അട്ടപ്പാടിയിലെ ശിശുമരണം; പണമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതായി പിതാവ്

അട്ടപ്പാടി കല്‍ക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ഊരിലെ ബിജു- സുനിത ദമ്പതികളുടെ പത്തു മാസം പ്രായമുള്ള ശക്തിയെന്ന ആണ്‍കുഞ്ഞാണ് മരിച്ചത്.

അട്ടപ്പാടിയിലെ ശിശുമരണം; പണമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതായി പിതാവ്

പാലക്കാട്: അട്ടപ്പാടിയില്‍ മരണപ്പെട്ട ആദിവാസി കുഞ്ഞിന് പണമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രി ചികില്‍സ നിഷേധിച്ചതായി പിതാവ്. അട്ടപ്പാടി കല്‍ക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ഊരിലെ ബിജു- സുനിത ദമ്പതികളുടെ പത്തു മാസം പ്രായമുള്ള ശക്തിയെന്ന ആണ്‍കുഞ്ഞാണ് മരിച്ചത്.

'ഇന്നലെ രാവിലെ ഞാന്‍ അടയ്ക്കാ പറിക്കാന്‍ പോയിരുന്നു. ഞാന്‍ പോയി കുറച്ചുകഴിഞ്ഞപ്പോള്‍ കുഞ്ഞിന് ഛര്‍ദ്ദിയും വയറിളക്കവും തുടങ്ങി. വീട്ടില്‍ ഭാര്യ സുനിത മാത്രമാണുണ്ടായിരുന്നത്. അടുത്തൊന്നും വീടുകളില്ലായിരുന്നു. വൈകീട്ടുവരെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിച്ചില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറേയില്ല. ഈ ഭാഗത്തുള്ള ട്രൈബല്‍ ഓഫീസറെ അറിയിച്ചെങ്കിലും വന്നുനോക്കാമെന്ന മറുപടിയാണ് ലഭിച്ചത്.

രാത്രി ഏഴരമണിയോടെ ഞാന്‍ കുഞ്ഞിനെ കല്‍ക്കണ്ടി മോണിങ്ങ് സ്റ്റാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ മരുന്നിനും മറ്റുമായി 280 രൂപ വേണമെന്ന് പറഞ്ഞു. എന്റെ കയ്യില്‍ 100 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പൊയ്ക്കോളൂ, മരുന്നു തരില്ലെന്ന് അവിടത്തെ നേഴ്സ് പറഞ്ഞു.

ഞാന്‍ കൂട്ടുകാരന്റെ അടുത്തുപോയി ബാക്കി രൂപ കടംവാങ്ങി ആശുപത്രിയില്‍ കൊടുത്തു. ഈ മരുന്ന് കൊടുത്തിട്ട് മാറിയില്ലെങ്കില്‍ നാളെ വന്ന് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞു. രാവിലെ കുട്ടിക്ക് പിന്നേയും വയ്യാതായി. വേഗം കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നാണ് പറഞ്ഞത്.

വരുമ്പോള്‍ വണ്ടിയില്‍ വെച്ചും കുഞ്ഞ് കരഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പേ കുഞ്ഞ് മരിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും അവിടത്തെ ഡോക്ടര്‍ പ്രഭുദാസ് പറഞ്ഞു'-

മരിച്ച കുഞ്ഞിന്റെ അച്ഛന്‍ ബിജുവാണ് ഇക്കാര്യം നാരദ ന്യൂസിനോട് പറഞ്ഞത്.

a3

മരണസമയത്ത് കുഞ്ഞിന്റെ വായില്‍ കഞ്ഞിയോ മറ്റോ ഒഴിച്ചുകൊടുത്തത് ശ്വാസകോശത്തിലേക്ക് പോയോ എന്നറിയാനാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നതെന്നാണ് ഡോക്ടറുടെ ഭാഷ്യം. പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നിയപരമായ ബാധ്യത എന്ന നിലയിൽ മരണകാരണം കണ്ടെത്താൻ പോസ്റ്റമോർട്ടം നടത്തിയാലേ കഴിയൂ എന്നതിനാൽ ഈ ആവശ്യം ആശുപത്രി അധികൃതര്‍ നിരസിക്കുകയായിരുന്നു. വൈകിട്ട് നാലരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തി.

വീഡിയോ കാണാം

https://youtu.be/X14GoTsx6hM