ബാങ്കുകള്‍ ഈ ശനിയും ഞായറും പ്രവര്‍ത്തിക്കും

500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ പുതിയ നോട്ടുകള്‍ മാറ്റി നല്‍കാനാണ് ആര്‍ബിഐയുടെ നടപടി. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

ബാങ്കുകള്‍ ഈ ശനിയും ഞായറും പ്രവര്‍ത്തിക്കും

രാജ്യത്തെ ബാങ്കുകള്‍  ഈ ശനിയും ഞായറും പ്രവര്‍ത്തിക്കും. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ പുതിയ നോട്ടുകള്‍ മാറ്റി നല്‍കാനാണ് ആര്‍ബിഐയുടെ നടപടി. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, 500, 1000 രൂപാ നോട്ടുകള്‍ കൈവശമുള്ളവര്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും പണം നഷ്ടപ്പെടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ പണം നാളെ ബാങ്കുകള്‍ സ്വീകരിക്കും. ഇടപാടുകാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ ഈ പണം നിക്ഷേപിക്കാം. കൂടിയ തുകക്ക് തിരിച്ചറിയല്‍ രേഖകളും സ്റ്റേറ്റ്‌മെന്റുകളും നല്‍കേണ്ടി വരും. ഡിസംബര്‍ 30തു വരെയാണ് ഇതിന് സൗകര്യമുണ്ടാകുക. എങ്കിലും നാളെ ബാങ്കുകളില്‍ വന്‍ തിരക്കുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും തീരുമാനമുണ്ട്.

പണം നിക്ഷേപിക്കാനും നിശ്ചിത തുക പിന്‍വവലിക്കാനും ബാങ്കുകളില്‍ നാളെ അവസരമുണ്ടാകും.

100 രൂപ നോട്ടുകള്‍ക്ക് പലയിടത്തും ക്ഷാമമുള്ളതിനാല്‍ ബാങ്കുകളോട് ഇവ പരമാവധി ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ എടിമ്മുകളില്‍ 100 രൂപ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. എടിഎമ്മുകളിലുള്ള 500, 1000രൂപ നോട്ടുകള്‍ പിന്‍വലിച്ച് 100 രൂപ നിറക്കുന്ന നടപടികള്‍ ഏജന്‍സികള്‍ ആരംഭിച്ചുകഴിഞ്ഞു. അതോടൊപ്പം, പുതിയ 2000 രൂപയുടെ നോട്ടുകള്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. പുതിയ 500 രൂപ നോട്ടുകള്‍ അടുത്ത ദിവസം എത്തും.

പുതിയ നോട്ടുകളുടെ വിന്യാസത്തിനായി ഇന്ന് ബാങ്കുകള്‍ അവധിയായിരുന്നു. എന്നാല്‍ ഇനി മുതലുള്ള ദിവസങ്ങളില്‍ കൈയിലുള്ള 500, 1000 രൂപകള്‍ മാറാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലെത്തുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ആര്‍ബിഐയുടെ നടപടി. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

Read More >>