കണ്ണൂരിൽ കൗമാരക്കാരുടെ വൻ ബൈക്ക് മോഷണസംഘം പിടിയിൽ; മോഷണം പോക്കറ്റ് മണിക്കുവേണ്ടി

പോക്കറ്റ് മണിക്കുവേണ്ടിയാണ് കുട്ടികൾ മോഷണം നടത്തിയിരുന്നത്. സംഘത്തിലെ കുട്ടികളെ നിയന്ത്രിച്ചിരുന്നത് ചില മുതിർന്ന ആളുകൾ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂരിൽ കൗമാരക്കാരുടെ വൻ ബൈക്ക് മോഷണസംഘം പിടിയിൽ; മോഷണം പോക്കറ്റ് മണിക്കുവേണ്ടി

കണ്ണൂർ: കൗമാരക്കാരുടെ ബൈക്ക് മോഷണസംഘം പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്നും പത്തു ബൈക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. ശ്രീകണ്ഠാപുരം എസ്‌ഐയും സംഘവും കഴിഞ്ഞ ദിവസം രാത്രി വളക്കൈ - കൊയ്യം റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെ പെരിന്തലേരി സ്വദേശിയായ പതിനാറുകാരനെ പിടികൂടുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൗമാരക്കാരായ കുട്ടികളുടെ വൻ ബൈക് മോഷണ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് കണ്ടക്കൈയിലും കണ്ണൂർ സിറ്റിയിലും തിരച്ചിൽ നടത്തി നാലു കുട്ടികളെയും മോഷ്ടിച്ച ബൈക്കുകളും പിടികൂടുകയായിരുന്നു.

മോഷ്ടിച്ച ബൈക്കുകളുടെ ചേസിസ് നമ്പർ ചുരണ്ടിക്കളയുകയും വ്യാജ നമ്പർപ്ളേറ്റ് പിടിപ്പിക്കുകയും ചെയ്തതിനാൽ യഥാർത്ഥ ഉടമകളെക്കണ്ടെത്താൻ പൊലീസിന് ബുദ്ധിമുട്ടേണ്ടിവരും. തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പ്രദേശങ്ങളിൽ നിന്നാണ് ബൈക്കുകൾ കൂടുതലായും മോഷ്ടിച്ചിട്ടുള്ളതെന്ന് കുട്ടികളിൽ നിന്നും സൂചന ലഭിച്ചതിനാൽ ഈ പ്രദേശങ്ങളിൽ നിന്ന് മുൻപ് റിപ്പോർട് ചെയ്തിട്ടുള്ള ബൈക്ക് മോഷണക്കേസുകളും പോലീസ് പരിശോധിക്കും.
പോലീസ് പിടികൂടിയ കുട്ടികളിൽ ഏറെപ്പേരും ധനിക കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം. പോക്കറ്റ് മണിക്കുവേണ്ടിയാണ് കുട്ടികൾ മോഷണം നടത്തിയിരുന്നത്. സംഘത്തിലെ കുട്ടികളെ നിയന്ത്രിച്ചിരുന്നത് ചില മുതിർന്ന ആളുകൾ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാ ആളുകളെയും വലയിലാക്കാൻ സമഗ്രമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.

Story by
Read More >>