ആ വീഡിയോയിലെ അവസാന കാഞ്ചിവലിയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്...

അതുകൊണ്ടയാൾ ആ പിടച്ചിലിനു നേരെ ഉന്നം പിടിച്ചു കാഞ്ചിവലിച്ചു. ഒരു ഭരണകൂടത്തിനു നേരെയുളള പരമപുച്ഛത്തോടെ അവസാനമായി ആ കാലുകളൊന്നുയർന്നു പൊങ്ങിയത് വീഡിയോയിൽ നിങ്ങൾക്കു വ്യക്തമായി കാണാം..

ആ വീഡിയോയിലെ അവസാന കാഞ്ചിവലിയിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ട്...

ജീവന്റെ അവസാനതുടിപ്പും മിടിച്ചു തീരുന്ന ആ നെഞ്ചിലേയ്ക്കൊഴിച്ച അവസാന നിറയിൽ എല്ലാ ചോദ്യങ്ങൾക്കുമുളള ഉത്തരമുണ്ട്. ഭോപ്പാൽ ജയിലിൽ നിന്ന് തടവുചാടിയ ഒരാൾപോലും ജീവനോടെ അവശേഷിക്കരുതെന്ന കാർക്കശ്യമാണ് ആ മൊബൈൽ ഫുട്ടേജ്.  മർമ്മപ്രധാനഭാഗങ്ങൾ മുറിച്ചു കളഞ്ഞെങ്കിലെന്ത്? പ്രചരിക്കുന്ന വീഡിയോകൾ വാചാലമാണ്. വിദൂരതയിൽ നിരായുധരായി നിൽക്കുന്ന "തീവ്രവാദി"കളുടെ വിഷ്വലുകളും മരിച്ചവന്റെ അവസാന പിടച്ചിലിനെ വെടിവെച്ചുണർത്തിയ കാഞ്ചി പ്രയോഗവും. എല്ലാം ഇപ്പോൾ സോഷ്യൽമീഡിയയിലുണ്ട്. ഏറ്റുമുട്ടൽ എന്ന ഔദ്യോഗികഭാഷ്യം പച്ച നുണയാണെന്ന് വിളിച്ചു പറയുന്ന ദൃശ്യങ്ങൾ.


toi-1ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നമ്മുടെ മാധ്യമങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത് ഇതാദ്യമായല്ല. ലോകത്തെവിടെയും പൊലീസിന്റെയും സ്റ്റേറ്റിന്റെയും ഭാഷ്യങ്ങളെ ചോദ്യം ചെയ്യേണ്ടവരാണ് മാധ്യമപ്രവർത്തകർ. ആ ചുമതലയുളള മുഖ്യധാരാ മാധ്യമങ്ങൾ പോലീസ് സ്റ്റോറികളെ വിഴുങ്ങാൻ തയ്യാറുളളതുകൊണ്ടാണ് പട്ടാപ്പകൽ ഏതാണ്ട് മൃതശരീരമായ മനുഷ്യന്റെ നെഞ്ചിലേയ്ക്കുപോലും നിറയൊഴിക്കാൻ പോലീസുകാർക്കു ധൈര്യം വരുന്നത്.

ഒരു കാർട്ടൂൺ സിനിമയുടെ തിരക്കഥ പോലെ പരിഹാസ്യമാണ് പോലീസ് ഭാഷ്യം. ജയിലു ചാട്ടത്തിനും കൊലപാതകത്തിനുമൊക്കെ ഗൂഢാലോചന നടത്താനുളള സൌകര്യമൊരുക്കാൻ എട്ടുപേരെയും ഒരേ സെല്ലിൽത്തന്നെ പാർപ്പിച്ചു, ജയിലധികാരികൾ. സ്പൂണും പ്ലേറ്റും ടംഗ് ക്ലീനറും ഉപയോഗിച്ച് ഹെഡ് കോൺസ്റ്റബിളിനെ കൊല്ലുക, ബെഡ് ഷീറ്റുകൾ കൂട്ടിക്കെട്ടി 30-32 അടി ഭിത്തിയിലൂടെ നൂർന്നിറങ്ങി എട്ടുപേരും രക്ഷപെടുക. കൃത്യസമയത്ത് ചലനമറ്റുപോയി ജയിലിലെ സകല സിസി ടിവി കാമറകളും.  ടോം ആൻഡ് ജെറിയിൽ എലി പൂച്ചയെ കബളിപ്പിക്കുന്ന രംഗങ്ങളുടെ അതേ വിശ്വാസ്യത.

പ്രചരിക്കുന്ന വീഡിയോയിലെ ഏറ്റവും നിഷ്കളങ്കമായ ഭാഗമിതാണ്. ഒരു മൃതശരീരത്തിന്റെ മുതുകിൽ നിന്ന് കത്തിപോലൊരു സാധനം വലിച്ചൂരുന്ന രംഗം. അതുപയോഗിച്ചാണല്ലോ തീവ്രവാദികൾ വെളുപ്പിന് രണ്ടിനും മൂന്നിനും ഇടയ്ക്ക് ജയിലിലെ ഹെഡ് കോൺസ്റ്റബിൾ രമേഷ് ശങ്കറിനെ കൊലപ്പെടുത്തിയത്. അപ്പോഴവർ ജയിൽ വേഷത്തിലായിരുന്നിരിക്കണം. ആ വേഷം ഊരിക്കളഞ്ഞ് അടിപൊളി ജീൻസിലേയ്ക്കും ടീഷർട്ടിലേയ്ക്കും മാറിയപ്പോഴും കൊലചെയ്യാനുപയോഗിച്ച ആയുധം കഴുകി വൃത്തിയാക്കി അരയിൽ തിരുകി. ഇടയ്ക്കെങ്ങാനും കൊല്ലപ്പെട്ടുപോയാൽ പാവം ഹെഡ് കോൺസ്റ്റബിളിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം തേടി പോലീസ് ബുദ്ധിമുട്ടാൻ പാടില്ല. എന്തൊരു കരുതലായിരുന്നു തീവ്രവാദികൾക്ക്!

സോഷ്യൽ മീഡിയയാണത്രേ പ്രതികളെ പിന്തുടരാൻ പോലീസിനെ സഹായിച്ചത്. പറയുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. തീവ്രവാദികൾ ജയിലു ചാടിയ ഉടനെ ജയിലിനു ചുറ്റുമുളള പ്രദേശവാസികൾക്ക് എല്ലാവരുടെയും ചിത്രങ്ങൾ പോലീസ് വാട്സാപ്പു ചെയ്തത്രേ. വാട്സാപ്പ് ചിത്രങ്ങൾ കണ്ട ലളിത് മീണയെന്ന ഗ്രാമീണന്റെ ദൃക്സാക്ഷി വിവരണവും ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ht-1നിർഭാഗ്യവശാൽ ഹിന്ദുസ്ഥാൻ ടൈംസിന് കണ്ടെത്താൻ കഴിഞ്ഞത് പദംസിംഗ് മീണയെന്ന ഏത്ഖേഡി വില്ലേജിലെ പ്രതിരോധ സമിതിയുടെ കൺവീനറെയാണ്. എട്ട് അപരിചതരായ ആൾക്കാരെ രാവിലെ ഏഴരയോടെ താൻ കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്. വില്ലേജ് പ്രതിരോധ സമിതിയുടെ കൺവീനറൊക്കെയാണെങ്കിലും പദംസിംഗ് വീണയ്ക്ക് പോലീസിന്റെ വാട്സാപ്പ് സന്ദേശം കിട്ടിയില്ല. എന്തൊരു കഷ്ടം.

ഷേവു ചെയ്തു കുട്ടപ്പന്മാരായ ശേഷമാണ് കൊല്ലപ്പെടാൻ പാകത്തിന് എല്ലാവരും അച്ചാർപ്പുരയിലെ പാറക്കെട്ടിനു മുകളിലേയ്ക്ക് ഓടിക്കയറിയത്. വെളുപ്പിന് രണ്ടിനും മൂന്നിനും ഇടയ്ക്ക് ഒരു പോലീസുകാരനെ കൊന്ന് ജയിൽ ചാടിയവർ, രാവിലെ ഏഴര മണിയായപ്പോഴേയ്ക്കും ഷേവു ചെയ്ത് സുന്ദരന്മാരായിക്കഴിഞ്ഞിരുന്നു. ജയിൽ വസ്ത്രങ്ങളുപേക്ഷിച്ച് അടിപൊളി ജീൻസും ടീഷർട്ടും ധരിച്ചു. ജീവൻ പോയിട്ടാണെങ്കിലും പത്തു മണിയോടെ വീഡിയോയ്ക്കും ഫോട്ടോയ്ക്കും പോസു ചെയ്യേണ്ടതാണ്. രാജ്യമെമ്പാടുമുളള പത്രങ്ങളുടെ ഒന്നാം പേജിൽ ഫോട്ടോ അച്ചടിച്ചു വരാനുളളതാണ്. അത് മുഷിഞ്ഞുനാറിയ ജയിൽവേഷത്തിലായിരിക്കരുത് എന്നവർക്കു നിർബന്ധമുണ്ടായിരുന്നു. അതിനിടയ്ക്ക് പോലീസുമായി ഏറ്റുമുട്ടാൻ തോക്കുകളും സംഘടിപ്പിച്ചു. രാത്രി മൂന്നിനും പകൽ ഏഴിനും മധ്യേ.

പൊലീസ് ഭാഷ്യങ്ങളിൽ സംശയിക്കരുത്. എട്ടു മുസ്ലിം തീവ്രവാദികളെ ധീരരായ പട്ടാളക്കാർ ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നു. പോലീസുകാരിൽ ഒരാൾക്കുപോലും പോറലേൽക്കാതെ. അതാണു സത്യം.

ht-3തീവ്രവാദികളുടെ കൈവശം നാടൻ തോക്കുകളും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും അവർ തങ്ങളെ വെടിവെച്ചുവെന്നുമൊക്കെ ഭോപ്പാൽ ഐജി യോഗേഷ് ചൌധരി പറയുന്നത്. അപ്പോൾപ്പിന്നെ തീവ്രവാദികൾ നിരായുധരായിരുന്നുവെന്നും ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും പരിക്കേറ്റില്ലെന്ന് ദൌത്യം നയിച്ച ഭീകരവിരുദ്ധ സ്ക്വാഡിന്റെ ഐജി സഞ്ജീവ് ഷാമി പറഞ്ഞതോ? അങ്ങനെയൊന്നും സംശയിക്കാൻ പാടില്ല. ആദ്യം പത്രക്കാരെക്കണ്ട ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗും പറഞ്ഞത് അവർ നിരായുധരായിരുന്നു എന്നാണ്. പക്ഷേ, ആയുധാരികളാണെന്ന് സ്ഥിരീകരിച്ചത് മുഖ്യമന്ത്രി ശിവരാജ് ചൌഹാനാണ്. അപ്പോൾ മുഖ്യമന്ത്രി പറഞ്ഞതു വിശ്വസിക്കുക. എല്ലാവരെയും വെടിവെച്ചുകൊന്ന ദൌത്യസംഘത്തലവൻ ഇങ്ങനെ പലതും പറയും.

ht-2തടവു പുളളികൾ പ്ലാസ്റ്റിക് പ്ലേറ്റും സ്പൂണും ടംഗ് ക്ലീനറും ഉപയോഗിച്ച് പോലീസുകാരനെ കൊന്നു എന്നു വിശ്വസിക്കുന്നവർക്ക് ഇതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ല.

അവസാനമായി ഒന്നു പിടച്ച ആ മനുഷ്യൻ പോലും തോക്കേന്തിയവരെ ഭയപ്പെടുത്താൻ കാരണങ്ങളുണ്ട്. ഒരുവനെങ്കിലും ജീവനോടെ അവശേഷിച്ചാൽ സംഭവിച്ചത് എന്തൊക്കെയെന്ന് എന്നെങ്കിലും പുറത്തുവരും. എങ്ങനെ പുറത്തിറങ്ങിയെന്ന്, അത്രയും ബെഡ് ഷീറ്റുകൾ എങ്ങനെ സംഘടിപ്പിച്ചുവെന്ന്.. ജയിൽ വസ്ത്രങ്ങളുപേക്ഷിച്ച് ജീൻസിലും ടീഷർട്ടിലും കയറിയതെവിടെ വെച്ചെന്ന്.. ഷേവു ചെയ്യാൻ റേസറും സോപ്പും കൊടുത്തതാരെന്ന്... സത്യത്തിൽ അവർ ആയുധാരികളായിരുന്നോ എന്ന്, അഥവാ ആയുധങ്ങളുണ്ടായിരുന്നെങ്കിൽ അതവർക്കു നൽകിയതാര് എന്ന്, എന്തിന് എട്ടുപേരെയും കൊന്നുവെന്ന് , എന്തുകൊണ്ട് ഒരാളെപ്പോലും മാരകപരിക്കുകളോടെയെങ്കിലും ജീവനോടെ പിടിച്ചില്ല എന്ന്... എന്തുകൊണ്ട് രക്ഷപെട്ട എട്ടുപേരും ഒരേ ദിശയിൽ ഒന്നിച്ചോടിയെന്ന്? ഒരിക്കലും ഉത്തരമുണ്ടായിക്കൂടാത്ത ചോദ്യങ്ങളാണിവ...ഒന്നിനുപോലും ഉത്തരം തരാൻ ഒരു നാവുപോലും അവശേഷിക്കാൻ പാടില്ല... മൃതപ്രായമായ ആ പിടച്ചിൽ ഒരുപക്ഷേ, ഒരാളിന് ജീവന് വീണ്ടുകിട്ടാനുളള സാധ്യതയാണ്. വിലപിടിപ്പുളള ഉത്തരങ്ങളുണ്ടാകാനുളള സാധ്യത .. അതൊരു ഭയമാണ്. സർവായുധങ്ങളുമേന്തി നിന്നവരെ ചകിതരാക്കിയ ഭയം.

അതുകൊണ്ടയാൾ ആ പിടച്ചിലിനു നേരെ ഉന്നം പിടിച്ചു കാഞ്ചിവലിച്ചു. ഒരു ഭരണകൂടത്തിനു നേരെയുളള പരമപുച്ഛത്തോടെ അവസാനമായി ആ കാലുകളൊന്നുയർന്നു പൊങ്ങിയത് വീഡിയോയിൽ നിങ്ങൾക്കു വ്യക്തമായി കാണാം..