മെസിയുടെയും സുവാരസിന്റെയും ഗോളില്‍ ബാഴ്സയ്ക്ക് വിജയം, സെവില്ലയ്ക്കെതിരെ ജയം 2-1 ന്

ആദ്യപകുതിയുടെ അവസാന നിമിഷം 43-ആം മിനുറ്റില്‍ മെസിയും രണ്ടാം പകുതിയുടെ തുടക്കത്തില്‍ 61-ആം മിനുറ്റില്‍ സുവാരസും തിരിച്ചടിച്ച് ബാഴ്സയ്ക്ക് വിജയം കൊണ്ടുവരികയായിരുന്നു.

മെസിയുടെയും സുവാരസിന്റെയും ഗോളില്‍ ബാഴ്സയ്ക്ക് വിജയം, സെവില്ലയ്ക്കെതിരെ ജയം 2-1 ന്

സെവില്ല: ലയണല്‍ മെസിയുടെയും ലൂയിസ് സുവാരസിന്റെയും ഗോളില്‍ സെവില്ലയ്ക്കെതിരെ ബാഴ്സലോണയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം. 15-ആം മിനുറ്റില്‍ വിറ്റലോ ആദ്യം ഗോള്‍ നേടി സെവില്ലയെ മുന്‍പിലെത്തിച്ച ശേഷമാണ് ബാഴ്സ വിജയം കൈപ്പിടിയിലൊതുക്കിയത്. ആദ്യപകുതിയുടെ അവസാന നിമിഷം 43-ആം മിനുറ്റില്‍ മെസിയും രണ്ടാം പകുതിയുടെ തുടക്കത്തില്‍ 61-ആം മിനുറ്റില്‍ സുവാരസും തിരിച്ചടിച്ച് ബാഴ്സയ്ക്ക് വിജയം കൊണ്ടുവരികയായിരുന്നു.


മികച്ച തുടക്കമാണ് ജോര്‍ഗ് സമ്പോലിയുടെ കുട്ടികള്‍ക്ക് ലഭിച്ചത്. സെര്‍ജി റോബെര്‍ട്ടോ വരുത്തിയ പ്രതിരോധപ്പിഴവ് മുതലെടുത്തായിരുന്നു വിറ്റലോയുടെ ആദ്യഗോള്‍ ബാഴ്സയുടെ വലയില്‍ പതിച്ചത്. പക്ഷെ ഈ ലീഡ് ആദ്യപകുതിക്ക് അപ്പുറം കൊണ്ടുപോകാന്‍ സെവില്ലയ്ക്ക് കഴിഞ്ഞില്ല. സെവില്ലയ്ക്കെതിരെയുള്ള തന്റെ 27-ആം ഗോള്‍ കണ്ടെത്തിയതിലൂടെ ബാഴ്സയെ മെസി ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ ലൂയിസ് സുവാരസ് കൂടി സെവില്ലയുടെ ഗോള്‍ വല ചലിപ്പിച്ചതോടെ വിജയം കൈയെത്തിപ്പിടിച്ചു.

ആക്രമിക്കാനൊരുങ്ങിയായിരുന്നു സെവില്ല കളത്തിലിറങ്ങിയത്. കളി തുടങ്ങി 30 സെക്കന്റുകള്‍ക്കകം തന്നെ സെവില്ല നടത്തിയ ആക്രമണ നീക്കം ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റീഗന്‍ തടഞ്ഞിട്ടു. ബോക്സിന്റെ മൂലയില്‍ നിന്നും മഷെറാനോയെ ലൂസിയാനോ വിയറ്റോ കബളിപ്പിച്ച് മുന്നേറിയ പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ചെങ്കിലും ഗോളി ബാഴ്സയ്ക്ക് രക്ഷകനായി. മിനുറ്റുകള്‍ക്കകം മെസി - നെയ്മര്‍ - സുവാരസ് സഖ്യം മുന്നേറ്റം നടത്തിയെങ്കിലും സെവില്ല ഗോളി സെര്‍ജിയോ റിക്കോ രക്ഷകനായി.

എന്നാല്‍ 15-ആം മിനുറ്റില്‍ പാബ്ലോ സരാബിയയില്‍ നിന്നുള്ള പന്ത് പ്രതിരോധിക്കുന്നതില്‍ സെര്‍ജി റോബെര്‍ട്ടോ വരുത്തിയ പിഴവ് മൂലം പന്ത് വിറ്റലോയ്ക്ക് കിട്ടി. പിഴവുകളില്ലാതെ ഗോളി സ്റ്റീഗനെ മറികടന്ന് വിറ്റലോ വലയ്ക്കുള്ളിലെത്തിച്ചതോടെ ആതിഥേയര്‍ മുന്നിലെത്തി. അത്യുഗ്രന്‍ പ്രത്യാക്രമണത്തോടെയായിരുന്നു ബാഴ്സ സമനില കണ്ടെത്തിയത്. പന്തുമായി മുന്നേറിയ നെയ്മര്‍ ബോക്സില്‍ നിന്നും പരീക്ഷണത്തിന് നില്‍ക്കാതെ മെസിക്ക് നല്‍കി. ബോക്സിന് പുറത്തുനില്‍ക്കുകയായിരുന്ന മെസി ബോക്സിന്റെ ഇടത്തെ മൂലയില്‍ പന്ത് എത്തിച്ചതോടെ കളി 1-1. പിന്നീട് 61-ആം മിനുറ്റില്‍ മെസിയുടെ പാസില്‍ സുവാരസ് പന്ത് വലയുടെ വലത്തെ മൂലയില്‍ എത്തിച്ചപ്പോള്‍ കളിയില്‍ ബാഴ്സയ്ക്ക് ലീഡ്. പിന്നീട് ഇരുവശത്തേക്കും ആക്രമണ - പ്രത്യാക്രമണങ്ങള്‍ നടന്നെങ്കിലും ഗോള്‍ നിലയില്‍ മാറ്റമുണ്ടായില്ല. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡാണ് ഒന്നാമത്.

Read More >>