പഴയ നക്‌സലിസത്തിന് സുല്ല്: നോട്ട് നിരോധനത്തില്‍ മോദിക്ക് കയ്യടിച്ച് ജോയ് മാത്യു

പണ്ട് നക്‌സല്‍ നിലപാടുള്ളയാളെന്ന നിലയിലും പ്രശസ്തനായ നടന്‍ ജോയ് മാത്യു കളളപ്പണം കൈയിലുള്ളവര്‍ക്ക് മോദി കൊടുത്തത് ഇരുട്ടടിയെന്ന നിലയില്‍ കയ്യടി പോസ്റ്ററിട്ടു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ആദ്യ സെലിബ്രിറ്റി പോസ്റ്റ് മോദി അനുകൂലികള്‍ വൈറലാക്കുന്നു.

പഴയ നക്‌സലിസത്തിന് സുല്ല്: നോട്ട് നിരോധനത്തില്‍ മോദിക്ക് കയ്യടിച്ച് ജോയ് മാത്യു

500ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കൈയടിച്ചു സ്വീകരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. കണക്കില്‍പ്പെടാത്ത കളളപ്പണം കൈയില്‍ വയ്ക്കുന്നവര്‍ക്ക് മോദി നല്‍കിയ ഇരുട്ടടിയാണ് കറന്‍സി നിരോധനമെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകാമെങ്കിലും മനുഷ്യനന്മയെയും രാഷ്ട്രപുരോഗതിയും ലക്ഷ്യം വച്ച് നടപ്പാക്കപ്പെടുന്ന നല്ല വശങ്ങളെ കാണാതിരിക്കുന്നത് ആത്മവഞ്ചനയാകുമെന്നും ജോയ് മാത്യു പറയുന്നു. രാഷ്ട്രീയ നിലപാടുകളില്‍ വിജോയിപ്പുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമ്പദ് ഘടനയില്‍ നടത്തിയ ഒരു ഉടച്ചുവാര്‍ക്കലിന്റെ മുന്നോടിയായി വേണം ഇതിനെ കാണേണ്ടതെന്നും ജോയ് മാത്യു പറയുന്നു.


സാമ്പത്തിക ശേഷി മെച്ചപ്പെടുത്താന്‍ എന്ന ഭാവേന സാമ്പത്തിക വിദഗ്ധര്‍ എന്ന് ലോകം ആഘോഷിച്ച ഭരണകര്‍ത്താക്കള്‍ ഓരോ വര്‍ഷത്തെയും ബജറ്റിലൂടെ സാധാരണക്കാരെ കൂടുതല്‍ പിഴിയാമെന്നതില്‍ കൂടുതല്‍ ഒന്നും ചിന്തിച്ചിരുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് മോദിയെന്ന പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി നാം കാണുന്നതെന്നും ജോയ് മാത്യു കുറിക്കുന്നു.

ഈ തീരുമാനത്തിലൂടെ സാധാരണക്കാര്‍ക്കും നേരാംവണ്ണം നികുതി അടയ്ക്കുന്നവര്‍ക്കും തെല്ലും ആശങ്കപ്പെടേണ്ട കാര്യമില്ല. പലിശക്കാര്‍, മയക്കുമരുന്നു കച്ചവടക്കാര്‍, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ കുഴല്‍പ്പണ മാഫിയകള്‍, ക്വട്ടേഷന്‍-കള്ളക്കടത്തുസംഘങ്ങള്‍, തീവ്രവാദ - ഭീകര സംഘടനകള്‍. ഭൂമാഫിയകള്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കണമെന്ന ഗൂഢലക്ഷ്യത്തോടെ അയല്‍ രാജ്യങ്ങളുടെ സഹായത്തോടെ വന്‍ തോതില്‍ അച്ചടിച്ച് ഇന്‍ഡ്യന്‍ മാര്‍ക്കറ്റിലേക്കെത്തിക്കുന്ന കള്ളനോട്ടടിക്കാരായ രാജ്യദ്രോഹസംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് മോദി നല്‍കിയ ഇരുട്ടടിയാണ് കറന്‍സി നിരോധനമെന്നും ജോയ് മാത്യു കുറിക്കുന്നു.

ഇന്‍ഡ്യയില്‍ കറന്‍സി നിരോധനത്തിലൂടെ കള്ളപ്പണത്തിനു തടയിടാനുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യചുവടുവെപ്പ് കയ്യടി അര്‍ഹിക്കുന്നു. എന്നാല്‍ വിദേശബാങ്കുകളില്‍ പുതച്ചു മൂടി കിടക്കുന്ന രാജ്യത്തെ താപ്പാനകളുടെ കോടിക്കണക്കിനു പണം ഇന്‍ഡ്യയിലേക്ക് കൊണ്ടുവരുമെന്ന മോദിയുടെ മുന്‍ വാഗ്ദാനം നടപ്പാക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ കിട്ടിയ കയ്യടിക്ക് അര്‍ത്ഥമുണ്ടാകുകയെന്നും ജോയ് മാത്യു പോസ്റ്റില്‍ തുടരുന്നു.