്തിയ പത്തോളം ഭൂമിയിടപാടുകളുടെ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ക്യാച്ച്ന്യൂസ് അവകാശപ്പെട്ടു. ഭൂമി വാങ്ങിയ നേതാക്കളില്‍ ദിംഗയില്‍ നിന്നുമുള്ള നിയമസഭാ അംഗം സഞ്ചീവ് ചൗരസിയും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പാര്‍ട്ടിക്കായി ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ചൗരസി പ്രതികരിച്ചതെന്നും ക്യാച്ച് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


പാര്‍ട്ടിക്കായി ഭൂമി എല്ലായിടത്തും വാങ്ങുന്നുണ്ട്. ബീഹാറിനൊപ്പം മറ്റിടങ്ങളിലും ഭൂമി ഇടപാടുകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസിനും മറ്റു ആവശ്യങ്ങള്‍ക്കുമാണ് ഭൂമി വാങ്ങിയിരുന്നത്. കരാറിലെ ഒപ്പുകാര്‍ മാത്രമാണ് ഞങ്ങള്‍ ഇട്ടിരിക്കുന്നത്. ഭൂമി വാങ്ങാന്‍ പണം തന്നത് പാര്‍ട്ടിയാണ്. എല്ലാ ഭൂമിയും വാങ്ങിയത് നവംബര്‍ ആദ്യവാരമാണ് വാങ്ങിയിരിക്കുന്നത്- ബിഹാറിലെ ബിജെപി ജനറല്‍ സെക്രട്ടറിയായ സഞ്ചീവ് ചൗരസ്യ പറയുന്നു.

പണം, ചെക്ക് തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നുള്ള വിവരവും ചൗരസി പങ്കുവെയ്ക്കുന്നുണ്ട്. ബിഹാറിലെ മധുബാനി, കതിയാര്‍, മധേപുര, ലാഖിസാരൈ, കിഷന്‍ഘഞ്ച്, അര്‍വാള്‍ തുടങ്ങിയ നഗരങ്ങളിലെ ഭൂമിയാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. 250 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ അര ഏക്കര്‍ വരെയുള്ള ഭൂമികള്‍ വാങ്ങിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. എട്ട് ലക്ഷം മുതല്‍ 1.16 കോടി വരെയാണ് ഈ ഭൂമികളുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. സ്‌ക്വയര്‍ ഫീറ്റിന് 1,100 രൂപ നല്‍കി വാങ്ങിയതാണ് ഏറ്റവും ഏറ്റവും ചെലവേറിയ ഭൂമിയിടപാടെന്നും വെളിപ്പെടുത്തലിലുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരില്‍ ഭൂമി വാങ്ങിയിരിക്കുന്നത് സഞ്ചീവ് ചൗരസിയയാണ്. 63 ലക്ഷം രൂപയാണ് ലാഖിസാരൈയില്‍ അമിത് ഷായുടെ പേരില്‍ ഭൂമി വാങ്ങാന്‍ മുടക്കിയിരിക്കുന്നത്. ചൗരസിയയ്ക്ക് പുറമെ ബീഹാറിലെ ബിജെപി വൈസ് ചെയര്‍മാന്‍ ലാല്‍ ബാബു പ്രസാദ്, പാര്‍ട്ടി ട്രെഷറര്‍ ദിലീപ് കുമാര്‍ ജെയ്സ്വാള്‍ എന്നിവരുടെ പേരിലും ഭൂമി വാങ്ങിയിട്ടുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സഞ്ചീവ് ചൗരസിയയുടെ പേരില്‍ നടന്നിരിക്കുന്ന ഭൂമിയിടപാട് രേഖകളില്‍ നല്‍കിയിരിക്കുന്ന അഡ്രസ്സ് ബിജെപി ദേശീയ അസ്ഥാനത്തിന്റേതാണെന്നുള്ളതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.Read More >>