ഭാഗ്യലക്ഷ്മി മറ്റുള്ളവര്‍ക്ക് ശബ്ദം കൊടുത്തത് ശരിക്കും ഇപ്പോഴാണ്!

ഭാഗ്യലക്ഷ്മിയുടെ ധീരമായ വെളിപ്പെടുത്തലിന് കേരളമെമ്പാടും പിന്തുണ. ഇരയെ മുഖ്യമന്ത്രി കാണാത്തതിലും പോലീസ് ഓഫീസര്‍ക്കെതിരെ നടപടി എടുക്കാത്തതിലും സങ്കടമുണ്ടെന്നും ഭാഗ്യലക്ഷ്മി നാരദാന്യൂസിനോട്. പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമാണെന്നും നല്ല ആപ്പിളിനൊപ്പം പുഴുക്കുത്തുള്ളതും ഉണ്ടാകുമെന്നും ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി മറ്റുള്ളവര്‍ക്ക് ശബ്ദം കൊടുത്തത് ശരിക്കും ഇപ്പോഴാണ്!

സിപിഐഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് തൃശ്ശൂര്‍ സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിലെ ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്. ഭാഗ്യലക്ഷ്മിയിലൂടെ നടന്ന വെളിപ്പെടുത്തല്‍ കേരളസമൂഹത്തെ പിടിച്ചുലയ്ക്കുകയാണ്. ഭാഗ്യലക്ഷ്മിയുടെ ധീരമായ ഇടപെടലിനെ പ്രശംസിക്കുകയാണ് എല്ലാവരും. എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി ഫേസ്ബുക്കില്‍ എഴുതി- ഭാഗ്യലക്ഷ്മി മറ്റുള്ളവര്‍ക്ക് ശബ്ദം കൊടുത്തത് ശരിക്കും ഇപ്പോഴാണ്. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കുറ്റാരോപിതര്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും നടപടികളെടുത്തിരുന്നു. ഇതുവരെയുള്ള നടപടികളിലും ഇടപെടലുകളിലും തൃപ്തയാണെന്ന് ഭാഗ്യലക്ഷ്മി നാരദാന്യൂസിനോട് പറഞ്ഞു. യുവതിയോട് മോശമായി സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിലെ നിരാശയും ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു.


എല്ലാവരും പിന്തുണ നല്‍കി


എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എന്നോട് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയുമൊക്കെ വിളിച്ചു. ശ്രദ്ധിക്കപ്പെടേണ്ട വിഷയമായിരുന്നു, അതിന്റേതായ ഗൗരവത്തില്‍ സമീപിക്കുമെന്ന് ഉറപ്പു  നല്‍കിയിരുന്നു. പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് അപ്പോള്‍ തന്നെ കോടിയേരി പറഞ്ഞു. ജയന്തനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എതിരഭിപ്രായമൊന്നും ആരും അങ്ങനെ പറഞ്ഞില്ല. മാധ്യമചര്‍ച്ചകളിലൊക്കെ ഭാഗ്യലക്ഷ്മി ചേച്ചി വഞ്ചിക്കപ്പെട്ടു, തെറ്റിദ്ധരിക്കപ്പെട്ടു എന്നൊക്കെ ചിലര്‍ പറഞ്ഞു. വടക്കാഞ്ചേരി എനിക്ക് പരിചയമുള്ള സ്ഥലമാണ്. ഉത്രാളിക്കാവ് പൂരത്തിനൊക്കെ പോകാറുണ്ട്. അവിടുത്തെ നാട്ടുകാര്‍ക്കൊക്കെ എന്നെ അറിയാം. അവര്‍ക്കെന്നെ സമീപിക്കാവുന്ന ബന്ധവുമുണ്ട്. ഞാനിത് ചെയ്യേണ്ടിയിരുന്നില്ല എന്ന് അവരടക്കം ആരും എന്നോട് പറഞ്ഞില്ല. മറ്റ് ഭീഷണികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പാര്‍ട്ടി വിരുദ്ധമല്ല...പുഴുക്കുത്തുക്കള്‍ പോകട്ടെ

ഏതു പാര്‍ട്ടി ഭരിച്ചാലും സ്ത്രീകള്‍ സംരക്ഷിക്കപ്പെടണം. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നടപടിയെടുക്കുമെന്നു ഭരണത്തിലെത്തും മുമ്പു സിപിഐഎം ഉറപ്പു നല്‍കിയിരുന്നു. ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടി അത് തീര്‍ച്ചയായും നടപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ പേരിലാണു ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ധൈര്യമായി മുന്നോട്ടിറങ്ങിയത്. എന്നെ തെറ്റിദ്ധരിക്കില്ലെന്നും ഇതു പാര്‍ട്ടി വിരുദ്ധമല്ലെന്നും ഞാന്‍ കരുതി. പാര്‍ട്ടിക്കെതിരെയല്ല ഞാന്‍ രംഗത്തിറങ്ങിയത്, വ്യക്തിക്കെതിരെയാണ്.

പാര്‍ട്ടിയില്‍ എല്ലാവരും യേശുക്രിസ്തു ആയിരിക്കണമെന്നില്ലല്ലോ. നല്ല ആപ്പിളുകളുടെ കൂട്ടത്തില്‍ പുഴുക്കുത്തുള്ളതും ഉണ്ടാകുമല്ലോ. അതിനെ എടുത്തു കളയാൻ നമുക്കു പറയാമല്ലോ.

സങ്കടമുണ്ട്..രണ്ടു കാര്യങ്ങളില്‍

പരാതി ഉന്നയിച്ചതിനു ശേഷം രണ്ടു കാര്യങ്ങളില്‍ മാത്രമാണ് സങ്കടമുള്ളത്. പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇപ്പോഴും നടപടിയെടുത്തിട്ടില്ല. മറ്റൊന്നു മുഖ്യമന്ത്രി ഇതു വരെ പെണ്‍കുട്ടിയോട് സംസാരിച്ചിട്ടില്ല. ഇക്കാര്യങ്ങളൊഴികെ അന്വേഷണത്തിലും മറ്റ് നടപടികളിലും ഞാന്‍ ഇതുവരെ തൃപ്തയാണ്.

ഇത്രയൊന്നും കരുതിയില്ല...

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നൊക്കെ വിചാരിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇങ്ങനെയൊരു സംഭവം നടന്നു എന്നു കേരളത്തിലെ ജനങ്ങളെ അറിയിക്കണമായിരുന്നു. നമ്മളൊന്നും ഇതൊന്നും അറിഞ്ഞില്ലല്ലോ. പെണ്‍കുട്ടികള്‍ക്ക് ഒരു മുന്നറിയിപ്പാകുമെന്നും കരുതി. ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ തെളിവുകളെങ്കിലും നശിപ്പിക്കപ്പെടാതിരിക്കുക എന്നൊരു സന്ദേശവും.

രണ്ടു കാര്യങ്ങളാണ് ആ പെണ്‍കുട്ടി എന്നോട് ആവശ്യപ്പെട്ടത്. 'ഇങ്ങനെയൊരു പീഡനം നടന്നു. അതിന്റെ തെളിവുകളൊക്കെ നശിപ്പിക്കപ്പെട്ടു. അതിന്റെ പേരില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ല എന്നെനിക്കുറപ്പുണ്ട്. ഞാനിങ്ങനെ ഒരവസ്ഥയില്‍ നില്‍ക്കുമ്പോല്‍ അവര്‍ ഉന്നതരായി സമൂഹത്തില്‍ വിലസുന്നത് കണ്ടു നില്‍ക്കാന്‍ കഴിയുന്നില്ല. അതെങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ അറിയിക്കണം. എന്നെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയെടുക്കണം'. ഇതാണ് അവര്‍ ആവശ്യപ്പെട്ടത്. ഇതൊന്നും എനിക്കു ചെയ്യാന്‍ കഴിയില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കുട്ടിയെ സമാധാനിപ്പിക്കാം, കൗണ്‍സില്‍ ചെയ്യാമെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവം ഇവിടെ നടന്നു എന്ന് ആളുകള്‍ അറിയണമെന്ന് പിന്നീട് തോന്നി.

ഞാന്‍ അവതാരകയായ ചാനല്‍ പരിപാടിയില്‍ ഒരു വ്യക്തിയുടെ പ്രശ്‌നം വെച്ച് മുതലാക്കേണ്ടന്നാണ് എന്റെ നിലപാട്. അതിന് ആ കുട്ടി തയ്യാറായാല്‍ പോലും ഞാന്‍ തയ്യാറാകില്ല.

Read More >>