ഭോപ്പാലില്‍ നടന്നത് ആസൂത്രിത കൂട്ടക്കൊല, ജുഡീഷ്യല്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഗുജറാത്ത് മുന്‍ഡിജിപി ആര്‍ ബി ശ്രീകുമാര്‍

2004 ല്‍ ഗുജറാത്തില്‍ നടന്ന ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലേതിനേക്കാള്‍ ശക്തമായ തെളിവുകള്‍ ഇപ്പോള്‍ തന്നെ സമൂത്തിനു മുന്നിലുണ്ട്. ജുഡീഷ്യറിക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ അവര്‍ സ്വമേധയാ കേസെടുക്കുകയാണ് വേണ്ടത്. അതുണ്ടാവില്ലല്ലോ, ജഡ്ജിമാര്‍ക്ക് പ്രശസ്തിയിലാണ് താല്‍പര്യം. എന്തിന് അവരെ മാത്രമായി പറയണം രാഷ്ട്രീയ കക്ഷികള്‍ക്കും ഇതിലൊന്നും താല്‍പര്യമില്ല.

ഭോപ്പാലില്‍ നടന്നത് ആസൂത്രിത കൂട്ടക്കൊല, ജുഡീഷ്യല്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഗുജറാത്ത് മുന്‍ഡിജിപി ആര്‍ ബി ശ്രീകുമാര്‍

സുധീഷ് സുധാകരന്‍/ ഡല്‍ഹി ബ്യൂറോ

ഭോപ്പാലിൽ വിചാരണത്തടവുകാരായ എട്ടു പേരെ പൊലീസ് വെടിവച്ചുകൊന്ന സംഭവം ആസൂത്രിതമാണെന്നും അതേക്കുറിച്ച് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിൽ തനിക്ക് തരിമ്പും വിശ്വാസമില്ലെന്നും ഗുജറാത്തിലെ മുൻ ഡിജിപി ആർ ബി ശ്രീകുമാർ.ശിങ്കിടിയായ ഏതെങ്കിലും ജഡ്ജിയെ കണ്ടെത്താൻ അവർക്ക് ഒരു പ്രയാസവുമുണ്ടാവില്ല, റിപ്പോർട്ടും അവർക്കിഷ്ടമുള്ളതു പോലെ തയ്യാറാക്കും.

ഗുജറാത്ത് വംശഹത്യയെക്കുറിച്ചന്വേഷിച്ച നാനാവതി കമ്മീഷന് മുമ്പാകെ താൻ കൊടുത്ത നിരവധി സത്യവാങ്മൂലങ്ങളുടെ ഗതി അറിയാവുന്നതുകൊണ്ടാണ് താനിതു പറയുന്നത്. അറുന്നൂറിലേറെ വരുന്ന തെളിവുകൾ താൻ കമ്മീഷന് കൈമാറിയിരുന്നു. അവ എന്തു ചെയ്തുവെന്ന് പോലും തനിക്കിതേവരെ അറിയില്ലെന്നും ശ്രീകുമാർ നാരദാ ന്യൂസിനോട് പറഞ്ഞു.


'ഭോപ്പാലിൽ നടന്നിട്ടുള്ളത് ആസൂത്രിതമായ കൊലപാതകമാണെന്നതിൽ സംശയമില്ല. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തയ്യാറാക്കിയിട്ടുള്ള സ്തോഭജനകമായ നാടകമാണിത്. കുറച്ചു പേർ മാത്രമറിഞ്ഞുള്ള പദ്ധതിയാവണം. ഒന്നു മറിയാത്ത ഒരു പൊലീസുകാരന്റെ ജീവനും നഷ്ടപ്പെട്ടു. എട്ടുപേർ തടവുചാടിയതിനെ കുറിച്ചുള്ള പൊലീസിന്റെ വിശദീകരണം പോലും അവർക്കെതിരാണ്. ജയിലിൽ നിന്ന് എങ്ങനെ ഇവർക്ക് രക്ഷപ്പെടാനായി എന്നതിന് ഉത്തരം നൽകേണ്ടത് സർക്കാരാണ്. പൊലീസ് പറയുന്നത് അപ്പാടെ വിശ്വസിച്ചാൽ തന്നെ ജയിലിലെ രഹസ്യാന്വേഷണത്തിൽ അവർ തോറ്റമ്പിയെന്ന് സമ്മതിക്കേണ്ടിവരും. എട്ടു പേർ ചേർന്ന് ജയിൽ ചാടാൻ കോപ്പുകൂട്ടുന്നതിന്റെ ഒരു സൂചനയും ലഭിച്ചില്ലെന്നത് അവിശ്വസനീയമാണ്. ഒരു ജയിലിന്റെ മൊത്തെ ഉത്തരവാദിത്വം ഒരു ഹെഡ് കോൺസ്റ്റബിളിനായിരുന്നു എന്നതും വിശ്വസിക്കാനാവുന്നില്ല.

സാധാരണ നിലയിൽ അനുവർത്തിക്കേണ്ട സ്റ്റാൻഡേഡ് ഓപ്പറേഷൻ സ്റ്റാന്റേർഡ് പ്രൊസീജിയർ പാലിച്ചിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നില്ലേ. ഏതെങ്കിലും ഒരു കുറ്റവാളി തടവുചാടിയാൽ പത്തുമിനിറ്റിനകം അറിയാനുള്ള സംവിധാനം രാജ്യത്തെ എല്ലാ ജയിലുകളിലുമുണ്ട്. പിന്നെ, അജിത് ഡോവലിനെ പോലെ ഒരാൾ രാജ്യരക്ഷാസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന കാലത്ത് ഇതെല്ലാം സംഭവിക്കില്ല എന്ന് ആർക്കും പറയാനാവില്ല. ഇത്തരം പദ്ധതികളഉടെ മാസ്റ്ററാണ് ഡോവൽ. പക്ഷെ ഒരു കാര്യം എനിക്കുറപ്പിച്ചു പറയാം, അയാൾ അഴിമതിക്കാരനല്ല പക്ഷെ, കുട്ടികൃഷ്ണമാരാരെ കടമെടുത്ത് പറഞ്ഞാൻ യശോലമ്പടനാണ്. ഉത്തരേന്ത്യയിൽ നിന്നു വരുന്ന മിക്കവാറും സവർണ പൊലീസ് ഉദ്യോഗസ്ഥരെപ്പോലെത്തന്നെ ഒന്നാം തരം ഹിന്ദുത്വവാദിയും. (ഒരു കാര്യം ഞാൻ മറച്ചു വക്കുന്നില്ല, പത്തിരുപത്തഞ്ചു വയസ്സുവരെ ഞാനും അങ്ങനൊക്കെയായിരുന്നു. പിന്നീടാണ് മാർക്സുൾപ്പെടെയുള്ള തത്വചിന്തകരെ വായിക്കുന്നതും ജീവിതവീക്ഷണത്തിൽ വലിയ മാറ്റമുണ്ടാവുന്നതും).

2004 ൽ ഗുജറാത്തിൽ നടന്ന ഇശ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലേതിനേക്കാൾ ശക്തമായ തെളിവുകൾ ഇപ്പോൾ തന്നെ സമൂത്തിനു മുന്നിലുണ്ട്. ജുഡീഷ്യറിക്ക് ആർജ്ജവമുണ്ടെങ്കിൽ അവർ സ്വമേധയാ കേസെടുക്കുകയാണ് വേണ്ടത്. അതുണ്ടാവില്ലല്ലോ, ജഡ്ജിമാർക്ക് പ്രശസ്തിയിലാണ് താൽപര്യം. എന്തിന് അവരെ മാത്രമായി പറയണം രാഷ്ട്രീയ കക്ഷികൾക്കും ഇതിലൊന്നും താൽപര്യമില്ല.

ഗുജറാത്ത് വംശഹത്യ അന്വേഷിച്ച് നാനാവതി കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് നിയമസഭയിലെ ശൂന്യവേളയിലെങ്കിലും ഒരു വാക്ക് പറയാൻ കോൺഗ്രസ്സടക്കമുള്ള രാഷ്ട്രീയ കക്ഷികൾ തയ്യാറായില്ലെന്നും ആർ ബി ശ്രീകുമാർ കുറ്റപ്പെടുത്തി.

Read More >>