എഎഫ്സി കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇറാഖി ക്ലബ്ബും ബംഗളൂരു എഫ്സിയും നേർക്കുനേർ

മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30ന് ദോഹയിലെ ഖത്തർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ

എഎഫ്സി കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇറാഖി ക്ലബ്ബും ബംഗളൂരു എഫ്സിയും നേർക്കുനേർ

ദോഹ: 23 രാജ്യങ്ങളിൽ നിന്നും 40 ക്ലബ്ബുകൾ... ദോഹയിലെ ഖത്തർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ എ.എഫ്.സി കപ്പിന്റെ 13-ആം എഡിഷന്റെ കലാശപ്പോരാട്ടത്തിന് ഒരുങ്ങുമ്പോൾ അവശേഷിക്കുന്നത് രണ്ടു ക്ലബ്ബുകൾ മാത്രം. ഇറാഖിലെ അൽ കുവ അൽ ജാവിയ ക്ലബ്ബും ബംഗളൂരു എഫ്.സിയും.

ഏകദേശം ആറു കോടി 67 ലക്ഷം രൂപ സമ്മാനത്തുകയുള്ള എ.എഫ്.സി കപ്പിന്റെ ഫൈനൽ മത്സരം ഇന്ത്യൻ സമയം രാത്രി 9.30 മുതൽക്കാണ്. ചരിത്രത്തിലാദ്യമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബാണ് ബംഗളൂരു എഫ്.സി. 2008ൽ ഡെംപോയും 2013ൽ ഈസ്റ്റ് ബംഗാളും സെമി ഫൈനലിൽ എത്തിയിരുന്നു. എന്നാൽ ഫൈനലിൽ ഇതുവരെ ആരും എത്തിയിരുന്നില്ല.


സെമിയിൽ രണ്ടു പാദങ്ങളിലുമായി നിലവിലെ ചാമ്പ്യന്മാരും മലേഷ്യൻ ദേശീയ ലീഗിലെ ഒന്നാം സ്ഥാനക്കാരുമായ ജോഹോർ ദാറുൽ താസിമിനെ 4-2ന് തകർത്താണ് ബംഗളൂരു കലാശക്കളിക്ക് യോഗ്യത നേടിയത്. ലെബനീസ് ക്ലബ് അൽ അഹസിനെ 4-3ന് തകർത്താണ് അൽ കുവ അൽ ജാവിയയുടെ ഫൈനൽ പ്രവേശനം.

ഇന്ത്യ ഫുട്ബാളിൽ പുതിയൊരു ചരിത്രസൃഷ്ടിക്കായാണ് ബംഗളൂരു എഫ്.സി ഇന്ന് ദോഹയിൽ ഇറങ്ങുന്നത്. ആക്രമിച്ച് മുന്നേറുക തന്നെയാകും ബംഗളൂരുവിന്റെ സ്പാനിഷ് കോച്ച് ആൽബെർട്ട് റോക്ക മെനയുന്ന തന്ത്രം. കഴിഞ്ഞ മത്സരങ്ങളിൽ വല കാത്ത ഗോൾ കീപ്പർ അമരീന്ദർ സിങിന് രണ്ട് മഞ്ഞക്കാർഡ് കണ്ടതിനാൽ ഫൈനൽ നഷ്ടമാകും. പകരം ലാൽത്ത്മാവിയ റാൽറ്റെയാകും ഗോൾ കീപ്പറുടെ റോളിൽ ഫൈനലിന് ഇറങ്ങുക.
ലാൽത്മാവിയ ഫനായി, ശങ്കർ സാംപിംഗിരാജ്, ഡാരെൻ കാൽഡേയിര എന്നിവർക്ക് പരിക്കുമൂലം ഇന്ന് ഫൈനലിൽ ഇറങ്ങാനാകില്ല. എന്നാൽ മികച്ച ഫോമിലുള്ള ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഫൈനലിലും തിളങ്ങിയാൽ വിജയം ഇന്ത്യൻ ക്ലബ്ബിന് തന്നെയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളി താരങ്ങളായ റിനോ ആന്റോയും സി.കെ. വിനീതും ബംഗളൂരു ടിമിലുണ്ട്. ഖത്തറിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഗാലറിയിൽ എത്തുന്നത് ഇന്ത്യൻ ക്ലബ്ബിന് ആശ്വാസമാകും
.
സംഘർഷഭരിതമായ നാട്ടിൽ നിന്നും വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇറാഖി ക്ലബ്ബിന്റെ വരവ്. ഏഷ്യയിലെ ചാമ്പ്യൻമാരാകാനുള്ള കലാശപ്പോരാട്ടത്തിൽ വിജയം ആർക്കൊപ്പം... കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം.

Read More >>