'സഹകരണം' എങ്ങനെ അവരുടെ കണ്ണിലെ കരടായി ?

ബിജെപി എമാന്മാര്‍ പറയുന്ന ഇന്ത്യയിലെ അഴിമതിവീരന്മാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്ഥാപങ്ങള്‍ അല്ല സഹകരണ പ്രസ്ഥാനങ്ങള്‍. വ്യക്തമായ യോഗ്യതയുള്ള അംഗങ്ങളെ മാത്രമാണ് സഹകരണസ്ഥാപങ്ങളില്‍ അംഗമാകുക. ഫാസിസത്തിന്റെ ആജന്മശത്രുവായ അഭിപ്രായസ്വതന്ത്രവും ജനാധിപത്യമായ തിരഞ്ഞെടുപ്പും സഹകാരണസ്ഥാപങ്ങളില്‍ നടപ്പാക്കുന്നു. വര്‍ഷം തോറുമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനൊപ്പം ടെസ്റ്റ് ഓഡിറ്റും നടത്തപ്പെടുന്നു

ഹരിത തമ്പി

ഇന്ന് സഹകരണ ഹര്‍ത്താല്‍. സംസ്ഥാനത്തിലെ സഹകരണ സംഘങ്ങള്‍ എല്ലാംതന്നെ അടഞ്ഞുകിടക്കും. ജില്ലാകേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. സഹകരണ മേഖലയെ തകര്‍ക്കാന്‍ കാരണമാകുന്ന റിസര്‍വ് ബാങ്ക് നടപടികള്‍ക്ക് എതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. സഹകരണ പ്രസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടണമെന്നുള്ളത് ചിലരുടെ അപ്രഖ്യാപിത ലക്ഷ്യം ആണെന്നും അതിലേക്കുള്ള കരുനീക്കങ്ങളാണ് നടത്തപ്പെടുന്നത് എന്നുമുള്ള നിഗമനങ്ങളിലേക്കാണ് സമീപകാല സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.


അധ്വാനിച്ചുണ്ടാക്കിയ പണം ഒരു രാത്രികൊണ്ട് ഒന്നുമല്ലാതായതു കണ്ടു ജനം അങ്കലാപ്പിലായ സമയത്തുതന്നെ ബിജെപി വാഴ വെട്ടാന്‍ ഇറങ്ങി. സഹകരണ ബാങ്കുകളില്‍ മുഴുവന്‍ കള്ളപ്പണം ആണ്, കള്ളപ്പണം വെളുപ്പിക്കുന്ന ഏജന്‍സികളാണ് സഹകരണ ബാങ്കുകള്‍ തുടങ്ങിയ ആരോപണങ്ങളുമായി ബിജെപി വക്താക്കള്‍ രംഗത്തെത്തി. ഒരു പഞ്ചായത്തോ ഒരു താലൂക്കോ ഏതാനും വാര്‍ഡുകളോ പ്രവര്‍ത്തനപരിധിയായുള്ള സഹകരണ ബാങ്കുകളെക്കുറിച്ചാണ് ഈ ആരോപണമെന്ന് ഓര്‍ക്കണം. സാധാരണക്കാരായ ജനങ്ങള്‍ 100 രൂപ ഓഹരി സമാഹരിച്ചു കെട്ടിപ്പൊക്കിയ സഹകരണ സ്ഥാപനങ്ങളില്‍ ചെറിയ തോതിലുള്ള വായ്പാ പ്രവര്‍ത്തങ്ങളും നിക്ഷേപപദ്ധതികളുമാണ് നടപ്പാക്കുന്നത്. അല്ലാതെ ആഗോള ഭീമന്മാരും അധോലോക നായകരും കള്ളപ്പണം നിക്ഷേപിക്കാന്‍ വരുന്ന സ്ഥലമല്ല എന്ന് സംഘപരിവാറിന് അറിയാതെ അല്ല; മറിച്ചു പ്രസ്ഥാനത്തെ പറ്റി ദുഷ്പ്രചാരണങ്ങള്‍ നടത്തി അതു തകര്‍ക്കേണ്ടത് അവരുടെ പ്രൊപ്പഗണ്ടയാണ്.

കൈയിലിരുന്ന കറന്‍സി വെറും കടലാസ് ആയതു കണ്ട ജനത, സഹകരണ ബാങ്കിനെ എന്നല്ല മുമ്പു വിശ്വസിച്ചിരുന്ന യാതൊന്നിനെയും വിശ്വസിക്കാനാവാത്ത സമയമാണെന്നു വിചാരിച്ചു. എല്ലാ ബാങ്കിലും നാട്ടുകാര്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയതുപോലെ സഹകരണ ബാങ്കിനു മുമ്പിലും നീണ്ട നിരകള്‍ വന്നുതുടങ്ങി. വാണിജ്യബാങ്കുകള്‍ക്ക് മുമ്പിലെ വരി കൈയിലുള്ള പണം നിക്ഷേപിക്കാനും ആവശ്യത്തിന് എടുക്കാനും ആണെങ്കില്‍ സഹകരണബാങ്കിന് മുമ്പിലെ വരി തങ്ങളുടെ പണം എത്രയും പെട്ടെന്നു പിന്‍വലിക്കാന്‍ മാത്രമായിരുന്നു. ക്രമാതീതമായി നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ പല പ്രാഥമിക സഹകരണസംഘങ്ങളും കടുത്ത പ്രതിസന്ധിയിലായി.

തീര്‍ന്നില്ല. യാതൊരു മുന്‍കരുതലും ആലോചനയും ഇല്ലാതെ എടുത്ത തുഗ്ലക്ക് പരിഷ്‌കരണത്തിന്റെ കെടുതി തകര്‍ച്ചയുടെ വക്കിലെത്തിയ സഹകരണ പ്രസ്ഥാനത്തിന്റെ അന്ത്യം കുറിക്കുന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പിന്നാലെയെത്തി. ജില്ലാബാങ്കുകള്‍ക്ക് പഴയ നോട്ട് (500/1000) ഡെപ്പോസിറ്റ് ആയി സ്വീകരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ നിക്ഷേപം തിരിച്ചുനല്‍കാം. അതിനു ആവശ്യമായ പുതിയ നോട്ടുകള്‍ വാണിജ്യബാങ്കുകളില്‍ നിന്നും ലഭിക്കും.

ജനം വീണ്ടും അങ്കലാപ്പില്‍ ആയി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ സഹകരണമേഖലയിലെ അര്‍ബന്‍ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും മാത്രമേയുള്ളു. ഇവരുടെ പങ്കാളിത്വം ആകട്ടെ കഷ്ടിച്ച് 10% മാത്രം. പണം നഷ്ടമാകുമോ എന്ന പേടിയില്‍ സഹകരണ ബാങ്കുകളുടെ മുന്നില്‍ വരിചേരുന്ന ജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നതേയുള്ളൂ. മേഖലയുടെ തകര്‍ച്ച സംഘപരിവാര്‍ കണക്കുകൂട്ടിയതു പോലെ വളരെ അടുത്തുതന്നെയാണ്.

സംഘപരിവാറിന്റെ കണ്ണിലെ കരടുകള്‍ക്കു ഒരു സാമ്യം ഉണ്ട്; രാഷ്ട്രീയ ബോധം !
ആ കണക്കിനു നോക്കിയാല്‍ പാവയ്ക്കാ വലുപ്പത്തില്‍ കിടക്കുന്ന ഈ കൊച്ചു കേരളം ആണ് ഏറ്റവും വലിയ കരട് എന്നു തന്നെ പറയാം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വലിയ ഭൂപ്രഭുക്കന്മാരെയും, ശവം ചുമന്നു കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്ന ഗ്രാമീണ ജനതയെയും ഓര്‍ക്കുക. അവിടെ ജനതയ്ക്ക് ഇല്ലാത്തത് പണം മാത്രമല്ല. വിദ്യാഭ്യാസവും രാഷ്ട്രീയബോധവും അടക്കമുള്ള പലതുമാണ്. അവിടെ ഇന്നും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ഉണ്ട്. മേലാളരും കീഴാളരുമുണ്ട്. മൂലധനത്തിന്റെ വലിയ കേന്ദ്രീകരണവും ഉണ്ട്.

ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ വികസിതരാഷ്ട്രങ്ങളോട് താരതമ്യപെടുത്തുന്ന കേരളത്തിലെ അവസ്ഥ അതല്ല. ബംഗാളികളെയും ബീഹാരികളെയും വരുത്തിയാണ് ഇവിടെ, നിലവാരം കുറഞ്ഞതെന്നു സമൂഹം അടയാളപ്പെടുത്തുന്ന ജോലികള്‍ ചെയ്യിപ്പിക്കുന്നത്. മലയാളി എങ്ങനെ മലയാളി ആയി എന്ന ചരിത്രത്തിന് ബിജെപിക്കു കേരള നിയമസഭയില്‍ ചന്തികുത്താന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തുനില്‍ക്കേണ്ടി വന്നു എന്ന ഉത്തരവും പറഞ്ഞുകൊടുക്കാന്‍ സാധിക്കും.

കീഴ്ജാതി വിഭാഗങ്ങളെ അടിച്ചമര്‍ത്തി അവരുടെ അധ്വാനത്തിന്റെ ഫലം പിടിച്ചുപറ്റി സുഖിച്ചു ജീവിച്ചിരുന്ന ഒരു വിഭാഗം ഭൂവുടമകളില്‍ നിന്നും പണിയെടുക്കുന്ന വിഭാഗത്തിന് ഭൂമി നേടിക്കൊടുത്ത ഒരു വിപ്ലവകരമായ മുന്നേറ്റം ആയിരുന്നു ഭൂപരിഷ്‌കരണം. ഒരു തുണ്ട് ഭൂമി ലഭ്യമായത് കൊണ്ടു തീരുന്നതല്ല ഒരു പാവപ്പെട്ടവന്റേയും പ്രശ്‌നമെന്ന് നമുക്കറിയാം. കൊച്ചു കൊച്ചു തുകയ്ക്ക് വേണ്ടി അവന്റെ കൈയില്‍ നിന്നും പണയമായി വാങ്ങുന്ന ഭൂമി സമൂഹത്തിലെ സമ്പന്ന വരേണ്യവര്‍ഗത്തിന് പിന്നെയും കൈവശപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും കാണില്ല.

പാവപ്പെട്ടവന്‍ പിന്നെയും പാവപ്പെട്ടവന്‍ ആയും പണക്കാരന്‍ വീണ്ടും പണക്കാരനായും തുടരാമായിരുന്ന സമ്പദ്‌വ്യവസ്ഥക്ക് നെടുംതൂണായി വളര്‍ന്നുവന്നത് സഹകരണ പ്രസ്ഥാനങ്ങള്‍ ആണ്. 'എല്ലാവരും ഓരോരുത്തര്‍ക്കും ഓരോരുത്തരും എല്ലാവര്‍ക്കും' എന്ന ദര്‍ശനവുമായി മുന്നോട്ടുവന്ന പ്രസ്ഥാനത്തെ പരിപോഷിക്കാന്‍ അതതുകാലത്തെ കേരളസര്‍ക്കാരുകളും ശ്രദ്ധചെലുത്തിയിരുന്നു. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ ഒന്നുംതന്നെ കാണാത്ത മികവോടെ സഹകരണ പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നുവന്നു.

സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്ക് കുറച്ചുകൂടി പ്രാപ്യമായതായിരുന്നു. തങ്ങള്‍ തന്നെ അഞ്ചു പൈസ, പത്തു പൈസ നിരക്കില്‍ ഓഹരി സമാഹരിച്ചു തുടങ്ങിയ സ്ഥാപനങ്ങള്‍ എന്ന അഭിമാനമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. തങ്ങളുടെ ആവശ്യത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും നബാര്‍ഡ്, എന്‍സിഡിസി, സിഡ്ബി
പോലുള്ള സ്ഥാപനങ്ങളുടെ സഹായവും എല്ലാം തന്നെ സാധാരണക്കാരന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് വലിയൊരു പരിഹാരമായി സഹകരണസ്ഥാപനങ്ങളെ വളര്‍ത്തി.

വട്ടിപ്പലിശക്കാരന്റെ ഭീഷണിയില്‍ നിന്നും ഇടനിലക്കാരന്റെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാനും അവനു ന്യായവില നേടിക്കൊടുക്കാനും സഹകരണ പ്രസ്ഥാനങ്ങള്‍ പ്രത്യേകം ശ്രദ്ധചെലുത്തി. ജനങ്ങളാല്‍ രൂപീകരിക്കപ്പെട്ട് ജനങ്ങളാല്‍ നടത്തപ്പെടുന്ന സഹകരണ സ്ഥാപനങ്ങളില്‍ ഭരണസമിതിയിലെ എസ് സി/എസ് ടി സംവരണം, ജാതീയമായി സമൂഹം പിന്നോട്ടുവലിച്ച വിഭാഗത്തിന് ഭരണപരമായ അവസരങ്ങളും നേതൃത്വഗുണവും വളര്‍ത്തുന്നതിന് അവസരം നല്‍കി. കൂടാതെ എസ് സി/എസ് ടി സഹകരണസംഘങ്ങള്‍ രൂപീകരിച്ചത് ദളിത് വിഭാഗളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകമായി.

ബിജെപി എമാന്മാര്‍ പറയുന്ന ഇന്ത്യയിലെ അഴിമതിവീരന്മാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്ഥാപങ്ങള്‍ അല്ല സഹകരണ പ്രസ്ഥാനങ്ങള്‍. വ്യക്തമായ യോഗ്യതയുള്ള അംഗങ്ങളെ മാത്രമാണ് സഹകരണസ്ഥാപങ്ങളില്‍ അംഗമാകുക. ഫാസിസത്തിന്റെ ആജന്മശത്രുവായ അഭിപ്രായസ്വതന്ത്രവും ജനാധിപത്യമായ തിരഞ്ഞെടുപ്പും സഹകാരണസ്ഥാപങ്ങളില്‍ നടപ്പാക്കുന്നു. വര്‍ഷം തോറുമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനൊപ്പം ടെസ്റ്റ് ഓഡിറ്റും നടത്തപ്പെടുന്നു. കാര്‍ഷിക സഹകരണ സംഘങ്ങള്‍ നബാര്‍ഡിന്റെ നിയന്ത്രണത്തിലുമാണ്. കൂടാതെ ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിജിലന്‍സ് പരിശോധനയും നടക്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ ആലിബാബയുടെ ഗുഹ ആണെന്ന് പറഞ്ഞുനടക്കുന്നവരുടെ ഉദ്ദേശം കേരളത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കല്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതിയാകും.

സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന സവര്‍ണ്ണ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് ഈ നാട്ടില്‍ മണ്ണില്ലാതെ പോയത് ഇവിടത്തെ താഴേതട്ടിലുള്ള ജനങ്ങളുടെ ഉന്നതിയാണ്. അവന്റെ വിദ്യാഭ്യാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും മേലാളര്‍ക്ക് മുന്നില്‍ കൈനീട്ടേണ്ട ആവശ്യമില്ലായ്മയും അവരുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സഹകരണപ്രസ്ഥാനങ്ങളുടെ തകര്‍ച്ച സംഘപരിവാറിന്റെ ആവശ്യമാണ്. കാരണം അത് കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചക്കും കേരളത്തിന്റെ മൊത്തമായ പിന്നോട്ടു നടത്തത്തിനും കേന്ദ്രത്തിന്റെ ചൊല്‍പ്പടിക്ക് വരലിനും കാരണമാകുമല്ലോ.

അവര്‍ക്ക് പിന്നെയും ചാരുകസേരയില്‍ മലര്‍ന്നുകിടന്നിട്ട് മുന്നില്‍ കാണിക്ക കൊണ്ടുവരുന്ന കീഴാളനെ നോക്കി നീട്ടി തുപ്പി നാട്ടുവിശേഷം ചോദിക്കണമത്രെ... !