ചുവട് വച്ച് അശ്വതി; മനം മറന്ന് യുഎഇ

അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററിലാണ് അശ്വതിയുടെ നൃത്താവതരണം അരങ്ങേറിയത്.

ചുവട് വച്ച് അശ്വതി; മനം മറന്ന് യുഎഇ

ഭരതനാട്യം കലാകാരിയും പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ മകളുമായ അശ്വതിയുടെ ചുവടുകള്‍ക്ക് യുഎഇ സാക്ഷ്യം വഹിച്ചു. അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററില്‍ കാവാലം നാരായണ പണിക്കരുടെ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ്‌ അശ്വതിയുടെ നൃത്താവതരണം അരങ്ങേറിയത്. യുഎഇയില്‍ ആദ്യമായാണ് അശ്വതി മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.

അമ്മയെ പിന്തുടര്‍ന്നാണ് അശ്വതി നൃത്തലോകത്തേക്ക് ചുവട് വച്ചത്. പിന്നീട് കുച്ചിപ്പുടി, വെണ്‍പതി ചിന്ന സത്യത്തില്‍ നിന്നും ഭരതനാട്യം ഭര്‍ത്താവ് ശ്രീകാന്തില്‍നിന്നും ഒപ്പം അമ്മയില്‍നിന്നുമാണ് അശ്വതി പഠിച്ചെടുത്തത്.


'എന്റെ നൃത്താവതരണത്തില്‍ ആദ്യ പകുതിയോളം ഭരതനാട്യത്തിന്റെ പാരമ്പര്യ രൂപമായ ചൊല്‍കെട്ടിലും കീര്‍ത്തനത്തിലും രണ്ടാം പകുതി അശ്വതിയുടെ തന്നെ അവതരണമായ അംബയില്‍നിന്നും തുടങ്ങി ശിഖണ്ഡിയിലുമാണ് അവസാനിക്കുന്നത്' അശ്വതി നാരദ ന്യൂസിനോട് പറഞ്ഞു.

'സ്ത്രീകളെ ആസ്പദമാക്കിയുള്ള അവതരണമാണിത്. മഹാഭാരതത്തിലെ കഥാപാത്രനമായ അംബയുടെ ശിഖണ്ഡിയിലേക്കുള്ള പരിണാമമാണ് തന്റെ അവതരണത്തിലുടനീളം'അശ്വതി പറഞ്ഞു.

അമേരിക്ക, കാനഡ, ഫ്രാന്‍സ് തുടങ്ങിയ ഇടങ്ങളില്‍ അശ്വതി ഇതിനുമുമ്പ് മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.

കാവാലത്തോടുള്ള ബഹുമാനസൂചകമായി ഡോക്യുമെന്ററി 'സ്പാഷ്യല്‍ റിഥം' വേദിയില്‍ പ്രദര്‍ശ്ശിപ്പിക്കും.

കേരളത്തിലെ കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം നല്‍കിയ ലാസ്യതരംഗിണിയെന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഉദ്ഘാടന പരിപാടികൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മോഹിനിയാട്ടം കലാകാരന്‍ന്മാരെ സംരക്ഷിക്കുകയാണ് കൂട്ടായ്മയുടെ ഉദ്ദേശം.

കലാമണ്ഡലം ക്ഷേമാവതി, ഭാരതി ശിവജി, നീന പ്രസാദ്, ഗോപിക വര്‍മ്മ, സ്മിതാ രാജന്‍ എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.